മലയാളം യു കെയുടെ ആരംഭകാലം മുതൽ എല്ലാ ഞായറാഴ്ചയും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തി ഒരു ചെറിയ ഇടവേളയ്ക്കുശേഷം ഒട്ടേറ പുതുമകളുമായി ആടുത്ത ഞായറാഴ്ച മുതൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 എന്ന പേരിൽ ആരംഭിക്കുന്നു. വീക്കെൻഡ് കുക്കിങ്ങിന്റെ അമരക്കാരനായ ബേസിൽ ജോസഫിനൊപ്പം ബാസിൽഡണിൽ നിന്നും ഷെഫ് ജോമോൻ കുര്യാക്കോസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സണും, കെന്റിലെ ഡാറ്റ്ഫോർഡിൽ നിന്ന് സുജിത് തോമസും കൂടി കൈ കോർക്കുമ്പോൾ വീക്കെൻഡ് കുക്കിംഗ് സീസൺ 2 മലയാളം യൂകെയുടെ വായനക്കാരുടെ തീൻ മേശകളെ മോടി കൂട്ടും എന്ന് നിസംശയം പറയാം .

ഷെഫ് ജോമോൻ കുര്യാക്കോസ്

ജോമോൻ കുര്യാക്കോസ്

ആഹാരത്തോടുള്ള പ്രേമം കാരണം ഹോട്ടൽ മാനേജ്മന്റ് പഠിച്ചു കഴിഞ്ഞ് 13 വർഷമായി ലണ്ടനിൽ ജോലി നോക്കുന്നു. ഇപ്പോൾ ദി ലളിത് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിന്റെ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുന്നു. പരിമിതികൾ ഏറെയുണ്ടായിട്ടും നമ്മുടെ നാടൻ ഫുഡിനെ അതിന്റെ രുചിക്ക് വ്യത്യാസം വരുത്താതെ കാഴ്ചയിലും പേരിലും മാറ്റം വരുത്തി അതിനെ പുതുതായി ആൾക്കാരിലേക്കു എത്തിക്കുക എന്നുള്ളതാണ് ജോമോന്റെ ഏറ്റവും വലിയ ആഗ്രഹം. ഈ സ്വപ്ന സാക്ഷാത്കാരത്തിനായി ജോമോൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി നമ്മുടെ പല നാടൻ ഡിഷുകളും വളരെ ആകർഷകമായി പ്ലേറ്റിംഗ് ചെയ്ത് വിവിധ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നു. ഭക്ഷണം വളരെ ശ്രദ്ധയോടെ പാകം ചെയ്യാൻ മാത്രമേ നമ്മൾ ഏവരും ശ്രമിക്കാറുള്ളു, എന്നാൽ പാകം ചെയ്യുന്നതിനൊപ്പം അത് പ്ലേറ്റിൽ ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുക്കുന്ന പരിശ്രമങ്ങളുടെ നേർകാഴ്ച്ച വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും.

ലോക പ്രശസ്ത പാചക പരിപാടി ആയ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം, ഓൺലൈൻ മാധ്യമങ്ങളിൽ ഒന്നായ ബ്രിട്ടീഷ്മലയാളിയുടെ ദി ന്യൂസ് പേഴ്‌സൺ ഓഫ് ദി ഇയർ,100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം ജോമോന് സ്വന്തം. ലോക്ക്ഡൗൺ കാലത്ത് ഓൺലൈനിൽ കൂടി ഇന്ത്യയിലെയും യൂകെയിലെയും വിവിധ കാറ്ററിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചർ, ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിൽ ലണ്ടൻ കലാഭവൻ അവതരിപ്പിച്ച ‘We shall overcome ‘ എന്ന ഓൺലൈൻ ഷോയിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളിൽ ജോമോൻ സജീവമാണ് . ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിയായ ജോമോൻ ,ഭാര്യ ലിൻജോ മക്കളായ ജോവിയാൻ, ജോഷേൽ, ജോഷ്‌ലീൻ എന്നിവരൊപ്പം എസ്സെക്സിലെ ബാസിൽഡണ്ണിൽ താമസിക്കുന്നു.

സുജിത് തോമസ്

സുജിത് തോമസ്

പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ്, വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു. പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു. വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.

മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും, പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ്.

ലണ്ടനിൽ കുട്ടികളുടെ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആയ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ, പീഡിയാട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത പ്രവിത്താനം സ്വദേശിയാണ്. ഭാര്യ ഡയാന, മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

മിനു നെയ്സൺ പള്ളിവാതുക്കൽ

മിനു നെയ്സൺ പള്ളിവാതുക്കൽ

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ. cooking is an art…..പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല…. മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും, രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു.

ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം. കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മനോഹരങ്ങളായ കേക്കുകളും പെസ്ട്രികളും തയ്യാറാക്കുന്ന മിനു വരും ആഴ്ചകളിൽ വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരുടെ രുചി മുകുളങ്ങൾക്ക് അവിസ്മരണീയ അനുഭൂതികൾ നൽകും എന്നതിൽ തർക്കമില്ല .മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ് മിനുവിന്റെ ഭർത്താവ്. നെയ്സൺ ജോർജ്ജിനൊപ്പം മക്കളായ ആഞ്ചലീന ,ടിം എന്നിവരും അമ്മയുടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ കൂടെയുണ്ട് .

ബേസിൽ ജോസഫ്

ബേസിൽ ജോസഫ്

മലയാളം യൂകെയുടെ വായനക്കാർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത വ്യക്തി. ഭക്ഷണം കഴിക്കുന്നതിൽ ആണ് മലയാളികൾക്ക് കൂടുതൽ ഇഷ്ടം. എന്നാൽ ബേസിൽ ജോസഫിന് അങ്ങനെയല്ല മറിച്ചു അത് ഉണ്ടാക്കി മറ്റുള്ളവരെ കഴിപ്പിക്കുന്നതിലും അവരുടെ മുഖത്തെ പുഞ്ചിരിയിലും ആണ് താത്പര്യം. വീക്കെൻഡ് കുക്കിംഗിലൂടെ 200 ൽ അധികം റെസിപ്പികൾ ആണ് ബേസിൽ പരിചയപ്പെടുത്തിയത്. ഈ റെസിപ്പികൾ ലോകത്തിലെ തന്നെ പ്രമുഖ പബ്ലിക്കേഷൻസ് ആയ ഡി സി ബുക്ക്സ് ബാച്ചിലേഴ്സ് പാചകം എന്ന പേരിൽ 2018 ൽ പ്രസിദ്ധീകരിച്ചു. മലയാളം യു കെ എക്സൽ അവാർഡ്, യുക്മ സിൽവർ സ്റ്റാർ അവാർഡ്, അഥീനിയം റൈറ്റേഴ്സ് സൊസൈറ്റി അവാർഡ്, 100 മോസ്റ്റ് ഇൻഫ്ലുവെൻഷ്യൽ യുകെ മലയാളി പേഴ്സണാലിറ്റീസ് 2021 തുടങ്ങി നിരവധി അവാർഡുകൾ ഇതിനകം സ്വന്തം. യു കെയിൽ വെയിൽസിലെ ന്യൂപോർട്ടിൽ ഭാര്യ റോഷൻ ,മക്കളായ നേഹ, നോയൽ എന്നിവർക്കൊപ്പം താമസം .

മലയാളം യൂകെയുടെ പ്രാരംഭകാലം മുതൽ എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന വീക്കെൻഡ് കുക്കിംഗ് എന്ന പംക്തിയുടെ അമരക്കാരനായ ബേസിൽ ജോസഫ് തന്നെയാണ് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റേയും ചുക്കാൻ പിടിക്കുന്നത്. മലയാളം യു കെയുടെ പ്രിയപ്പെട്ട വായനക്കാർക്ക് വീക്കെൻഡ് കുക്കിംഗ് സീസൺ 2 ഒരു വ്യത്യസ്തമായ അനുഭവം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.