വാന്‍കൂവര്‍: കാനഡയിലെ വാന്‍കൂവറിലെ ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ തോത് കാണിക്കാന്‍ പോലീസ് പുറത്തുവിട്ട ചിത്രം ശ്രദ്ധേയമാകുന്നു. മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ഉപയോഗിച്ച് പ്രാവുകള്‍ നിര്‍മിച്ച കൂടിന്റെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയതാണ് ഈ പ്രാവിന്‍ കൂടെന്നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നല്‍കിയ പോലീസ് സൂപ്പറിന്റെന്‍ഡന്റ് മിഷേല്‍ ഡേവി പറയുന്നത്. നഗരം നേരിടുന്ന മയക്കുമരുന്ന് വിപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് അവര്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഇത് തട്ടിപ്പാണെന്നാണ് സോ്ഷ്യല്‍ മീഡിയ വിശദീകരിക്കുന്നത്. ക്യൂബെക് ആന്‍ഡ് മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ലുക് അലെയ്ന്‍ ജിറാള്‍ഡോ ഇത് യഥാര്‍ത്ഥത്തിലുള്ള പ്രാവിന്‍കൂട് അല്ലെന്ന് വ്യക്തമാക്കി. പ്രാവുകള്‍ സാധാരണയായി രണ്ട് മുട്ടകള്‍ മാത്രമാണ് ഇടാറുള്ളത്. ചിത്രത്തില്‍ കൂടുതല്‍ മുട്ടകള്‍ കാണുന്നുണ്ട്. പ്രാവിന്‍ കൂട്ടില്‍ മുട്ടകള്‍ക്ക് ചൂട് കിട്ടുന്നതിനായി പ്രാവുകളുടെ കാഷ്ഠം ഉപയോഗിക്കാറുണ്ട്. ചിത്രത്തില്‍ അത് കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. പരന്ന പ്രതലത്തിലാണ പ്രാവുകള്‍ കൂടുകൂട്ടുന്നത്. ഒരു വാഷ്‌ബേസിനിലാണ് സിറിഞ്ച് കൂട് കാണപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇത് പ്രാവിന്റെ കൂട് അല്ലെന്നാണ് അദ്ദേഹം വിശദമാക്കുന്നത്.

എന്നാല്‍ ഇത്തരം തര്‍ക്കങ്ങളേക്കാള്‍ നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് ഈ ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ മയക്കുമരുന്നായ ഫെന്റാനില്‍ അമിത അളവില്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് 9 പേര്‍ 24 മണിക്കൂറിനുള്ളില്‍ ഈ പ്രദേശത്ത് മരിച്ചിരുന്നു. ചിത്രത്തില്‍ കൃത്രിമത്വം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.