മരുഭൂമിയിലെ നറുപുഷ്പമാണ് യുഎഇയെന്ന് ഫ്രാൻസിസ് പാപ്പ.. പുതിയ ആകാശവും പുതിയ ഭൂമിയും ഒരുക്കി ഫ്രാൻസിസ് പാപ്പയെ അറേബ്യൻ ജനത സ്വീകരിച്ചെങ്കിൽ, എന്തേ ഇന്ത്യയിലെ ക്രൈസ്തവ ജനതയ്ക്ക്  ആ സൗഭാഗ്യം കൈവരാത്തത്?

by News Desk 1 | February 5, 2019 9:42 pm

ബിനോയി ജോസഫ്

ലോകം മുഴുവനും ഉറ്റുനോക്കിയ ആത്മീയതകളുടെ അപൂർവ്വസംഗമം… 1200 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളുടെ ആത്മീയാചാര്യനും വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവനുമായ ഫ്രാൻസിസ് പാപ്പ ഇസ്ളാം പിറന്ന അറേബ്യൻ മണ്ണിലേയ്ക്ക് സ്നേഹാദരങ്ങളോടെ സ്വീകരിക്കപ്പെട്ട നിമിഷങ്ങൾ ചരിത്രത്താളുകളിൽ സുവർണ ലിപികളിൽ എഴുതപ്പെടും. 9.6 മില്യൺ ജനസംഖ്യയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിലേയ്ക്ക് റോമിന്റെ ബിഷപ്പ് ഇടയ സന്ദർനം നടത്തിയപ്പോൾ സൃഷ്ടിക്കപ്പെട്ടത് മത സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പുതിയ ഏടുകളായിരുന്നു. ഒരു രാജ്യവും അവിടുത്തെ ബഹുമാനിതരായ ഭരണാധികാരികളും ഒരുക്കിയ ഊഷ്മളമായ വരവേൽപ്പ് ഏറ്റുവാങ്ങാൻ സൗഭാഗ്യം ലഭിച്ച ഫ്രാൻസിസ് പാപ്പ എളിമയുടെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും ആധുനിക യുഗത്തിലെ പ്രതീകമാണ്.

ലോകത്തിൽ ഏറ്റവും കൂടുതൽ അതിഥികളെ സഹിഷ്ണുതയോടെ നെഞ്ചൊടു ചേർക്കുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനത്തോളം വിദേശിയരാണ്. വിദേശിയരെ അതിഥികളായി കാത്തു പരിപാലിക്കുന്ന നല്ല ആതിഥേയരായ തദ്ദേശിയരായ എമിരേത്തികളുടെ വിശാലമനസ്കതയാണ് യുഎഇയുടെ വികസനമന്ത്രത്തിന്റെ കാതൽ. ത്രിദിന സന്ദർശനത്തിനായി അബുദാബി പ്രസിഡൻഷ്യൽ എയർപോർട്ടിൽ ഞായറാഴ്ച രാത്രിയാണ് സാർവ്വത്രിക കത്തോലിക്കാ സഭയുടെ തലവൻ എത്തിയത്. പേപ്പൽ പതാകയുടെ വർണങ്ങൾ മാനത്ത് വിരിച്ച് പൂർണ സൈനിക ബഹുമതിയോടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫ്രാൻസിസ് പാപ്പയ്ക്ക് രാജകീയ സ്വീകരണം ഒരുക്കി. അബുദാബിയിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച മാർപ്പാപ്പ മുസ്ളിം കൗൺസിൽ ഓഫ് എൽഡേഴ്സിന്റെയും ഇന്റർ റിലീജിയസ് കോൺഫറൻസുകളുടെയും സംവാദങ്ങളിൽ തിങ്കളാഴ്ച പങ്കെടുത്തു. മാനവസാഹോദര്യത്തിന്റെ സംയുക്ത പ്രഖ്യാപനത്തിൽ മാർപാപ്പയും ഗ്രാൻഡ് മോസ്ക് ഇമാമും തുടർന്ന് ഒപ്പുവച്ചു.

ചൊവ്വാഴ്ച സയിദ് സ്പോർട്സ് സിറ്റിയിൽ നടന്ന ഓപ്പൺ എയർ കുർബാനയിൽ 135,000 പേരാണ് പങ്കെടുത്തത്. ആയിരങ്ങൾ വേദിക്ക് പുറത്ത് വലിയ സ്ക്രീനുകളിൽ തങ്ങളുടെ ആത്മീയ പിതാവിന്റെ വാക്കുകൾക്കായി കാതോർത്തു. നൂറു കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗത്തിന്റെ ആത്മീയ ഇടയനെ ഒരു നോക്കു കാണാൻ ഒഴുകിയെത്തുകയായിരുന്നു. 2000 ബസുകളാണ് യുഎഇ ഭരണകൂടം കുർബാന നടക്കുന്ന വേദിയിലേക്ക് യാത്ര ചെയ്യാനായി സൗജന്യമായി ഒരുക്കിയത്. കുർബാനയിൽ പങ്കെടുക്കുന്നവർക്ക് അവധിയും യുഎഇ നല്കിയിരുന്നു.

മരുഭൂമിയിലെ നറുപുഷ്മമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നാണ് പാപ്പ വിശേഷിപ്പിച്ചത്. മതത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമവും ഒരിക്കലും നീതീകരിക്കാൻ സാധിക്കുകയില്ലെന്ന് പോപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. സ്വന്തം മതത്തിന്റെ ചര്യകളിൽ ഭാഗഭാക്കാകുന്നതിനപ്പുറം ഇതര മതങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കാനും പ്രാപ്തമാക്കുന്ന മതസ്വാതന്ത്ര്യമാണ് നമുക്കാവശ്യമെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു.  യുഎഇ ജനതയുടെ ആതിഥ്യ മര്യാദയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ച ഫ്രാൻസിസ് പാപ്പ യുവതലയുടെ വിദ്യാഭ്യാസത്തിൽ ഭരണകൂടം പുലർത്തുന്ന ജാഗ്രതയെ മുക്തകണ്ഠം പ്രശംസിച്ചു.

ഇസ്ളാം മതത്തിന്റെ ആചാരങ്ങൾ അടിസ്ഥാന ശിലയാക്കി ഒരു നവലോകം പടുത്തുയർത്തിയ യുഎഇ എന്ന രാജ്യം സർവ്വ മതസ്ഥരേയും ഒരു കുടക്കീഴിൽ സഹിഷ്ണുതയോടെ സംരക്ഷിക്കുന്നതെങ്ങനെയെന്ന് ലോകത്തിന് കാണിച്ചു തന്നപ്പോൾ അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പാപ്പയെ കാണാൻ എത്തിയവരിൽ ഭൂരിപക്ഷം വരുന്ന ഇന്ത്യാക്കാരുടെയും ഇന്ത്യയിലെ കത്തോലിക്കാ വിശ്വാസികളുടെയും മനസിൽ ഒരു ചോദ്യം ഉയർന്നിരിക്കാം “ഇന്ത്യ ഇപ്പോഴും അത്രയും ദൂരത്താണോ പാപ്പാ” എന്ന്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രത്തിലേയ്ക്ക് ലോകത്തിലെ ഏറ്റവും അധികം വിശ്വാസികളുള്ള മതത്തിന്റെ ആത്മീയാചാര്യനെ ക്ഷണിക്കാൻ മാത്രമുള്ള രാഷ്ട്രീയ പക്വത നമ്മുടെ നേതാക്കൾക്ക് എന്ന് കൈവരും എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

യുഎഇ ലോകത്തിന് നല്കിയത്  സാഹോദര്യത്തിന്റെയും മാനവികതയുടെയും സഹിഷ്ണുതയുടെയും പാഠമാണ്. അതിർത്തികൾ ഭേദിക്കുന്ന മിസൈലുകൾക്കും സർവ്വനാശകാരികളായ ആയുധശേഖരങ്ങൾക്കും ഉയർന്നു നില്ക്കുന്ന സാമ്പത്തിക സൂചികകൾക്കുമപ്പുറം ഒരു രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾ യഥാർത്ഥ്യമാകുന്നതിന് ശരിയായ വിദ്യാഭ്യാസം ലഭിച്ച, മാനുഷിക മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന രാഷ്ട്രീയ മത നേതൃത്വങ്ങളും ഉണ്ടാവേണ്ടതിന്റെ ആവശ്യകത യുഎഇയുടെ ഭരണാധികാരികൾ ലോക ജനതയ്ക്ക് കാണിച്ച് കൊടുത്ത ഐതിഹാസിക മുഹൂർത്തങ്ങൾക്ക് ആഗോള ജനത സാക്ഷ്യം വഹിച്ച ദിനങ്ങളാണ് കടന്നു പോയത്.

 

 

Endnotes:
  1. എളിമയുടെ ഇടയന് അറേബ്യൻ മണ്ണിൽ ചരിത്ര വരവേൽപ്പ്… ആകാശത്തിൽ പേപ്പൽ പതാക വിരിയിച്ച് വ്യോമ വിന്യാസം… അശ്വാരൂഡ സേനയുടെ അകമ്പടിയിൽ അബുദാബി പാലസിൽ ഫ്രാൻസിസ് പാപ്പ എത്തിയത് ചെറിയ കിയാ സോൾ കാറിൽ.: https://malayalamuk.com/royal-welcome-to-pope-francis-at-uae/
  2. ഹൃദയവിശാലത നിറഞ്ഞ യു.എ.ഇയിലേക്ക്, പ്രതീക്ഷകളോടെ ഫ്രാൻസിസ് മാർപാപ്പ; നോക്കാം ചരിത്രത്തിലെ യു.എ.ഇ വത്തിക്കാൻ ബന്ധത്തെപ്പറ്റിയും: https://malayalamuk.com/he-popemobile-is-being-flown-to-the-uae-for-the-popes-visit/
  3. “സഹോദരനെന്ന നിലയിൽ സൗഹൃദ സംഭാഷണം നടത്തുവാനും സമാധാനത്തിന്റെ പാതയിൽ ഒന്നിച്ചു മുന്നേറാനുമായി ഞാൻ യാത്രയാവുന്നു. എനിയ്ക്കായി പ്രാർത്ഥിക്കുക” എന്ന് ട്വിറ്ററിൽ കുറിച്ച് ഫ്രാൻസിസ് പാപ്പ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പറന്നിറങ്ങി.: https://malayalamuk.com/pope-francis-arrived-in-uae-for-papal-visit/
  4. വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ വിളിച്ചു ചേർത്തിട്ടുള്ള സെക്സ് അബ്യൂസ് പ്രിവെൻഷൻ സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടു ബിഷപ്പുമാരും; എന്നാൽ ഈ മാറ്റം കേരളത്തിൽ നടപ്പിലാകുമോ ? ഇരയായവർ പ്രതികരിക്കുന്നു: https://malayalamuk.com/anti-sexual-abuse-summit-welcome-but-will-anything-change-asks-nuns-and-activists/
  5. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശനം; മാര്‍പാപ്പയുമൊന്നിച്ച് കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ച് 2 മലയാളി വൈദികര്‍, ടിക്കറ്റുകള്‍ വാങ്ങാന്‍ വന്‍ തിരക്ക്‌: https://malayalamuk.com/pope-francis-in-uae/
  6. അടച്ചിട്ട ദേവാലയത്തിനുള്ളിൽ ഈസ്റ്റർ കുർബാന അർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ : ജനങ്ങൾ ഭയത്തിന് കീഴടങ്ങരുതെന്ന് മാർപാപ്പയുടെ ആഹ്വാനം.: https://malayalamuk.com/pope-calls-for-global-solidarity-in-easter-message/

Source URL: https://malayalamuk.com/uae-papal-visit/