സ്വന്തം ലേഖകൻ

യു കെ :- തനിക്കെതിരെ ഹാരി രാജകുമാരനും ഭാര്യ മേഗനും നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. താൻ മേഗന്റെ ഒരു ആരാധകനല്ലെന്നു വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഹാരി രാജകുമാരന് ഭാഗ്യമുണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഹാരി രാജകുമാരന് ഭാവിയിൽ ഭാഗ്യം ആവശ്യമായതിനാലാണ് താൻ അത്തരം ഒരു ആശംസ നൽകിയതെന്നും പ്രസിഡന്റ്‌ പറഞ്ഞു. ട്രംപിന്റെ എതിരാളിയായിരിക്കുന്ന ജോ ബൈഡനെ പിന്തുണയ്ക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ആഴ്ച ഇരുവരും പുറത്തിറക്കിയിരുന്നു. ഇതേതുടർന്നാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായിരിക്കുന്നത്. കള്ളത്തരങ്ങൾ മാത്രം പ്രചരിപ്പിക്കുന്നവരെ പുറത്താക്കാൻ ഇരുവരും ആഹ്വാനം ചെയ്തിരുന്നു.

മൂല്യങ്ങൾ മുറുകെ പിടിക്കുന്നവരെ വേണം ജനങ്ങൾ അധികാരത്തിൽ തെരഞ്ഞെടുക്കേണ്ടത് എന്നും ഇരുവരും പുറത്തിറക്കിയ. വീഡിയോയിൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ഇത്തരത്തിലുള്ള പ്രസ്താവന ട്രംപിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നതാണ്. ഹാരി രാജകുമാരൻെറ വാക്കുകൾക്ക് പ്രസിഡന്റ് ഒരു തരത്തിലുള്ള വിലയും കൽപ്പിക്കുന്നില്ല എന്ന് അദ്ദേഹത്തിന്റെ വക്താവ് ജയ്സൺ മില്ലർ പറഞ്ഞു. ഇരുവരും തങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്ന് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ നടത്തിയ പ്രസ്താവന ട്രംപിനെതിരെ ആണ് എന്ന വിശ്വാസത്തിലാണ് ജനങ്ങൾ. യുഎസിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഹാരി രാജകുമാരൻ ഇടപെടേണ്ട ആവശ്യമില്ല എന്ന് മുൻ ലിബറൽ ഡെമോക്രാറ്റ് എംപി നോർമൻ ബേക്കർ വ്യക്തമാക്കി.

ഹാരി രാജകുമാരന്റെയും ഭാര്യയുടെയും പ്രസ്താവനയ്ക്ക് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയർന്നു വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ഹാരി രാജകുമാരനും ഭാര്യയും അമേരിക്കൻ പൗരത്വം നേടുന്നതിനെ സംബന്ധിച്ചും അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ ഇരു മത്സരാർത്ഥികളെയും ഉദ്ദേശിച്ചല്ല ഇത്തരമൊരു പ്രസ്താവന രാജകുമാരനും ഭാര്യയും നടത്തിയതെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.