by News Desk 6 | November 14, 2020 5:28 am
പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്ടോക്കും. ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും പ്രവര്‍ത്തനം. ഇന്ത്യയില്‍ ടിക്ക്ടോക്കിന് വലിയ വളര്‍ച്ച നേടാനാകുമെന്നും ടിക്ക്ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പബ്ജി തിരിച്ചെത്തുന്ന വിവരം ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്പ്പറേഷന് ഔദ്യോഗികമായി അറിയിച്ചത്. ഉള്ളടക്കത്തിലുള്‍പ്പടെ അടിമുടി മാറ്റവുമായാണ് പുതിയ പബ്ജി ഗെയിം എത്തുക. പബ്ജിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്തിരുന്ന ടെന്‍സന്റ് ഗെയിംസുമായുള്ള കരാര്‍ പബ്ജി കോര്പ്പറേഷന് പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഇതോടെ നേരത്തെയുണ്ടായിരുന്ന പബ്ജി ഗെയിം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകില്ല. പുതിയ ഗെയിം പൂര്‍ണ്ണമായും പ്രാദേശിക ചട്ടങ്ങള്‍ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കള്‍ക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതാണെന്നും പബ്ജി കോര്പ്പറേഷന് പറയുന്നു.
ഇന്ത്യയില്‍ പുതിയ ഓഫീസ് ആരംഭിക്കാനും പബ്ജി കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്. പബ്ജി കോര്‍പ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയില്‍ ഏകദേശം 746 കോടി രൂപയുടെ നിക്ഷേപമാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടിക്ക് ടോക്കും തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ജൂണിലാണ് ടിക്ക്ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്.
Source URL: https://malayalamuk.com/tik-tok-india-2/
Copyright ©2021 Malayalam UK unless otherwise noted.