ജെഗി ജോസഫ്

വയലിനിലെ മഹാത്ഭുതം ബാലഭാസ്‌കര്‍ അകാലത്തില്‍ നമ്മെ വിട്ടകന്നപ്പോള്‍ ഒരു നിമിഷം ചുറ്റുമുള്ള ലോകം സ്തംഭിച്ചതായി തോന്നിയവരാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. തന്റെ വയലിന്‍ സംഗീതത്തിലൂടെയും നിഷ്‌കളങ്കമായ ചിരിയുമായി വേദികളില്‍ സംഗീതാസ്വാദകരുടെയും സാധാരണക്കാരുടെയും ഹൃദയത്തില്‍ ചേക്കേറിയ ബാലഭാസ്‌കര്‍ ഇപ്പോഴും നമ്മുടെയുള്ളില്‍ ജീവനോടെ ഇരിക്കുന്നുവെന്ന് ഒരുവട്ടം കൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് വേദിയില്‍ വയലിന്‍ തന്ത്രികളിലൂടെ ആ മഹാനുഭാവന് പ്രണാമം അര്‍പ്പിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്ത് കൂടിയായ വയലിനിസ്റ്റ് സുരാജാണ് ബ്രിസ്‌ക അംഗങ്ങളെ ആ ഓര്‍മ്മകുറിപ്പിലൂടെ ഒരുവട്ടം കൂടി കൂട്ടിക്കൊണ്ടുപോയത്.

സുരാജ് മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ടാണ് ഇക്കുറി ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ഹൃദ്യമായി കൊണ്ടാടിയത്. മറ്റൊരു സുപ്രധാനമായ കര്‍മ്മം കൂടി ഈ വട്ടം ബ്രസ്‌കയ്ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നു. പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിന്റെ കണ്ണീരൊപ്പാന്‍ ബ്രിസ്‌ക അംഗങ്ങളുടെ ഒരു ചെറിയ സഹായം. ആ ആഹ്വാനം ഉയര്‍ന്നത് മുതല്‍ ലഭിച്ച മികച്ച പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ സ്വരൂപിച്ച ധനത്തില്‍ പ്രതികരിച്ചുവെന്ന് തറപ്പിച്ച് പറയാം. 5000 പൗണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായി ബ്രിസ്‌ക അംഗങ്ങള്‍ കൈകോര്‍ത്തപ്പോള്‍ ശേഖരിക്കപ്പെട്ടത്.

അകാലത്തില്‍ നമ്മെ വിട്ടുപോയ ബാലഭാസ്‌കറിന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ബ്രിസ്‌ക വിന്റര്‍ ഗാതറിംഗ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് സുരാജ്, ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു, ബ്രിസ്‌ക ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി വിന്റര്‍ ഗാതറിംഗ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ബ്രിസ്‌ക സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരി സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യു കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിസ്‌ക നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. കരിയര്‍ ഗൈഡന്‍സ് മുതല്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായങ്ങള്‍ വരെ ഉള്‍പ്പെട്ട വിപുലമായ പ്രവര്‍ത്തനങ്ങള്‍ളെക്കുറിച്ച് സമഗ്രമായി സംസാരിച്ച അദ്ദേഹം ഈ ദൗത്യങ്ങളില്‍ കൈകോര്‍ത്ത ഏവര്‍ക്കും നന്ദി അറിയിച്ചു.

ബ്രിസ്‌ക സ്പോര്‍ട്സിലും, ജിസിഎസ്ഇയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കും ബ്രിസ്‌ക പ്രസിഡന്റും, മുഖ്യാതിഥി സുരാജും ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി. കേരളത്തിന്റെ പ്രളയദുരിതം പരിഗണിച്ച് ഇക്കുറി ഓണാഘോഷം ഒഴിവാക്കിയതിനാലാണ് സമ്മാനങ്ങള്‍ വിന്റര്‍ ഗാതറിംഗില്‍ വിതരണം ചെയ്തത്.

വേദിയില്‍ നൃത്തത്തിന്റെ ചടുലതാളങ്ങളുമായി ബ്രിസ്‌ക സ്‌കൂള്‍ ഓഫ് ഡാന്‍സിലെ നൃത്ത അധ്യാപിക ദുര്‍ഗ്ഗ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തവും ഗാനാലാപനവും സദസ്സിന്റെ കൈയടി നേടി. മോഹിനിയാട്ടവും, ഭരതനാട്യവും, സിനിമാറ്റിക് ഡാന്‍സിനും പുറമെ ബ്രിസ്റ്റോളിലെ പ്രശസ്ത ഗായകര്‍ ആലപിച്ച ഗാനങ്ങളും ശ്രദ്ധേയമായി. പിന്നീട് ത്രസിപ്പിക്കുന്ന ബോളിവുഡ് ഡാന്‍സുമായി ലോയ്സ് ആന്‍ഡ് ടീമും രംഗത്തെത്തി. ബോളിവുഡിലെ ഫാസ്റ്റ് നമ്പറുകള്‍ക്കൊപ്പം ഇവര്‍ വേദിയില്‍ ആഘോഷത്തിന്റെ നിറവ് സമ്മാനിച്ചു. പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങി നൃത്തം ചെയ്തുകൊണ്ടാണ് ടീം വിസ്മയിപ്പിച്ചത്.

ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വയലിനില്‍ ബാലഭാസ്‌കറിന്റെ പ്രിയ ഗാനങ്ങള്‍ ആലപിച്ചു. വേദിയെ വികാരനിര്‍ഭരമാക്കിയ നിമിഷങ്ങള്‍ കൂടിയായിരുന്നു ഇത്. ഒപ്പം വാദ്യ ഉപകരണമായ ഓടക്കുഴലിലും മനോഹരമായ ഗാനങ്ങള്‍ അവതരിപ്പിച്ചു. ബ്രിസ്‌കയുടെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ ഊഴമായിരുന്നു അടുത്തത്. റോജി ചെങ്ങനാശേരിയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോളിലെ കലാകാരന്മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച പരാപാടി മികച്ച നിലവാരം പുലര്‍ത്തി.

കേരളത്തിന്റെ കണ്ണീരൊപ്പാനായി ബ്രിസ്‌ക ചാരിറ്റിയുടെ ഭാഗമായി നടത്തിയ റാഫിളില്‍ ഭാഗ്യം റെജി തോമസിനൊപ്പമായിരുന്നു. യുകെയിലെ പ്രശസ്ത മോര്‍ട്ട്ഗേജസ് സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍സിയേഴ്സ് സ്പോണ്‍സര്‍ ചെയ്ത ഗോള്‍ഡ് കോയിനാണ് റെജിക്ക് സമ്മാനമായി ലഭിച്ചത്. അംഗങ്ങള്‍ക്കായി രുചികരമായ ഭക്ഷണവും ഒരുക്കിയിരുന്നു. ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്‍ മുഖ്യ കോഡിനേറ്ററും, ലിറില്‍ അവതാരകയായിരുന്നു. ലൈറ്റ്ആന്റ് സൗണ്ട്‌സ് ജിജി ലൂക്കോസ് കൈകാര്യം ചെയ്തു. പരിപാടി മികച്ച വിജയമാക്കാന്‍ യത്നിച്ച എല്ലാവര്‍ക്കും ബ്രിസ്‌ക പിആര്‍ഒ ജെഗി ജോസഫ് നന്ദി അറിയിച്ചു. ദേശീയ ഗാനത്തോടു കൂടിയാണ് ബ്രിസ്‌കയുടെ വിന്റര്‍ഗാതറിംഗിന് തിരശീല വീണത്. ഏറെക്കാലം മനസ്സില്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിന്‍ര്‍ ഗാതറിംഗ് കടന്നുപോയത്.

ബ്രിസ്‌കയുടെ ഈ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് വിന്റര്‍ ഗാതറിംഗ് സംഘടിപ്പിച്ചത്. ഉടന്‍ ചേരുന്ന എക്സിക്യൂട്ടീവില്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. നേരത്തേ നാലരയോടെ ചേര്‍ന്ന ബ്രിസ്‌ക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മാനുവല്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍സന്‍ മേനാച്ചേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബിജു കണക്കുകള്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കുകളും ജനറല്‍ ബോഡി ഏക കണ്ഠേന പാസാക്കി. ബ്രിസ്‌ക സ്വരൂപിച്ച അയ്യായിരം പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ജനറല്‍ ബോഡിക്ക് ശ്രീനിവാസ് നന്ദി രേഖപ്പെടുത്തി.