ജീവിക്കാന്‍ വേണ്ടി വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തുന്നതിനിടെ ആക്രമണം നേരിട്ട ട്രാന്‍സ്‌ജെന്‍ഡര്‍ സജന ഷാജി ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് സജന ഷാജിയുളളത്.

ബിരിയാണി കച്ചവടം മുടക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന സജനയുടെ ആരോപണം തട്ടിപ്പാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നതിന്റെ പിന്നാലെയാണ് സജന ആത്മഹത്യാ ശ്രമം നടത്തിയത്. സജന സുഹൃത്തുമായി നടത്തിയ സംഭാഷണം എന്ന പേരിലാണ് ഒരു ഓഡിയോ പ്രചരിക്കുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുന്നതിന് തൊട്ട് മുന്‍പ് ഇതേക്കുറിച്ച് സജന ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

സജന ഷാജിയുടെ കുറിപ്പ് ഇങ്ങനെ:

” വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യ മാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ്‌ ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങൾ എന്നെ ആക്ഷേപിക്കുകയുണ്ടായി.

അതിന്റെ പരിപൂർണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തിൽ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്. തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം. ഞാൻ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ മുഴുവൻ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ്‌ ചെയ്താണ് പ്രചരണം നടക്കുന്നത്.

തന്നെ പോലെ തന്നെ കഷ്ടതകൾ അനുഭവിക്കുന്ന സഹപ്രവർത്തകയ്ക്ക് തനിക്ക് കിട്ടുന്നതിൽ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത് സഹായിക്കാൻ കാണിച്ച മനസ്സിനെയാണ് നിങ്ങൾ കരയിച്ചത്. ഇനി ഞാൻ എന്താ വേണ്ടേ മരിക്കണോ. അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ആരെയും ആശ്രയിക്കാതെ സ്വയം തൊഴിൽ ചെയ്ത് കൂടെയുള്ളവർക്ക് തൊഴിലും നൽകി.

ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ആഹാരവും നൽകിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല. വാടകയ്ക്കാണ് കഴിയുന്നത്. ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്. ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തിൽ എനിക്കും ജീവിക്കാൻ അവകാശമില്ലേ?” എന്നാണ് സജനയുടെ കുറിപ്പ്.

സാമൂഹ്യമാധ്യമങ്ങളിലൂടെയുളള അധിക്ഷേപ പ്രചാരണം സഹിക്കാനാവാതെയാണ് സജന ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആണ് സജനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയാണ് സജന ഷാജി ആത്മഹത്യാ ശ്രമം നടത്തിയത്.

കാക്കനാട്-തൃപ്പൂണിത്തുറ ബൈപ്പാസില്‍ റോഡരികില്‍ ബിരിയാണി കച്ചവടം നടത്തി വരികയായിരുന്നു സജന ഷാജിയും മറ്റ് ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളും. ഈ പരിസരത്ത് കച്ചവടം നടത്തുന്ന മറ്റുളളവര്‍ തങ്ങളുടെ കച്ചവടം തടസ്സപ്പെടുത്തുന്നതായി സജന ഷാജി ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപിച്ചിരുന്നു.

മനംനൊന്ത് ബിരിയാണി കട ഉടമ സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു

കരഞ്ഞു കൊണ്ടുളള സജനയുടെ ലൈവ് വീഡിയോ പുറത്ത് വന്നതോടെ വലിയ ജനപിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്. ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു. സിനിമാ രംഗത്ത് നിന്നും പ്രമുഖര്‍ സജനയ്ക്ക് പിന്തുണയുമായി എത്തി. നടന്‍ ജയസൂര്യ സജനയ്ക്ക് ഹോട്ടല്‍ തുടങ്ങാനുളള സഹായവും വാഗ്ദാനം ചെയ്തിരുന്നു.