മലപ്പുറം വളാഞ്ചേരിയിൽ തനിച്ച് താമസിച്ചിരുന്ന ഹോം നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹോട്ടൽതൊഴിലാളിയായ യുവാവ് അറസ്റ്റിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി അബ്ദുൽസലാമാണ് അറസ്റ്റിലായത്. ബലാൽസംഗ ശ്രമം വിജയിക്കാതിരുന്നതോടെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം പൂന്തുറ സ്വദേശി നഫീസത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുകയും കുറ്റം സമ്മതിച്ചതോടെ രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് നഫീസത്ത് താമസിക്കുന്ന വീട്ടിലെത്തിയതെന്ന് അബ്ദുൽസലാം പൊലീസിൽ മൊഴി നൽകി. ശാരീരികമായി കീഴ്‌പ്പെടുത്തുന്നതിനിടെയാണ് കഴുത്തിൽ ഷാൾ മുറുക്കിയത്. മരണം ഉറപ്പായതോടെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും നഫീസത്തിന്റെ മൊബൈൽഫോണും കവർന്ന് പ്രതി മംഗലാപുരത്തേക്ക് കടന്നു.

നാട്ടിൽ തന്നെ കുറിച്ച് അന്വേഷണമൊന്നും നടക്കുന്നില്ലെന്ന് തോന്നിയതോടെ മടങ്ങിയെത്തി വെട്ടിച്ചിറയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.അയൽവാസികൾ നൽകിയ സൂചനകളാണ് കേസന്വേഷണത്തിൽ നിർണ്ണായകമായതെന്ന് പൊലീസ് അറിയിച്ചു. നഫീസത്തിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്താൻ സഹായകമായി. നഫീസത്തിനെ കൊലപ്പെടുത്തിയ ക്വാർട്ടേഴ്‌സിലും ,ആഭരണവും മൊബൈൽഫോണും വിറ്റ കടകളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.ചൊവ്വാഴ്ചയായിരുന്നു നഫീസത്തിനെ വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.