വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. വിദേശികളായ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, പ്രഗത്ഭ വ്യക്തിത്വങ്ങള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

അസാധാരണ കഴിവുകളുള്ളവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എമിറാത്തി പൗരത്വം നല്‍കുന്നതിലൂടെ അവരെ യുഎഇ സമൂഹത്തിന്റെ ഭാഗമാക്കുക, സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക, ദേശീയ വികസന പ്രക്രിയയ്ക്ക് ആക്കം കൂട്ടുക എന്നിവയാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം പൗരത്വത്തില്‍ വരുത്തിയ മാറ്റങ്ങള്‍ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.

അതേസമയം ചില നിബന്ധനകള്‍ക്ക് വിധേയമായാണ് പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പൗരത്വം നല്‍കുന്നതിനൊപ്പം, അവരുടെ നിലവിലെ പൗരത്വം നിലനിര്‍ത്താനും നിയമം അനുവദിക്കുന്നു. നേരത്തെ യുഎഇ ഇരട്ട പൗരത്വം അംഗീകരിച്ചിരുന്നില്ല.

പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:

നിക്ഷേപകര്‍: നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ ഒരു പ്രോപ്പര്‍ട്ടി ഉണ്ടായിരിക്കണം
ഡോക്ടര്‍മാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഒരു ശാസ്ത്രമേഖലയില്‍ പ്രാവീണ്യം നേടിയിരിക്കണം. പ്രത്യേക മേഖലയില്‍ 10 വര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്.
ശാസ്ത്രജ്ഞര്‍: ഒരു യൂണിവേഴ്‌സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കില്‍ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവര്‍ക്കും 10 വര്‍ഷത്തെ പരിചയമുണ്ടായിരിക്കണം.
പ്രത്യേക കഴിവുള്ളവര്‍: യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ ശുപാര്‍ശ കത്തിന് പുറമെ യുഎഇ സാമ്പത്തിക മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഒരു പേറ്റന്റോ യുഎഇ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര സ്ഥാപനത്തിലെ അംഗമോ ആയിരിക്കണം.
ബുദ്ധിജീവികളും കലാകാരന്മാരും: യുഎഇ പ്രസക്തമായ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തിന് പുറമേ, ഇത്തരക്കാര്‍ കുറഞ്ഞത് ഒരു അന്താരാഷ്ട്ര അവാര്‍ഡെങ്കിലും ലഭിച്ചിരിക്കണം