റ്റിജി തോമസ്

ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അവൻ നാൽക്കവലയിലേക്ക് നടന്നു. മഴ പെയ്തു കഴിഞ്ഞ സമയമാണ്. ആ സമയത്ത് നടത്തം അവന് ഒരു രസമായിരുന്നു.

മണ്ണിൻറെ ഹൃദയഹാരിയായ സുഗന്ധം….

ഭൂമിദേവിയുടെ നിശ്വാസവായുവിൻെറ ഗന്ധം അതവനിഷ്ടമായിരുന്നു.

“മഴ പെയ്തു കഴിഞ്ഞിരിക്കുന്ന സമയമാ, തിരിച്ചുവരുമ്പോൾ അന്തിയാകും” ഇറങ്ങിയപ്പോൾ അമ്മയുടെ സ്വരം കേട്ടു. അതൊരു താക്കീതാണ്. പുതുമഴപെയ്തു കഴിഞ്ഞ് പാമ്പിറങ്ങും.

ഭൂമീദേവിയുടെ സുഗന്ധം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പാമ്പായിരിക്കുമോ ആവോ?

ഏതോ പാട്ടിൻറെ ഈരടികൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. ഒരു കൈ കൊണ്ട് ഹാർമോണിയത്തിൽ ശബ്ദമുണ്ടാക്കി കവലയിൽ നിന്നു പാടുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്. ആദ്യം ശ്രദ്ധിച്ചത് മുറുക്കി ചുവപ്പിച്ച ചുണ്ടുകളാണ്. കാണാതെ പഠിച്ച പാട്ടിൻറെ ഈരടികൾ യാന്ത്രികമായി ഉരുവിടുന്ന ചുണ്ടുകൾ.

എണ്ണമയമില്ലാതെ ചെമ്പിച്ച തലമുടി ഒരു തുണികൊണ്ട് അറ്റം കെട്ടിയിരിക്കുന്നു. അവിടെയുമിവിടെയും കീറിയ വസ്ത്രങ്ങൾ….

അവൾക്കു ചുറ്റും ചെറിയൊരാൾക്കൂട്ടമുണ്ട്. അതിനു നടുക്കു നിന്നവൾ പാടുകയാണ്. വൃത്തത്തിൻെറ കേന്ദ്രബിന്ദു പോലെ…..

“ഒരു പാട്ടു കൂടി…..” അവൾ പാട്ട് നിർത്തിയപ്പോൾ ആരോ വിളിച്ചു പറഞ്ഞു.

അവൾ വീണ്ടും പാടി.

വരണ്ട ചുവന്ന ചുണ്ടുകൾ വീണ്ടും യാന്ത്രികമായി ചലിച്ചു…….

പാട്ടു നിർത്തി പെൺകുട്ടി ചുറ്റും നോക്കി. വൃത്തത്തിൻെറ രൂപത്തിന് മാറ്റം വന്നു.

തിരിഞ്ഞു നടക്കുന്നവരുടെ മുഖത്ത് വിവിധ ഭാവങ്ങളുണ്ടായിരുന്നു. ആരെയോ കബളിപ്പിച്ചുവെന്നുള്ള അഭിമാനബോധം അവരുടെ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകി.

ആരൊക്കെയോ ചില്ലറകൾ ഇട്ടുകൊടുത്തു. അവൾ ചിരിച്ചു, നിസ്സംഗതയോടെ….

തോളിൽ തൂക്കിയിരുന്ന ഹാർമോണിയം നേരെയാക്കി അവൾ തിരിച്ചുനടന്നു.

“ടേ, ആ പെണ്ണിനെ കണ്ടോ?” ഗോപിയാണ്

“എന്താ?”
“അവളുടെ ചുണ്ട് കണ്ടോ?”
“ഉം ”
“ത്ര ചെറുപ്പത്തിലെ മുറുക്കുവോ അതും പെൺകുട്ടികള്”
ശരിയാണ് വെറ്റിലക്കറ അവളുടെ ചുണ്ടിലും പല്ലുകളിലും പറ്റിയിരിപ്പുണ്ട്.
” എവിടാ താമസിക്കുന്നേ? അവൻ ചോദിച്ചു.
” ആ? നാടോടികളാണെന്നാ തോന്നുന്നത്”

നാടോടികളെ പറ്റി നേരത്തെ അവൻ കേട്ടിട്ടുണ്ടായിരുന്നു. ഒരിടത്തും സ്ഥിരതാമസമാക്കാതെ ചുറ്റിക്കറങ്ങി നടക്കുന്നവർ. അവർക്ക് സ്വന്തമായി വീടില്ല. ഒന്നോ രണ്ടോ ചാക്കിനകത്താക്കാനുള്ള സാധനങ്ങൾ മാത്രമേ അവരുടെ കയ്യിൽ കാണുകയുള്ളൂ.

ആദ്യകാലത്തെ മനുഷ്യനെപ്പോലെ. നാടോടികളെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അമ്മിക്കല്ല് കൊത്താനും മറ്റും അവർ ചിലപ്പോൾ ഗ്രാമത്തിൽ വരും.

പക്ഷേ ഇങ്ങനെയൊരു പെൺകുട്ടിയെ ആദ്യമായി കാണുകയാണ്. പാട്ടുപാടുന്ന, മുറുക്കുന്ന ചുവന്ന ചുണ്ടോടു കൂടിയ പെൺകുട്ടിയെ.

പെൺകുട്ടി നടന്ന ദിക്കിലേയ്ക്ക് അവർ നടന്നു. ഏതോ ദുഃഖത്തിൻെറ അനുരണനം പോലെ. ഇലകൾ ജലം വർഷിക്കുന്നുണ്ട്.

പുക മുകളിലേയ്ക്ക് ഉയരുന്നത് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിൻറെ വക്കത്തെ ആരൊക്കെയോ ഉണ്ട്. അവർ തന്നെ നാടോടികൾ.

ആഹാരം പാകംചെയ്യാൻ തുടങ്ങുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് ചിലർ ആശങ്കയോടെ മുകളിലേയ്ക്ക് നോക്കുന്നുണ്ട്.

മുകളിൽ വിങ്ങിപ്പൊട്ടാറായി നിൽക്കുന്ന കാർമേഘങ്ങൾ. കൊച്ചുകുട്ടികളെപ്പോലെ മാനത്ത് ഓടിക്കളിച്ചിരുന്നവ ഭീകര രൂപം പൂണ്ടിരിക്കുന്നു.

കാർമേഘങ്ങളെ അവന് ഇഷ്ടമായിരുന്നു. തുടികൊട്ടിപ്പെയ്യുന്ന മഴയത്ത് ചെളിവെള്ളം തെറിപ്പിച്ച് കളിക്കുന്നത് എന്ത് രസമുള്ള കാര്യമാണ്!

പക്ഷേ, ഈ നിമിഷം………………….. എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല?

മഴപെയ്താൽ തടയാൻ ഈ മനുഷ്യർക്ക് മേൽക്കൂരയില്ല . മഴവെള്ളം വീണാൽ അടുപ്പിൽ തീ കത്തില്ല.

“ടേ അതുകണ്ടോ?” ഗോപി ചൂണ്ടി കാണിച്ചു. അടുപ്പിൽ വെള്ളം പിടിച്ചു വെച്ച്, ചമ്രം പടിഞ്ഞിരുന്ന് കത്താത്ത വിറക് കത്തിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്.

അവളുടെ ജീവിതം പോലെ….. കത്തില്ലന്നറിഞ്ഞിട്ടും അവൾ ശ്രമിക്കുകയാണ്. പ്രകൃതിയും അവൾക്കെതിരാണ്. ഭയപ്പെടുത്താനായി ഭീകര രൂപിണികളായ രാക്ഷസിമാരെപ്പോലെ കാർമേഘക്കൂട്ടങ്ങൾ.

അടുത്തുകിടക്കുന്ന ചുള്ളിക്കമ്പുകൾ കാൽമുട്ടിൽ ചേർത്തൊടിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കണ്ണുകൾ കണ്ടു. പുക കുരുങ്ങി കണ്ണുനീർ തളം കെട്ടി കിടക്കുന്ന മിഴികൾ.

അവളുടെ കണ്ണുനീർ തളംകെട്ടിയ മിഴികളിൽ പ്രപഞ്ചത്തിൻറെ പ്രതിബിംബം കാണാം. വിഭ്രംശം സംഭവിച്ച പ്രതിബിംബങ്ങൾ.

തിരിഞ്ഞു നടക്കുമ്പോൾ അവൻെറ മനസ്സ് നിറയെ പെൺകുട്ടിയുടെ കണ്ണുനീർ തളംകെട്ടിയ മിഴികളായിരുന്നു. വിഭ്രംശിക്കുന്ന പ്രതിബിംബങ്ങളുമായി നിൽക്കുന്ന മിഴികൾ.

 

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവ .                                   [email protected]

 

 

 

വര : അനുജ സജീവ്