ഗ്ലാസ്‌ഗോ: യു കെ യിൽ ഇദംപ്രഥമമായി മാർഷൽ ആർട്സിൽ ചീഫ് ഇൻസ്റ്റക്ടർ പദവി നൽകിയപ്പോൾ അത് കരസ്ഥമാക്കിക്കൊണ്ട് ആലപ്പുഴ കുട്ടനാട് പുളിങ്കുന്നുകാരൻ ടോം ജേക്കബ് മലയാളികൾക്ക് അഭിമാനമാവുന്നു. ജപ്പാനിൽ ജനുവരി അവസാന വാരം നടന്ന ഒകിനാവ അന്തർദ്ദേശീയ കരാട്ടെ സെമിനാറിൽ ടോം തന്റെ പ്രാഗല്ഭ്യവും, പരിജ്ഞാനവും, ആയോധന കലയോടുള്ള അതിയായ അർപ്പ ണവും പുറത്തെടുക്കുവാനും, ആയോധനാ കലകളിൽ തന്റെ വൈഭവം പ്രദർശിപ്പിക്കുവാനും സുവർണാവസരമാണ് ലഭിച്ചത്. കൂടാതെ മാർഷൽ ആർട്സിലെ വൈവിദ്ധ്യമായ മേഖലകളിലെ പരിജ്ഞാനവും, കഴിവും, സുദീർഘമായ 35 വർഷത്തെ കഠിനമായ പരിശീലനവും, കൃത്യ നിഷ്‌ഠയുമാണ് ഈ ഉന്നത പദവിയിലേക്ക് ടോമിനെ തെരഞ്ഞെടുക്കുവാൻ കൂടുതലായി സ്വാധീനിച്ചത്.

കളരി(തെക്കൻ ആൻഡ് വടക്കൻ),കുങ്ഫു, കരാട്ടെ, ബോക്സിങ് അടക്കം വിവിധ ആയോധന കലകളിൽ ശ്രദ്ധേയമായ പ്രാവീണ്യം നേടിയിട്ടുള്ള ടോം തന്റെ സെമിനാറിലെ പ്രകടനത്തിലൂടെ പ്രഗത്ഭര്ക്കിടയിലെ മിന്നുന്ന താരമാവുകയായിരുന്നു. ഇതാദ്യമായാണ് രാജ്യത്തിന്റെ ചീഫ് ഇൻസ്ട്രക്ടർ ആയി ഒരാളെ നിയമിക്കുന്നത്. ആഗോള കരാട്ടെ സെമിനാറിൽ പങ്കെടുക്കുവാനുള്ള എൻട്രി അസാധാരണ വൈഭവം ഉള്ള മാർഷൽ ആർട്സ് വിദഗ്ദർക്കേ നൽകാറുള്ളൂ.

ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് പ്രായിക്കളം കുടുംബാംഗമായ ടോം ജേക്കബ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയ ശേഷം വിവിധ രാജ്യങ്ങളിൽ കരാട്ടെ ട്രെയിനർ ആയി പ്രവർത്തി ചെയ്തിട്ടുണ്ട്. അബുദാബിയിൽ കൊമേർഷ്യൽ ബാങ്കിൽ ഉദ്ദ്യോഗസ്ഥനായിരിക്കെ അവിടെയും പരിശീലകനായി ശ്രദ്ധേയനായിരുന്നു. വിവിധ രാജ്യങ്ങളിൽ ഏറെ ശിഷ്യഗണങ്ങൾ ഉള്ള ടോം കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഗ്ളാസ്ഗോയിൽ കുടുംബ സഹിതം താമസിച്ചു വരുന്നു. യു കെ യിൽ നിന്നും മാർക്കറ്റിങ്ങിൽ എംബിഎ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

കരാട്ടെ അഭ്യാസ മുറകൾ സ്വായത്തമാക്കുമ്പോൾ അതിലൂടെ നേടാവുന്ന ഗുണങ്ങളും പ്രയോജനങ്ങളും കുട്ടികളെ മനസ്സിലാക്കുവാനും, ഒരു ഉപജീവന മാർഗ്ഗമായും ഉപയോഗിക്കാവുന്ന ഈ ആയോധന കലയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യം ഉണർത്തുവാനും, അച്ചടക്കത്തോടെയും,ചിട്ടയോടും കൂടി കരാട്ടെ പരിശീലിക്കുവാനും ടോമിന്റെ ക്ലാസ്സുകൾ കൂടുതൽ ഗുണകരമാണ്. മാനസിക, ആരോഗ്യ, സുരക്ഷാ മേഖലകളിൽ കരാട്ടെയിൽ നിന്നും ലഭിക്കുന്ന ഊർജ്ജം ആർജ്ജിക്കുന്നതിനും, കരാട്ടെയുടെ ലോകത്തിൽ പുതിയ മാനങ്ങൾ സൃഷ്‌ടിക്കുവാനും ഉതകുന്ന പഠന രീതിയാണ് ടോമിനെ പ്രത്യേകം ശ്രദ്ധേയനാക്കുന്നത്. വിവിധ ട്രെയിനിങ് സ്‌കൂളുകൾ തുറക്കുവാനും, ഉള്ള കേന്ദ്രങ്ങൾ തുടരുന്നതിനും ഗ്രേഡുകൾ നൽകുന്നതിനും യു കെ യിൽ ഇനി ടോമിനെ ആശ്രയിക്കേണ്ടതായി വരും.

സ്കോട്ട്ലൻഡ് ആൻഡ് ഇംഗ്ലണ്ട് രാജ്യങ്ങളിലെ ആയുധരഹിത ഫൈറ്റിങ്ങിലും, ഓറിയന്റൽ കിക്ക് ബോക്സിങ്ങിലും ലോക ഒന്നാം നമ്പർ ആയ ജയിംസ് വാസ്റ്റൺ അസോസിയേഷനിൽ നിന്ന് 2018 ൽ അഞ്ചാം ഡാൻ ബ്ലാക്ക് ബെൽറ്റ്, ജപ്പാൻ- ഇംഗ്ലണ്ട് രാജ്യങ്ങളിലെ ഏറ്റവും സുപ്രസിദ്ധമായ സെയിൻകോ കായ് കരാട്ടെ അസോസിയേഷനിൽ നിന്നും 2014 ൽ നാലാം ഡാൻ ബ്ലാക്ക് ബെൽറ്റ്, മൗറീഷ്യസ് കരാട്ടെ അക്കാദമിയിൽ നിന്നും 2005 ൽ മൂന്നാം ഡാൻ ഷോട്ടോക്കൻ കരാട്ടെ ജപ്പാൻ ബ്ലാക്ക് ബെൽറ്റ്, ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ നിന്നും 2002 ൽ ബ്ലാക്ക് ബെൽറ്റ് രണ്ടാം ഡാൻ, ഷോട്ടോക്കാൻ കരാട്ടെ ജപ്പാൻ 1996 ൽ ബ്ലാക്ക് ബെൽറ്റ് ഒന്നാം ഡാൻ തുടങ്ങി നിരവധി തങ്കപ്പതക്കങ്ങൾ കരസ്ഥമാക്കുകയും തന്റെ ആയോധന വിദ്യാഭ്യാസ മേഖലകളുടെ ഉന്നത നേട്ടങ്ങളുടെ പട്ടികയിൽ അഭിമാനപൂർവ്വം കോർത്തിണക്കുവാനും സാധിച്ചിട്ടുള്ള ടോം ജേക്കബ് ആയോധന കലാ രംഗത്തു ലോക ഒന്നാം നമ്പർ താരമാണെന്നുതന്നെ വിശേഷിപ്പിക്കാം എന്നാണ് അന്തർദേശീയ സെമിനാറിൽ ടോമിനെപ്പറ്റി പ്രതിപാദിക്കപ്പെട്ടത്.

യു കെ യിലെ പ്രശസ്തവും ആദ്യകാല ബോക്സിങ് ക്ലബുമായ വിക്ടോറിയ ബോക്സിംഗ് ക്ലബ്ബിൽ 10 വർഷമായി പരിശീലനം നടത്തിപ്പോരുന്ന ടോം ലോക നിലവാരം പുലർത്തുന്ന ജി 8 കോച്ച് കെന്നിയുടെ കീഴിലാണ് പരിശീലനം നടത്തിവരുന്നത്. കരാട്ടെയിൽ പരിശീലനം ഇപ്പോഴും തുടരുന്ന ടോം ജേക്കബ്, ഗ്രേറ്റ് യൂറോപ്യൻ കരാട്ടെയിൽ ഒമ്പതാം ഡാൻ ബ്ലാക്ക് ബെൽറ്റ് താരവും, കരാട്ടെയിൽ ചരിത്രം കുറിച്ച അഭ്യാസിയുമായ പാറ്റ് മഗാത്തിയുടെ കീഴിലാണ് ട്രെയിനിങ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ജി8 ൽ പ്രശസ്ത കരാട്ടെ ഗുരു ഇയാൻ അബ്ബറെനിന്റെ ഷോട്ടോക്കൻ സ്റ്റൈൽ ബുങ്കായ് & പ്രാക്ടിക്കൽ ആപ്ലിക്കേഷനുകളുമായുള്ള പരിശീലനം ലോക നിലവാരം പുലർത്തുന്ന അസുലഭ അവസരമാണ് ടോമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എംഎംഎ & ബ്രസീലിയൻ ജിയു-ജിറ്റ്സു, സ്കോട്ട്ലൻഡിന് പടിഞ്ഞാറുള്ള ഗ്രാങ്പ്ലിംഗ് ടീമിനൊപ്പം പരിശീലനം തുടരുന്ന ടോം, ഷോട്ടോക്കൻ സ്റ്റൈൽ കരാട്ടെ കോളിൻ സ്റ്റീൽ സെൻസി അഞ്ചാം ഡാൻ ജിസ്സെൻ റായിഡു (സ്കോട്ട്ലൻഡ്) ന്റെയും , പോൾ എൻഫിൽഡിനോടൊപ്പം (യുഎസ്എ) ഗോജു ശൈലിയുമായുള്ള കരാട്ടെ പരിശീലനവും ഒപ്പം തുടർന്ന് പോരുന്നു. സീനിയർ ഷോട്ടോക്കൻ സെൻസി ജോൺ ലണ്ടൻ മൂന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ്, സെൻസി ബ്രെയിൻ ബ്ലാക്ക് ബെൽറ്റ് മൂന്നാം ഡാൻ, ഐകിഡോ ഉപയോഗിച്ചുള്ള പരിശീലനവും ഇപ്പോഴും തുടരുന്നുണ്ട്. പ്രതിയോഗിയുടെ ബാലൻസ് തെറ്റിക്കുന്ന ഒരു അഭ്യാസമുറയാണ് ഐകിഡോ.

നിരവധി അഭിമാനാർഹമായ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ടോം കഴിഞ്ഞ 35 വർഷമായി ആയയോധന കലകളിൽ കഠിനമായ പരിശീലനം തുടർന്ന് കൊണ്ടിരിക്കുകയാണ്.

 

ജപ്പാൻ ഒക്കിനാവ കരാട്ടെ ആൻഡ് കോബു-ദോ ഷോർ-റായിഡു റെഹോക്കൻ അസോസിയേഷൻ ചെയർമാനും റെഡ് ബെൽറ്റിൽ പത്താം ഡാൻ കരാട്ടെ & പത്താം ഡാൻ കോബുഡോയും നേടിയിട്ടുള്ള ആഗോള പ്രശസ്തനുമായ ഹാൻഷി ഹഗോൺ നനോബുവിലയിൽ നിന്നാണ് യു കെ ചീഫ് ഇൻസ്ട്രക്ടർ പദവി ടോം ജേക്കബ് നേടിയത്.

പുളിങ്കുന്ന് പ്രായിക്കളം (കാഞ്ഞിക്കൽ) കുടുംബാംഗമായ ടോമിന്റെ ഭാര്യ ജിഷ ടോം ആലപ്പുഴ മാളിയേക്കൽ കുടുംബാംഗമാണ്. മുൻകാല ആലപ്പുഴ ഡി സി സി പ്രസിഡണ്ടും നെഹ്‌റു കുഞ്ഞച്ചൻ എന്ന് ബഹുമാനപുരസ്സരം വിളിച്ചിരുന്ന കുഞ്ഞച്ചന്റെ മകൻ ഗ്രിഗറിയുടെ മകളാണ് ജിഷ. ആറാം ക്ലാസ്സിൽ പഠിക്കുന്ന പത്തു വയസ്സുള്ള ഏക മകൻ ലിയോൺ ടോം കഴിഞ്ഞ അഞ്ചു വർഷമായി ബോക്സിങ് പരിശീലനം നടത്തി വരുകയാണ്.

ആയോധനകലകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുവാനും, ഈ മേഖലകളിൽ നാളിന്റെ ശബ്ദവും, നാമവും ആകുവാനും ടോമിന് കഴിയട്ടെ എന്നാശംസിക്കാം.