ലണ്ടൻ∙ 1923നുശേഷം ആദ്യമായാണ് ബ്രിട്ടന്‍ ഡിസംബറിൽ വോട്ടുചെയ്യുന്നത്. 650 അംഗ പാർലമെന്റിലേക്ക് 3,322 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18 വയസ് പൂർത്തിയായ ബ്രിട്ടീഷ് പൗരന്മാർക്കും ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാർക്കും ബ്രിട്ടണിലുള്ള ഐറീഷ് പൗരന്മാർക്കുമാണ് വോട്ടവകാശം.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തുവരെ തുടരും. സ്കൂളുകളിലും പബ്ബുകളിലും പള്ളികളിലും ലൈബ്രറികളിലുമൊക്കെയാണ് പോളിങ് ബൂത്തുകൾ. പലപ്പോഴും മൈനസിലും താഴുന്ന താപനിലയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും. ഇതോടൊപ്പം ഇന്ന് ചിലസ്ഥലങ്ങളിൽ കനത്ത മഴയുമുണ്ട്. ഇത് പൊളിങ്ങ് ശതമാനത്തെ  ബാധിച്ചേക്കാം. ഇരുപതു ശതമാനത്തോളം പേർ നേരത്തെ തന്നെ പോസ്റ്റിലൂടെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. നാല് കോടി അമ്പത്തെട്ട് ലക്ഷം വോട്ടർമാരാണ് ബ്രിട്ടനിൽ ആകെയുള്ളത്.

പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനും മറ്റ് പ്രാദേശിക കക്ഷി നേതാക്കളും രാവിലെ തന്നെ വോട്ടു ചെയ്തശേഷം വിവിധ പോളിംങ് ബൂത്തുകളിൽ സന്ദർശനത്തിലാണ്. പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ തന്റെ വളർത്തുനായയെയും കൂട്ടിയാണ് വോട്ടുചെയ്യാനെത്തിയത്.

ഇന്നു രാത്രി പത്തിനു പോളിങ് അവസാനിച്ചാൽ അർധരാത്രിയോടെ വോട്ടെണ്ണൽ ആരംഭിക്കും. നാളെ രാവിലെ മുതൽ ഫലസൂചനകൾ പുറത്തുവരും. ഉച്ചയോടെ വിജയികളെ വ്യക്തമായി അറിയാം. ഭരണകക്ഷിയായ കൺസർവേറ്റീവ് (ടോറി), മുഖ്യ പ്രതിപക്ഷമായ ലേബർ, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, പ്രാദേശിക പാർട്ടികളായ, സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്.എൻ.പി.) ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി.), ഷിൻ ഫെയ്ൻ, പ്ലൈഡ് കമറി, ഗ്രീൻ പാർട്ടി, ബ്രക്സിറ്റ് പാർട്ടി, സ്വതന്ത്രന്മാർ, സ്പീക്കർ എന്നിവരാണ് മൽസരരംഗത്തുള്ളത്.