ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിലേക്ക് ടോട്ടനം യോഗ്യത നേടി. കൂടുതൽ എവേ ഗോളുകളുടെ പിൻബലത്തിലാണ് അജാക്സിനെ തകർത്ത് ടോട്ടനം ഫൈനൽ ബർത്ത് ഉറപ്പിച്ചത്. ലിവർപൂളാണ് ഫൈനലിൽ ടോട്ടനത്തിന്റെ എതിരാളികൾ. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം യഥാർത്ഥ ഇംഗ്ലീഷ് പരീക്ഷയായി.

ആദ്യപാദത്തില്‍ ഒരു ഗോളിന് തോറ്റ ടോട്ടനം, രണ്ടാപാദ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ ലീഡ് വഴങ്ങി. ഇതിന് ശേഷം ഫുട്ബോൾ ലോകം ടോട്ടനത്തിന്റെ തകർപ്പൻ തിരിച്ചുവരവ് കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടാംപാദത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടോട്ടനത്തിന്റെ വിജയം.

ബ്രസീലിയന്‍ സ്ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് ടോട്ടനത്തിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. 55, 59 മിനിറ്റുകളിൽ ആദ്യ രണ്ട് ഗോളുകൾ നേടിയ മൗറ അവസാന വിസിൽ മുഴങ്ങാൻ സെക്കന്റുകൾ മാത്രമുള്ളപ്പോഴാണ് മൂന്നാം ഗോൾ നേടിയത്.

നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്‍റസിനെയും വീഴ്ത്തിയ അയാക്‌സിന്‍റെ യുവനിര ഫൈനലിലേക്ക് മുന്നേറുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രീമിയർ ലീഗ് കിരീടമോഹം കൈവിട്ട പൊച്ചെറ്റീനോയുടെ ടോട്ടനത്തിന് സീസണിലെ അവസാന പ്രതീക്ഷയായിരുന്നു ചാമ്പ്യൻസ് ലീഗ്. ലിവർപൂളിനെ ഫൈനലിൽ മലർത്തിയടിച്ച് കിരീടം സ്വന്തമാക്കാനാവും ഇനി ടോട്ടനത്തിന്റെ ശ്രമം.