വയനാട്, അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത വിനോദസഞ്ചാര ആശയങ്ങളൊക്കെയും പൊളിച്ചെഴുതിക്കൊണ്ട് സഞ്ചാരികള്‍ക്കായി പുതിയ ആകര്‍ഷണങ്ങളാണ് വയനാട് ഒരുക്കിവെച്ചിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വിസ്മയമായി കണ്ണാടിപാലവും. സൗത്ത് ഇന്ത്യയില്‍ ആദ്യമായി ഇതാ സഞ്ചാരികള്‍ക്കായി ഗ്ലാസ് ബ്രിഡ്ജ് അനുഭവം വയനാട്ടിലെത്തിയാല്‍ ആസ്വദിക്കാം. 2016 ല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചൈനയിലെ കണ്ണാടിപ്പാലത്തിന്റെ ചെറിയ ഒരു പതിപ്പാണിത്. വയനാട്ടിലെ ഈ അദ്ഭുതം സഞ്ചാരികള്‍ അറിഞ്ഞു വരുന്നതേയുള്ളൂ.

വയനാടിന്റെ ഹരിതഭംഗിക്ക് മാറ്റ്കൂട്ടുന്നയിടമായ തൊള്ളായിരം കണ്ടിയിലാണ് ഈ കണ്ണാടിപാലം. മേപ്പാടിയില്‍ നിന്നും വെറും 13 കിലോമീറ്റര്‍ അകലെയാണ് 900കണ്ടി. തൊള്ളായിരംക്കണ്ടി വരെ സ്വന്തം കാറില്‍ യാത്രപോകാം. അവിടെ നിന്നും കണ്ണാടിപാലത്തിലേക്കുള്ള യാത്രയ്ക്ക് ജീപ്പില്‍ പോകണം. തൊള്ളായിരംക്കണ്ടി ട്രെക്കിങ്ങിന്റെ അവിടെയാണ് ഈ കാണ്ണാടിപ്പാലവും.