സ്വന്തം ലേഖകൻ

യു കെ :- അടുത്ത വെള്ളിയാഴ്ച മുതൽ വെയിൽസിൽ 17 ദിവസത്തെ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ ഉള്ള തീരുമാനം ഗവൺമെന്റ് കൈക്കൊണ്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു.കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ടിന്റെ പക്കൽ നിന്നും പുറത്തുവന്ന കത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതായി പറയുന്നത്. ഞായറാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് കത്തിൽ പറയുന്നത്. ഇതനുസരിച്ച് പബ്ബുകളും, റസ്റ്റോറന്റുകളും, മറ്റും തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ല. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ എടുത്ത തീരുമാനങ്ങൾ മാറ്റം വരുത്തിയതായി റിപ്പോർട്ടിലില്ല. നവംബർ രണ്ടുമുതൽ പ്രൈമറി സ്കൂളുകൾ തുറക്കും എന്നാണ് നിലവിലെ തീരുമാനം.

കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ട് റീജിയണൽ ഡയറക്ടർ ജോൺ പോക്കറ്റ് എഴുതിയ കത്ത് ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ഒക്ടോബർ 23 വെള്ളി മുതൽ നവംബർ ഒൻപത് തിങ്കൾ വരെ വെയിൽസിൽ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ഇരുവരെയും ഗവൺമെന്റ് കൈക്കൊണ്ടിട്ടില്ല. ഇതോടെ രോഗബാധ തുടങ്ങിയ മാർച്ചിലെ സാഹചര്യം പോലെ തന്നെ വെയിൽസിൽ വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലോക്ക്ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞാൽ പബ്ലിക് ട്രാൻസ്പോർട്ട് അത്യാവശ്യ യാത്രകൾക്കു മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പ് തിങ്കളാഴ്ചയോടെ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊറോണ ബാധ കൂടുതലുള്ള യുകെയിലെ പ്രദേശങ്ങളിൽ നിന്നും ആളുകൾ വെയിൽസിലേയ്ക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ മുതൽ നിലവിൽ വന്നു. രോഗബാധയെ നിയന്ത്രിക്കാൻ ഉള്ള എല്ലാ തീരുമാനങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.