പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ സ്വന്തം വസതിയിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഫിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ടിക് ടോകിലും, ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് റാഫി ഷെയ്ഖ്. എന്നാല്‍ റാഫി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. റാഫിയുടെ സൂഹൃത്തുക്കളായ ചിലര്‍ ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

കുറച്ച് ദിവസം മുമ്പ് റാഫിയെ ചില സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കഫേ കോഫി ഡേയില്‍ ഒരു പെണ്‍കുട്ടിയെ കാണാന്‍ റാഫി പോയിരുന്നു. അതിന് ശേഷം നാരായണ റെഡി പേട്ടയില്‍ തന്റെ സുഹൃത്തുക്കളെ കാണാനും പോയി.

അവിടെ പോയി തിരികെ വന്നപ്പോള്‍ മര്‍ദ്ദനേറ്റ നിലയിലായിരുന്നു റാഫിയെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ റാഫിയെ ഉപദ്രവിക്കുന്ന വീഡിയോ പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

ദൂരൂഹ സാഹചര്യത്തിലുള്ള മരണമായതിനാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരേഗമിക്കുകയാണ്. 2019ല്‍ നടന്ന ബൈക്ക് അപകടമാണ് റാഫി ഉള്‍പ്പെട്ടിരുന്ന മറ്റൊരു വിവാദ സംഭവം. റാഫിയും മറ്റൊരു ടിക് ടോക് താരമായ സോനിക കേതാവന്തും യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ സോനിക മരണപ്പെട്ടു. തുടര്‍ന്ന് ടിക് ടോകില്‍ വീഡിയോ പങ്കുവെക്കുന്നത് നിര്‍ത്തുകയാണെന്ന് റാഫി അറിയിച്ചിരുന്നു.