ഷിബു മാത്യൂ
മലയാളം യുകെയില്‍ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ബാബു തോമസ്സ് പൂഴിക്കുന്നേല്‍ എഴുതുന്ന ഉഴവൂര്‍ കോളേജ് വിശേഷങ്ങള്‍ പുസ്തകമാകുന്നു. നവംബര്‍ ഇരുപതിന് രാവിലെ പതിനൊന്നു മണിക്ക് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കരയിലുള്ള നവജീവന്‍ ഓഡിറ്റോറിയത്തില്‍ പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടക്കും. ഡോ. സാബു തോമസ്, വൈസ് ചാന്‍സിലര്‍ MG യൂണിവേഴ്‌സിറ്റി കോട്ടയം, മോന്‍സ് ജോസഫ് MLA, തോമസ്സ് ചാഴികാടന്‍ Ex MLA, ഫാ. എബ്രഹാം പറമ്പേട്ട്, ഫാ. സജി കൊച്ചുപറമ്പില്‍, ഡോ. സി. കരുണ SVM, ജോണി ലൂക്കോസ് എന്നിവരുള്‍പ്പെടെ സമൂഹത്തിലെ നിരവധി പ്രമുഖര്‍ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കും.

ഉഴവൂര്‍ ദേശം വളര്‍ത്തിയ കലാലയമായ
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ്.
35 വര്‍ഷം നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം പ്രൊ. ബാബു പൂഴിക്കുന്നേല്‍ എഴുതി. അത് ഒരു പുസ്തക രൂപത്തിലാവുകയാണിവിടെ. പ്രിന്‍സിപ്പല്‍, പ്രഭാഷകന്‍, സംഘാടകന്‍, സഞ്ചാരി, സഹൃദയന്‍, എഴുത്തുകാരന്‍, ചിന്തകന്‍, സഭയുടെ പി. ആര്‍. ഒ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ മൂന്നു പതിറ്റാണ്ടിലേറെയുള്ള പ്രവര്‍ത്തനങ്ങളിലെ അറിയപ്പെടാത്ത അദ്ധ്യായങ്ങള്‍. ഇതെല്ലാം കൂട്ടിച്ചേര്‍ത്തതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. കൂടാതെ ഉഴവൂര്‍ ദേശം വിദ്യാര്‍ത്ഥികളോടൊപ്പം കഥാപാത്രങ്ങളാവുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷത ബാബു തോമസ്സിന് മനുഷ്യരോടുള്ള ആര്‍ദ്രതയും മനുഷ്യരെ അവരുടെ നന്മതിന്മകളോടെ അംഗീകരിക്കാനുള്ള ശേഷിയുമാണെന്ന് കെ. ആര്‍ മീരയും വിലയിരുത്തി. പ്രൊഫ. ബാബു തോമസ്സിന്റെ അറുപതാം പിറന്നാളിലാണ് പുസ്തകത്തിന്റെ പ്രകാശനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അദ്ധ്യാപന ജീവിതത്തിന്റെ സംഭവബഹുലമായ നിമിഷങ്ങളുടെ ആവിഷ്‌കാരം മലയാളം യുകെയില്‍ പ്രസിദ്ധീകരിച്ചത് പുസ്തകമാകുന്നതില്‍ അതീവ സന്തോഷവാനാണെന്ന് മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍ പറഞ്ഞു. വര ആര്‍ട്ട് ഗാലറിയാണ് പുസ്തകം ജനമധ്യത്തിലെത്തിക്കുന്നത്. ഡിസംബര്‍ ആദ്യവാരം മുതല്‍ പുസ്തകം വിപണിയില്‍ എത്തും. കോപ്പികള്‍ മലയാളം യുകെയിലും ലഭ്യമാണ്.