സോഷ്യൽ മീഡിയ വ്യാപകമായതോടെ പല അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറംലോകത്തു വൈറലാകുന്നു. അതിലൂടെ അപകടത്തിൽ തെറ്റുകൾ ആരുടെ ഭാഗത്തു എന്ന് ജനം മനസിലാക്കുകയും ന്യായികരങ്ങൾ നിരത്തി പ്രതികരിക്കാനും തുടങ്ങി. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുന്നത്. നിറയെ യാത്രികരുമായി കൊടുംവളവില്‍ വച്ച് ഒരു ജീപ്പിനെ അതിവേഗം ഓവര്‍ടേക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുന്ന ഒരു ചരക്ക് ലോറിയും രണ്ട് കാറുകളുമാണ് ഈ വീഡിയോയിലെ മുഖ്യ കഥാപാത്രങ്ങള്‍.

അപകടകരമായ വേഗത്തിൽ ജീപ്പിനെ മറികടക്കുകയാണ് ബസ്. അതിനിടെ വളവിൽ മെയിന്‍ റോഡിലേക്ക് കയറിവരാന്‍ ശ്രമിക്കുകയാണ് ഒരു കാര്‍. മറ്റൊരു കാര്‍ കൃത്യമായി വളവിലെ ബ്ലൈന്‍ഡ് സ്‍പോട്ടില്‍ തന്നെ അപകടകരമായി നിലയില്‍ പാര്‍ക്കും ചെയ്‍തിരിക്കുന്നു. സകല റോഡുനിയമങ്ങളും കാറ്റില്‍പ്പറത്തി പാഞ്ഞു വരുന്ന ബസില്‍ ഇടിക്കാതിരിക്കാന്‍ ലോറി ഡ്രൈവര്‍ വണ്ടി ഇടത്തേക്ക് വെട്ടിക്കുന്നു. ലോറിക്ക് വേഗം കുറവായിരുന്നതിനാലും സമയോചിതമായി വെട്ടിച്ചതിനാലും ബസിലെ നിരവധിയാളുകളുടെ ജീവനാണ് ലോറി ഡ്രൈവര്‍ രക്ഷിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പക്ഷേ ഇടതുവശത്ത് ഒട്ടും സ്ഥലമില്ലാത്തതിനാല്‍ അപകടകരമായി പാര്‍ക്ക് ചെയ്‍തിരിക്കുന്ന കാറിന്‍റെ പിന്നില്‍ ഇടിച്ചാണ് ലോറി നിന്നത്.

തുടര്‍ന്ന് കാറിലുള്ളവരും ഓടിക്കൂടിയവരില്‍ ചിലരുമൊക്കെച്ചേര്‍ന്ന് ലോറി ഡ്രൈവറെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. വന്‍ ദുരന്തം ഒഴിവാക്കിയ ലോറി ഡ്രൈവറെ കാര്യമറിയാതെ പലരും മര്‍ദ്ദിക്കുമ്പോഴും അപകടത്തിന്‍റെ മൂലകാരണക്കാരനായ കെഎസ്ആര്‍ടിസി ബസും ഡ്രൈവറും അമിതവേഗതയില്‍ തന്നെ അകന്നുപോകുന്നതും കാണാം.

എവിടെ എപ്പോള്‍ നടന്ന സംഭവമാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും നാട്ടിലെ തീരാശാപങ്ങളെയെല്ലാം ഈ വീഡിയോയില്‍ കാണാം എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയിലും യൂടൂബിലുമൊക്കെ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.