കോവിഡ് മഹാമാരിക്കെതിരെ പോരാടാന്‍ ലോകത്തെ തന്നെ പ്രേരിപ്പിച്ച ക്യാപ്റ്റന്‍ ടോം മൂര്‍ (100) അന്തരിച്ചു. കോവിഡ് ബാധിതനായി കഴിഞ്ഞാഴ്ച മുതല്‍ ബെഡ്ഫോര്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ വെച്ചാണ് അന്ത്യം.

യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം വാര്‍ദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കേ സ്വന്തം വീടിന് ചുറ്റും നൂറ് റൗണ്ട് വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്നു. ഇതിലൂടെ മാത്രം ഒരു കോടി മുപ്പതുലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയാണ് കൊറോണ ബാധിതരെ സഹായിക്കാനായി ബ്രിട്ടന്‍ ആരോഗ്യ രംഗത്തിന് നല്‍കാന്‍ അദ്ദേഹത്തിനായി.

ഇതില്‍ നിന്നും ജനങ്ങള്‍ പ്രചോദനം ഉള്‍ക്കൊള്ളുകയും നിരവധി പേര്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയും ചെയ്തിരുന്നു. തന്നെ പോലൊരു ചെറിയ ആത്മാവിന് ലോകത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കാനാകില്ലെന്ന മൂറിന്റെ വാക്കുകളെ ഏറ്റെടുത്താണ് ജനങ്ങള്‍ കൊറോണ പ്രതിരോധത്തിന് വലിയ പിന്തുണ നല്‍കിയത്.

മൂറിന്റെ ഈ പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യവും പിന്തുണ നല്‍കിയിരുന്നു. മൂറിന്റെ വീടിന് മുകളിലൂടെ വ്യോമസേനാ വിമാനങ്ങള്‍ ആദരസൂചകമായി പറത്തിയാണ് നൈറ്റ്ഹുഡ് ബഹുമതി നേടിയ പഴയ സൈനികനെ ആദരിച്ചത്. ഇതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. വൈറ്റ് ഹൗസും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഇന്ത്യയിലും മ്യാന്‍മറിലും സേവനം ചെയ്തിട്ടുണ്ട്.