ജെഗി ജോസഫ്

നന്മയുടെ തിളക്കമുള്ള ഒത്തുകൂടലിനുള്ള മുന്നൊരുക്കത്തിലാണ് ബ്രിസ്‌ക. ഡിസംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന വിന്റര്‍ ഗാതറിങിന് ഇക്കുറി അങ്ങിനെയൊരു മേന്മ കൂടി എടുത്ത് പറയാനുണ്ട്. മലയാളികളിലേക്ക് സഹായ ഹസ്തം നീട്ടുകയാണ് ബ്രിസ്‌ക. ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യുന്ന മലയാളി സമൂഹം മലയാളികളോട് കാണിക്കുന്ന അകമഴിഞ്ഞ സ്നേഹം നമ്മള്‍ ഓരോ നിമിഷവും തിരിച്ചറിയുന്നതാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പ്രളയജലം കേരളത്തെ ദുരിതത്തില്‍ മുക്കിയപ്പോള്‍ ഒത്തുചേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ ബ്രിട്ടനിലെ മലയാളി സമൂഹം നല്‍കിയ സംഭാവനയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചവരാണ് ബ്രിസ്‌ക അംഗങ്ങള്‍.

കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്ന സഹായങ്ങളില്‍ ചെറിയ ഒരളവ് മാത്രമാണ് ബ്രിസ്‌ക ഇതുവരെ നല്‍കിയതെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന ചിന്തയുടെ ഭാഗമായാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗിനൊപ്പം ചാരിറ്റി ഈവനിംഗ് കൂടി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളില്‍ ഡിസംബര്‍ 1 വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ നടക്കുന്ന സായാഹ്ന ഒത്തുചേരലില്‍ എല്ലാ ബ്രിസ്‌ക അംഗങ്ങളും പങ്കുചേര്‍ന്ന് പരിപാടി വന്‍വിജയമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. മലയാളികളുടെ വേദന ഉള്‍ക്കൊണ്ട് ഓണഘോഷങ്ങള്‍ ബ്രിസ്‌ക ഉപേക്ഷിച്ചു. ആഘോഷങ്ങള്‍ ചുരുക്കി ഒത്തുചേര്‍ന്ന് നടത്തിയ ധനസമാഹരത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായ ഒരു തുക തന്നെ കേരളത്തിനായി കൈമാറാന്‍ ബ്രിസ്‌കയ്ക്ക് കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഓരോ അംഗങ്ങളും.

മലയാളികള്‍ക്ക് തീരാ നഷ്ടമായി കടന്നുപോയ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാകും വേദിയില്‍ പരിപാടികള്‍ ആരംഭിക്കുക. മിസ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലുള്ള ബോളിവുഡ് ഡാന്‍സ് ടീമിന്റെ പ്രകടനം, വിവിധ നൃത്ത ഗാന പരിപാടികള്‍ എന്നിവയും ചടങ്ങിന് മികവേകും. ഓണാഘോഷ വേദിയില്‍ നല്‍കാനിരുന്ന വിവിധ പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗില്‍ നല്‍കും. ബ്രിസ്‌കയുടെ നേതൃത്വം വഹിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണ് ഈ മുഹൂര്‍ത്തം ഒരുങ്ങുന്നത്. ജിസിഎസ്ഇ വിജയികളെയും ചടങ്ങില്‍ അനുമോദിക്കും.

സൗത്ത് മീഡ് കമ്യൂണിറ്റി ഹാളില്‍ രണ്ടു മണി മുതല്‍ നാലു മണിവരെ ബ്രിസ്‌കയുടെ ജനറല്‍ ബോഡി നടക്കും. ഇതിന് ശേഷമാണ് വിന്റര്‍ ഗാതറിങ് & ചാരിറ്റി ഈവനിംഗ് ആരംഭിക്കുക. ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും അറിയിക്കുന്നു.