ലണ്ടന്‍: യുകെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ചിക്കന്‍ വിതരണം ചെയ്യുന്ന കമ്പനി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി വെളിപ്പെടുത്തല്‍. ഗാര്‍ഡിയനും ഐടിവി ന്യൂസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. യുകെയിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ശൃഖലകളായ ടെസ്‌കോ, സെയിന്‍സ്ബറിസ്, മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, ആള്‍ഡി, ലിഡില്‍ തുടങ്ങിയവയ്ക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന 2 സിസ്റ്റേസ് ഫുഡ് ഗ്രൂപ്പിന്റെ പ്ലാന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഈ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ പൊളിച്ചുമാറ്റി പുതിയ ലേബലുകള്‍ പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

യുകെയില്‍ ഉപയോഗിക്കപ്പെടുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2013ല്‍ ബീഫില്‍ വില കുറഞ്ഞ കുതിരയിറച്ചി കലര്‍ത്തിയ സംഭവത്തിനു ശേഷം ഇറച്ചി വിപണിയില്‍ നിന്ന് പുറത്തു വരുന്ന വലിയ ക്രമക്കേടാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. കുതിരയിറച്ചി വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പിന്നീട് കോടതി തടവുശിക്ഷ വിധിച്ചിരുന്നു.

കശാപ്പ് തിയതി മാറ്റുന്നത് ഗുണനിലവാരം കുറഞ്ഞ ഇറച്ചി മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ വിധത്തില്‍ ലേബലുകള്‍ മാറ്റുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കുറ്റകരമാണ്. ബെസ്റ്റ് ബിഫോര്‍ തിയതികളില്‍ നിന്ന് വ്യത്യസ്തമാണ് ഇറച്ചി പാക്കുകളിലെ കില്‍ ഡേറ്റ്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇത് പ്രത്യേകം നല്‍കുന്നത്. പലപ്പോഴും ലേബലുകള്‍ മാറ്റി പതിക്കാന്‍ കമ്പനി തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബ്രോംവിച്ചിലെ 2 സിസ്‌റ്റേഴ്‌സ് പ്ലാന്റില്‍ 12 പ്രവൃത്തിദിനങ്ങളിലായി നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് തിരിച്ചയക്കുന്ന ഇറച്ചി പാക്കറ്റുകളുടെ ലേബലുകള്‍ മാറ്റി തിരികെ അയക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. നിലത്തു വീഴുന്ന ചിക്കന്‍ പോലും അതേപടി പാക്കറ്റുകളിലാക്കുന്നു, വ്യത്യസ്ത ദിവസങ്ങളില്‍ കൊല്ലുന്ന കോഴികളുടെ ഇറച്ചി കൂട്ടിക്കലര്‍ത്തി പാക്ക് ചെയ്യുന്നു തുടങ്ങിയ ക്രമക്കേടുകളും ഈ പ്ലാന്റില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.