പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എം.പിമാരും എംഎല്‍എമാരുമടക്കം ഇതിലുണ്ടായിരുന്നു. ഇനി നേതാക്കളെ ‘എടുക്കുന്നില്ലെ’ന്ന് ഒരു ഘട്ടത്തില്‍ ബി.ജെ.പിക്ക് പറയേണ്ടിയും വന്നു. തൃണമൂല്‍ വിട്ടു വന്ന നേതാക്കളായിരുന്നു പലയിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും തോറ്റു.

നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി തുടങ്ങിയവര്‍ മാത്രമാണ് ജയിച്ചു കയറിയ മുന്‍ തൃണമൂല്‍ നേതാക്കള്‍.

നന്ദിഗ്രാമില്‍ 2016-ല്‍ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ ടിക്കറ്റില്‍ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹൗറയിലെ ദൊംജുറില്‍ മത്സരിച്ച രാജീവ് ബാനര്‍ജി തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നപ്പോള്‍ രാജീവ് ബാനര്‍ജിക്ക് ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

വൈശാലി ദാല്‍മിയ മുതല്‍ മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി വരെ തോറ്റ മുന്‍ തൃണമൂല്‍ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.