ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്‌റ്റ്, ജിയോ ഫിസിസിസ്‌റ്റ്, കെമിസ്‌റ്റ് തസ്‌തികയിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർബോർഡിൽ ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് തസ്‌തികയിലുമായി 102 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.

കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2020 മുഖേനയാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷ 2020 ജനുവരി 19നു നടത്തും. ജൂൺ 27, 28 തീയതികളിലാകും മെയിൻ പരീക്ഷ. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വരാം.

ഓൺലൈൻ വഴി മാത്രമാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 15.

ഓൺലൈൻ അപേക്ഷ പിൻവലിക്കാനും അവസരമുണ്ട്.

തസ്‌തിക, ഒഴിവ്, യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

കാറ്റഗറി–1 (ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, മിനിസ്‌ട്രി ഓഫ് മൈൻസ്)

1. ജിയോളജിസ്‌റ്റ്, ഗ്രൂപ്പ് –എ: 79 ഒഴിവ്.

2. ജിയോഫിസിസിസ്‌റ്റ് ഗ്രൂപ്പ് –എ: 5 ഒഴിവ്.

3. കെമിസ്‌റ്റ്, ഗ്രൂപ്പ്–എ: 15 ഒഴിവ്.

കാറ്റഗറി–2 (സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്, മിനിസ്‌ട്രി ഓഫ് വാട്ടർ റിസോഴ്‌സസ്)

1. ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ് (സയന്റിസ്‌റ്റ് ബി) ഗ്രൂപ്പ് എ: 3 ഒഴിവ്.

പ്രായം: ജിയോളജിസ്‌റ്റ്, ജിയോഫിസിസ്‌റ്റ്, കെമിസ്‌റ്റ്: 21–32 വയസ്സ്. 1988 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.

ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ്: 21–35 വയസ്സ്. 1985 ജനുവരി രണ്ടിനു മുൻപോ 1999 ജനുവരി ഒന്നിനു ശേഷമോ ജനിച്ചവരാകരുത്.

2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ്. മറ്റ് യോഗ്യരായവർക്കും നിയമാനുസൃത ഇളവു ലഭിക്കും.

യോഗ്യത തസ്‌തിക തിരിച്ചു ചുവടെ.

ജിയോളജിസ്‌റ്റ്: ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ എക്‌സ്‌പ്ലൊറേഷൻ/ മിനറൽ എക്‌സ്‌പ്ലൊറേഷൻ/ എൻജിനീയറിങ് ജിയോളജി/ മറൈൻ ജിയോളജി/ എർത് സയൻസ് ആൻഡ് റിസോഴ്‌സ് മാനേജ്‌മെന്റ്/ ഓഷ്യനോഗ്രഫി ആൻഡ് കോസ്‌റ്റൽ ഏരിയാസ് സ്‌റ്റഡീസ്/ പെട്രോളിയം ജിയോ സയൻസസ്/ പെട്രോളിയം എക്‌സ്‌പ്ലൊറേഷൻ/ ജിയോകെമിസ്‌ട്രി/ ജിയോളജിക്കൽ ടെക്‌നോളജി/ ജിയോഫിസിക്കൽ ടെക്‌നോളജിയിൽ പിജി ബിരുദം.

ജിയോഫിസിസിസ്‌റ്റ്: ഫിസിക്‌സ്/ അപ്ലൈഡ് ഫിസിക്‌സ്/ ജിയോഫിസിക്‌സ്/ അപ്ലൈഡ് ജിയോഫിസിക്‌സ്/ മറൈൻ ജിയോഫിസിക്‌സ് എംഎസ്‌സിഅല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി (എക്‌സ്പ്ലൊറേഷൻ ജിയോഫിസിക്‌സ്) അല്ലെങ്കിൽ എംഎസ്‌സി (ടെക്) (അപ്ലൈഡ് ജിയോഫിസിക്‌സ്).

കെമിസ്‌റ്റ്: കെമിസ്‌ട്രി/ അപ്ലൈഡ് കെമിസ്‌ട്രി/ അനലിറ്റിക്കൽ കെമിസ്‌ട്രിയിൽ എംഎസ്‌സി.ജൂനിയർ ഹൈഡ്രോജിയോളജിസ്‌റ്റ്: ജിയോളജി/ അപ്ലൈഡ് ജിയോളജി/ മറൈൻ ജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം). അല്ലെങ്കിൽ ഹൈഡ്രോജിയോളജിയിൽ പിജി ബിരുദം/ പിജി ഡിപ്ലോമ (കുറഞ്ഞത് രണ്ടു വർഷം).

മേൽപ്പറഞ്ഞ രണ്ടു കാറ്റഗറിയിലും പൊതുയോഗ്യത നേടിയവർക്കു രണ്ടു തസ്‌തികയിലേക്കും അപേക്ഷിക്കാം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ നിശ്‌ചിത തീയതിക്കകം യോഗ്യത നേടണം.

തിരഞ്ഞെടുപ്പ്: ജനുവരി 19നു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രിലിമിനറി പരീക്ഷ നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്. ചെന്നൈയും ബെംഗളൂരുവുമാണ് കേരളത്തിനു തൊട്ടടുത്ത കേന്ദ്രങ്ങൾ. മെയിൻ പരീക്ഷയ്ക്കു ചെന്നൈയാണ് അടുത്തുള്ള കേന്ദ്രം. 400 മാർക്കിന്റേതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 600 മാർക്കിന്റേതാണ്.

രണ്ടാംഘട്ടമായ പഴ്സനാലിറ്റി ടെസ്റ്റിന് പരമാവധി മാർക്ക് 200. പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങളും വിശദമായ സിലബസും വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷാഫീസ്: 200 രൂപ. വിസാ/ മാസ്‌റ്റർ/റുപേ/ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയും എസ്‌ബിഐ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും ഫീസടയ്‌ക്കാവുന്നതാണ്. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടും ഫീസ് അടയ്‌ക്കാം. സ്‌ത്രീകൾക്കും പട്ടികജാതി/ വർഗക്കാർക്കും വികലാംഗർക്കും ഫീസില്ല. നേരിട്ട് പണമടയ്ക്കുന്നവർ ഒക്ടോബർ 14 നകം തന്നെ ഫീസ് അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്ക്: www.upsc.gov.in.