ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണാ വൈറസ് ലോകരാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം ചെറുതല്ല. കോവിഡ്-19 മൂലം നഷ്ടപ്പെട്ട തൊഴിൽദിനങ്ങൾ പല പ്രമുഖ സ്ഥാപനങ്ങളെയും വളരെയധികം പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ യുകെയിൽ ജോലി ലഭിക്കണമെങ്കിൽ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ നിർബന്ധമാക്കാൻ സാധ്യതയുണ്ടെന്നാണ് നിയമ സെക്രട്ടറി റോബർട്ട് ബക്ക് ലാന്റീന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. പുതുതായി ജോലി ലഭിക്കുന്നവരുടെ കോൺടാക്ടിലാണ് പ്രസ്തുത നിയമം ഉൾപ്പെടുത്തുന്നത്. എന്നാൽ നിലവിലുള്ള ജോലിയിൽ ഈ നിബന്ധന ഉൾപ്പെടുത്താൻ സാധ്യതയില്ല.

കോവിഡ് -19 നെ നേരിടുന്നതിനായുള്ള വാക്സിനെതിരെ വിവാദങ്ങളുടെ പെരുമഴ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇത് നിരവധിപേരെ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ വാക്സിൻ എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പ്രത്യുത്പാദനശേഷിയെ ബാധിക്കും, മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നു തുടങ്ങിയ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ നിരവധിയാണ്. എന്തായാലും ഗവൺമെൻറിൻറെ പുതിയ നീക്കം വാക്സിനോടു മുഖം തിരിക്കുന്നവരെ മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കും.