മിനിസ്‌ക്രീന്‍ താരം വിവേക് ഗോപന്‍ ബിജെപിയില്‍ അംഗത്വമെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം നില്‍ക്കുന്ന വിവേക് ഗോപന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവേക് ബിജെപിയില്‍ അംഗത്വമെടുത്തെന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ വിവേക് ഗോപനോ നേതാക്കളോ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചോദിച്ചു കൊണ്ട് വിവേക് ഗോപന്‍ രംഗത്തെത്തിയിരുന്നു. ‘പരസ്പരം’ എന്ന സീരിയലിലൂടെയാണ് വിവേക് ശ്രദ്ധേയനായത്.

2011ല്‍ പുറത്തിറങ്ങിയ ഒരു മരുഭൂമിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്. പുള്ളക്കാരന്‍ സ്റ്റാറാ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി 15 ഓളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അതേസമയം, കൃഷ്ണകുമാര്‍, പ്രവീണ എന്നീ താരങ്ങളുടെ പേരുകളും ബിജെപി സ്ഥാനാര്‍ത്ഥി ആകുമെന്ന തരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന് വ്യക്തമാക്കി കൃഷ്ണകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും വാര്‍ത്ത ആരോ സൃഷ്ടിച്ചതാണെന്നും പറഞ്ഞ് നടി പ്രവീണയും രംഗത്തെത്തിയിരുന്നു. സംവിധായകന്‍ രാജസേനന് ബിജെപി ഇത്തവണ സീറ്റ് നല്‍കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെടുമങ്ങാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രാജസേനന്‍.