രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ മാര്‍ഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. യുകെ മാതൃകയില്‍ വാക്സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കണം.

വാക്സിനേഷന്‍, കൃത്യമായ പരിശോധനകള്‍, രോഗവ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണം തുടങ്ങിയ നടപടികളിലൂടെ പ്രതിരോധിക്കാമെന്നാണ് വിലയിരുത്തല്‍. 6.6 കോടി ജനസംഖ്യയുള്ള യുകെയില്‍ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രണാധീതമായി ഉയര്‍ന്നപ്പോള്‍ 2/3 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയിരുന്നു. തുടര്‍ന്ന് കേസുകളുടെ എണ്ണം കുറയുകയും ചെയ്തു.

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നേരിടുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഫണ്ട് ഉപയോഗിച്ച് കൂടുതല്‍ ജീവനക്കാരെ കരാർ വ്യവസ്ഥയിലെടുക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലാണ് കോവിഡ് സാഹചര്യം ഗുരുതരമായുള്ളത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ചത്തീസ്ഗ‍ഡ്, കര്‍ണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയാണ് സംസ്ഥാനങ്ങള്‍. രണ്ട് ലക്ഷത്തിലധികം കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി രണ്ടാഴ്ചകൊണ്ട് വ്യാപനം കുറച്ച് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ആരോഗ്യവകുപ്പ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.