ഭാര്യ പിതാവിനെ കാറിടിച്ചു കൊലപ്പെടുത്തുകയും സ്വന്തം മകനെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് വഴിയൊരുക്കിയത് വർഷങ്ങളായുള്ള കുടുംബ പ്രശ്നങ്ങൾ. 15 വർഷം മുൻപാണ് യഹിയയുടെ മകൾ അനീസയെ പാലോട് സ്വദേശിയായ അബ്ദുൽ സലാം വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അബ്ദുൽ സലാം അബ്ദുൽസലാം നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നതായി പൊലീസ് പറ‍ഞ്ഞു. കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും അബ്ദുൽ സലാമും അനീസയും തമ്മിൽ കേസ് നിലവിലുണ്ട്.അബ്ദുൽ സലാമിന്റെ പേരിലുള്ള വസ്തു വകകൾ കോടതി അറ്റാച്ച് ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിൽ കടുത്ത വിരോധത്തിന് ഇടയാക്കി. കാറിടിച്ചു കൊലപ്പെടുത്തിയതെന്നു അബ്ദുൽ സാലം പൊലീസിനോട് സമ്മതിച്ചു.

യഹിയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ, മകനുമായ മുഹമ്മദ് അഫ്സൽ(14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

അബ്ദുൽ സലാമും ഭാര്യയും തമ്മിൽ കൊട്ടാരക്കര കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നു 23ന് സ്റ്റേ വാങ്ങി. ഈ ഉത്തരവ് നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഭാര്യ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി കാറിൽ തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ചുള്ള കൊലപാതകം.

യഹിയയും അഫ്സലും തട്ടത്തുമല പാറക്കടയിൽ ഇറങ്ങി നിന്നു. കോടതി ഉദ്യോഗസ്ഥൻ ഉത്തരവുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. സ്റ്റേ ഉത്തരവ് കിട്ടിയതറിഞ്ഞ സലാം കാറിൽ ഇവരെ പിൻ തുടരുന്നുണ്ടായിരുന്നു. പാറക്കടയിൽ റോഡിൽ ഇവരെ കണ്ട് കാറിന്റെ വേഗത കൂട്ടി യഹിയയെയും ‌അഫ്സലിനെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരണപ്പെട്ടു. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്.

കബറടക്കം തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു, കിളിമാനൂർ ഐഎസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽഖാദർ എന്നിവരും സംഘവും അറസ്റ്റ് പ്രതിയെ കോടതിയിൽ ഹാജരാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. കൈക്കും കാലിനും ഒടിവ് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ അഫ്സലിന്റെ മൊഴിയും പിതാവിന് കുരുക്കായി. 9 മാസമായി അബ്ദുൽസലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.