ബേസിൽ ജോസഫ്

ഈ റെസിപ്പിക്ക് കാരണമായത് പ്രിയ സുഹൃത്തായ അജിത് പാലിയത്തിന്റെ പൈ പുരാണം എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റും അതിൽ വന്ന കമന്റുകളും ആണ്. അപ്പോൾ മനസ്സിലായി മലയാളികൾക്ക് ഒക്കെ പൈ ഇഷ്ടമാണ് പക്ഷെ അതിൽ പാരമ്പരഗതമായി ഉപയോഗിക്കുന്ന ഫില്ലിംഗ് ആണ് എല്ലാവർക്കും ഇഷ്ടക്കുറവ് അപ്പോൾ ആലോചിച്ചു എങ്ങനെ നമുക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഇതിനെ ഒന്ന് മാറ്റിയെടുത്താലോ എന്ന്. വീക്കെൻഡ് കുക്കിംഗ് സീസൺ 2 ടീമുമായി ഈ ആശയം പങ്കുവച്ചു. അവസാനം വിന്താലു മസാലയിൽ പോർക്ക് ജോയിന്റ് സ്ലോ കുക്ക് ചെയ്ത് പോർക്ക് ഫില്ലിംഗ് ഉണ്ടാക്കിയാൽ ഏറെ വ്യത്യസ്തമായിരിക്കും എന്ന ഒരു തീരുമാനത്തിൽ എത്തിച്ചേരുകയും അത് പരീക്ഷിക്കുകയും ചെയ്തു. വിന്താലു മസാല ആണ് ഈ ഡിഷിന്റെ കാതൽ. വിന്താലു എന്ന പേര് പോർച്ചുഗീസ് ഡിഷ് ആയ “carne de vinha d’alhos” നിന്നും ഉണ്ടായതാണ്. വിശദമായ പാചക വിധി താഴെ വിവരിക്കുന്നു.

ചേരുവകൾ

1)പോർക്ക്‌ മീഡിയം സൈസ് ജോയിൻറ് (750 ഗ്രാം )
2)സബോള 3 എണ്ണം
വെളുത്തുള്ളി 1 കുടം
ഇഞ്ചി 50 ഗ്രാം
വറ്റൽ മുളക് 10 എണ്ണം
ഗ്രാമ്പൂ 1 ടീസ്പൂണ്‍
കുരുമുളക് 1 ടീസ്പൂണ്‍
കറുവാപട്ട 1 പീസ്
ശർക്കര 25 ഗ്രാം
മഞ്ഞൾ പൊടി 1 ടീസ്പൂണ്‍
വിനാഗിരി 1 കപ്പ്‌ (50 മില്ലി)
3) ടൊമറ്റോ 1 എണ്ണം
4)ഓയിൽ 2 ടീസ്പൂണ്‍
5)പഫ് പേയ്സ്റ്റ്റി ഷീറ്റ്സ് – 2 എണ്ണം
ഉപ്പ് ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

വിന്താലു മസാല ഉണ്ടാക്കുന്നതിനായ് ഒരു സബോളയും ബാക്കിയുള്ള രണ്ടാമത്തെ ചേരുവകൾ വിനാഗിരിയിൽ ചേർത്ത് അരച്ച് എടുക്കുക്കുക. നല്ല കുഴിവുള്ള ഒരു പാനിൽ (കാസറോൾ പാൻ) ഓയിൽ ചൂടാക്കി ഫൈൻ ആയി ചോപ് ചെയ്ത 2 സബോള ,ടൊമറ്റോ, 2 അല്ലി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സബോള ഗോൾഡൻ നിറമായി കഴിയുമ്പോൾ അരച്ചുവച്ച മസാലയും ചേർത്ത് വഴറ്റുക. മസാല കുക്ക് ആയി കഴിയുമ്പോൾ പോർക്ക് (മുറിക്കാതെ ഒറ്റ പീസ് ആയി ) ചേർത്ത് വീണ്ടും ഇളക്കി ആവശ്യത്തിനു വെള്ളവും, ഉപ്പും ചേർത്ത് മൂടി വച്ച് ചെറു തീയിൽ 90 മിനിറ്റു കുക്ക് ചെയ്യുക. പോർക്ക് വെന്തുകഴിയുമ്പോൾ പുറത്തെടുത്തു ഒരു ഫോർക്ക് കൊണ്ട് പോർക്ക് ചെറുതായി മിൻസ് രീതിയിൽ ചീന്തിയെടുക്കുക (തൊലി ഒഴിവാക്കി മീറ്റ് മാത്രം). ഇങ്ങനെ ചീന്തിയെടുത്ത പോർക്ക് വീണ്ടും അതെ ഗ്രേവിയിൽ ഇട്ട് നന്നയി വറ്റിച്ചെടുക്കുക. ഓവൻ 200 ഡിഗ്രിയിൽ പ്രീഹീറ്റ്ചെയ്യുക. ഒരു ബേക്കിങ് ഡിഷിൽ പഫ് പേയ്സ്റ്ററി കൊണ്ട് ബേസ് ഉണ്ടാക്കി അതിലേയ്ക്ക് ഈ മിശ്രിതം മാറ്റി മുകളിൽ മറ്റൊരു പഫ് പേയ്സ്റ്ററി ഷീറ്റ് കൊണ്ട് കവർചെയ്ത് അടിച്ച മുട്ടയോ ഓയിലോ ഒരു ബ്രഷ് ഉപയോഗിച്ച് പേയ്സ്ട്രയിക്ക് മുകളിൽ പുരട്ടി .ചൂടായ ഓവനിൽ 15 മിനിറ്റ് ബേക്ക് ചെയ്ത് സെർവിങ് ഡിഷിലേയ്ക്ക് മാറ്റുക. ( മസാല അരയ്ക്കുമ്പോൾ കുറച്ചു ഗോവൻ കോക്കനട്ട് ഫെനി കൂടി ചേർത്താൽ ഈ മസാല പ്രെസെർവ് ചെയ്തു കേടു കൂടാതെ സൂക്ഷിക്കാൻ പറ്റും. ബീഫ് ,മട്ടണ്‍ ,ചിക്കൻ എന്നിവ ഉപയോഗിച്ചും വിന്താലു ഉണ്ടാക്കുമെങ്കിലും പോർക്ക്‌ ആണ് ഓതെന്റിക് വിന്താലു ആയി ഉപയോഗിക്കുന്നത്).

ബേസിൽ ജോസഫ്