മലയാളം യുകെ ന്യൂസ് ഡെസ്‌ക്

സാമ്പത്തിക രംഗത്തിന് ഉണര്‍വ്വ് പകരുക, ഹൗസിങ്ങ് പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ പല ജനപ്രിയ നിര്‍ദ്ദേശങ്ങളും അടങ്ങിയതാണ് തെരേസാ മേയ് മന്ത്രിസഭയിലെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇന്നലെ അവതരിപ്പിച്ച ബജറ്റ്. ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മങ്ങലേറ്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും തെരേസാ മേയുടെയും പ്രതിച്ഛായ മിനുക്കിയെടുക്കുക എന്ന ഉദ്ദേശ്യവും നികുതിയിളവുകള്‍ക്കും ജനപ്രിയ നിര്‍ദ്ദേശങ്ങള്‍ക്കും പിന്നിലുണ്ട്. ഇതില്‍ പലതും ബ്രിട്ടണിലെ മലയാളികളുടെ ജീവിതത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്നതാണ്.

ഒരു മണിക്കൂറിനുള്ള കുറഞ്ഞ വേതനം 7.50ല്‍ നിന്ന് 7.83 ആക്കിയ നിര്‍ദ്ദേശമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായ ബജറ്റ് പരിഷ്‌കാരം. 2018 ഏപ്രില്‍ മുതലാണ് പുതിയ മിനിമം വേജ് നിലവില്‍ വരുന്നത്. എന്നാല്‍ മിനിമം വേജിലെ വര്‍ധനവ് ജീവിത നിലവാര സൂചികയുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്ന ആക്ഷേപം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ബജറ്റിലെ മറ്റൊരു പ്രധാന നിര്‍ദ്ദേശം മൂന്ന് ലക്ഷം വരെയുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവാണ്. നഗരങ്ങളില്‍ സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവിന്റെ പരിധി 5 ലക്ഷം രൂപവരെയാണ്. സ്റ്റാമ്പ് ഡ്യൂട്ടിയിലുള്ള ഇളവ് ഹൗസിങ്ങ് മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് കരുതപ്പെടുന്നു. പ്രതിവര്‍ഷം മൂന്നുലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ 44 ബില്യണ്‍ പൗണ്ടും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇനി മുതല്‍ വീടുകളില്‍ താമസമില്ലെങ്കിലും കൗണ്‍സില്‍ ടാക്‌സ് നല്‍കണം. രണ്ടാമതൊരു വീടുവാങ്ങി വാടകയ്ക്ക് നല്‍കിയിരിക്കുന്ന വളരെയധികം മലയാളികള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. വാടകക്കാരില്ലെങ്കിലും ഇനി മുതല്‍ കൗണ്‍സില്‍ ടാക്‌സ് നല്‍കേണ്ടി വരും.

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് നിശ്ചയിച്ചിരുന്ന ഫ്യൂവല്‍ ഡ്യൂട്ടി ഒഴിവാക്കിയത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. എന്നാല്‍ ഉന്നത നിലവാരം പുലര്‍ത്താത്ത ഡീസല്‍ കാറുകള്‍ക്ക് എക്‌സൈസ് തീരുവ 2018 ഏപ്രില്‍ മുതല്‍ ഉയരും. സിഗരറ്റിന്റെ വില ബജറ്റില്‍ വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. 2 ശതമാനമാണ് വര്‍ധനവ്. മദ്യത്തിന് വര്‍ധനവുണ്ടാകുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ബിയര്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് നികുതി വര്‍ധനവില്ല.

എന്‍.എച്ച്.എസ് ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതാണ് മലയാളികളെ സ്വാധീനിക്കുന്ന മറ്റൊരു നിര്‍ണായക നിര്‍ദ്ദേശം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍.എച്ച്.എസ് ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് ലഭിക്കുന്നില്ലായിരുന്നു. ശമ്പള വര്‍ധനവിനുള്ള നയപരമായ തീരുമാനം ഇനിയും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.

പൊതുവെ നോക്കിയാല്‍ ബ്രിട്ടണിലെ സാധാരണക്കാരന്റെ ജീവിതത്തിന് ആശ്വാസകരമാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍. നഴ്‌സുമാരുടെ ശമ്പള വര്‍ധനവിനുള്ള പച്ചക്കൊടി ജീവനക്കാരില്ലാതെ വലയുന്ന എന്‍എച്ച്എസിന് ആശ്വാസകരമാകും.