ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിന് തന്നെ. കോൺഗ്രസ്സിൽ സ്ഥാനാർത്ഥി മോഹികളുടെ എണ്ണം പെരുകുമ്പോൾ, സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എൽഡിഎഫ്. ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് ഉയരുന്നത്.

ഗവർണ്ണർ പദവി രാജിവെപ്പിച്ച് കുമ്മനത്തെ എംപിയാക്കാനുള്ള ബിജെപിയുടെ നീക്കം പാളി. എന്നാൽ വട്ടിയൂർകാവിൽ കുമ്മനം വഴി നിയമസഭയിലെ രണ്ടാം താമരയെന്ന സ്വപ്നം പാർട്ടിയുടെ പല ജില്ലാ നേതാക്കളും പങ്ക് വെച്ച് തുടങ്ങിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പോരും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരന് തൊട്ടുപിന്നിലെത്തിയതും കുമ്മനത്തിൻറെ പ്ലസ്സായി പാർട്ടി കാണുന്നു. കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആർഎസ്എസിന്റേതാവും. കുമ്മനമില്ലെങ്കിൽ ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് അടക്കമുള്ളവർക്കും സാധ്യതയുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരൻ 7622 വോട്ടിനാണ് കുമ്മനത്തെ വീഴ്ത്തിയത്. ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ലീഡ് മൂവായിരമായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒ രാജഗോപാലിന് ലീഡ് ലഭിച്ച സ്ഥലമായിരുന്നു ഇവിടം.

പത്മജാ വേണുഗോപാൽ, പിസി വിഷ്ണുനാഥ്, പ്രയാർ ഗോപാലകൃഷ്ണൻ, കെ.മോഹൻകുമാർ അങ്ങിനെ സ്ഥാനാർത്ഥികളാകാനുള്ളവരുടെ നീണ്ടനിര കോൺഗ്രസ്സിന് മുന്നിലുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വീണ്ടും മൂന്നാമത് പോയതിന്റെ നാണക്കേട് മാറ്റാൻ ഇടതിന് വട്ടിയൂർകാവ് ജയം അനിവാര്യമാണ്. മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.എൻ.സീമ മൂന്നാം സ്ഥാനമായതും വിവാദമായിരുന്നു. എം വിജയകുമാർ, മേയർ വികെ പ്രശാന്ത് എന്നിവരെ സ്ഥാനാർത്ഥികളായി സിപിഎം പരിഗണിക്കുന്നുണ്ട്. മൂന്ന് മുന്നണികളും കച്ചമുറുക്കുമ്പോൾ തലസ്ഥാനത്ത് വീണ്ടും ഒരുങ്ങുന്നത് ശക്തമായ ത്രികോണപ്പോര്.