രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന രോഹിത് ശർമയുടെ റെക്കോർഡിലേക്ക് ക്യാപ്റ്റൻ വിരാട് കോലി ബാറ്റുവീശിയ മൽസരത്തിൽ, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി20യിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, അഞ്ചു പന്തു ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫോമിലേക്കു മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തകർപ്പൻ അർധസെഞ്ചുറിയും ഇന്ത്യൻ വിജയം അനായാസമാക്കി. മൂന്നാം വിക്കറ്റിൽ കോലി–പന്ത് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് (105) തീർത്തു. ഇതോടെ, മൂന്നു മൽസരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം ജയമാണിത്.

കോലി 45 പന്തിൽ ആറു ബൗണ്ടറി സഹിതം 59 റൺസെടുത്തു പുറത്തായപ്പോൾ, പന്ത് 42 പന്തിൽ നാലു ബൗണ്ടറിയും നാലു സിക്സും സഹിതം 65 റണ്‍സോടെ പുറത്താകാതെ നിന്നു. മനീഷ് പാണ്ഡെ രണ്ടു റൺസുമായി പന്തിനു കൂട്ടുനിന്നു. ഇതോടെ, രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും പന്ത് സ്വന്തം പേരിലാക്കി. 2017ൽ ബെംഗളൂരുവിൽ ഇംഗ്ലണ്ടിനെതിരെ 56 റൺസെടുത്ത ധോണിയുടെ റെക്കോർഡാണ് പന്ത് മറികടന്നത്. ഓപ്പണർമാരായ ലോകേഷ് രാഹുൽ (18 പന്തിൽ 20), ശിഖർ ധവാൻ (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ മറ്റുള്ളവർ. ധവാൻ, കോലി എന്നിവരെ ഒഷെയ്ൻ തോമസും രാഹുലിനെ ഫാബിയൻ അലനും പുറത്താക്കി. നാല് ഓവറിൽ 29 റൺസ് വഴങ്ങിയാണ് തോമസ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

37 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് കോലി ട്വന്റി20യിലെ 21–ാം അർധസെ‍‌ഞ്ചുറി കുറിച്ചത്. രാജ്യാന്തര ട്വന്റി20യിൽ 21 തവണ 50 കടന്ന രോഹിത് ശർമയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതൽ തവണ 50+ സ്കോറുകൾ നേടിയതിന്റെ റെക്കോർഡ്. രോഹിത്തിന്റെ അസാന്നിധ്യത്തിൽ കോലി ഈ റെക്കോർഡിനൊപ്പമെത്തി. അതേസമയം, രോഹിതിന്റെ 50+ സ്കോറുകളിൽ നാലെണ്ണം സെഞ്ചുറിയാണ്. കോലി ഇതുവരെ രാജ്യാന്തര ട്വന്റി20യിൽ സെ‍ഞ്ചുറി നേടിയിട്ടില്ല. മറുവശത്ത്, 37 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഋഷഭ് പന്ത് ട്വന്റി20യിലെ രണ്ടാം അർധസെഞ്ചുറി കുറിച്ചത്. ആദ്യ രണ്ട് മൽസരങ്ങളിലും തിളങ്ങാനാകാതെ പോയതോടെ രൂക്ഷവിമർശനമുയർത്തിയവർക്കുള്ള മറുപടി കൂടിയായി പന്തിന്റെ അർധസെ‍‍ഞ്ചുറി. മൂന്നാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നാണ് കോലി–പന്ത് സഖ്യം 105 റൺസെടുത്തത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. 14 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ വിൻഡീസിന്, മധ്യനിര താരം കീറൺ പൊള്ളാർഡിന്റെ അർധസെഞ്ചുറിയാണ് തണലായത്. പൊള്ളാർഡ് 45 പന്തിൽ ഒരു ബൗണ്ടറിയും ആറു സിക്സും സഹിതം 58 റൺസെടുത്തു.

അവസാന ഓവറുകളിൽ തകർത്തടിച്ച റൂവൻ പവ്വലാണ് വിൻഡീസ് സ്കോർ 150ന് അടുത്തെത്തിച്ചത്. പവൽ 20 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത് പുറത്താകാതെ നിന്നു. നിക്കോളാസ് പുരാൻ (23 പന്തിൽ 17), ക്യാപ്റ്റൻ കാർലോസ് ബ്രാത്‌വയ്റ്റ് (ഏഴു പന്തിൽ 10), ഫാബിയൻ അലൻ (അഞ്ചു പന്തിൽ പുറത്താകാതെ എട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നാലാം വിക്കറ്റിൽ നിക്കോളാസ് പുരാനൊപ്പം പൊള്ളാർഡ് കൂട്ടിച്ചേർത്ത 66 റൺസും വിൻഡീസ് ഇന്നിങ്സിന് കരുത്തായി.

ഓപ്പണർമാരായ എവിൻ ലൂയിസ് (11 പന്തിൽ 10), സുനിൽ നരെയ്ൻ (ആറു പന്തിൽ രണ്ട്), ഷിംറോൺ ഹെറ്റ്മയർ (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ആദ്യ മൂന്ന് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം നാലു റൺസ് മാത്രം വഴങ്ങിയ ദീപക് ചാഹറാണ് മൂവരെയും പുറത്താക്കിയത്. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്. 2018ൽ കൊൽക്കത്തയിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കുൽദീപ് യാദവിന്റെ റെക്കോർഡാണ് ദീപക് ചാഹർ മറികടന്നത്. നവ്ദീപ് സെയ്നി നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടും അരങ്ങേറ്റ മൽസരം കളിച്ച രാഹുൽ ചാഹർ മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബോളിങ് തിരഞ്ഞെടുത്തു. മഴമൂലം ഒന്നര മണിക്കൂറോളം ടോസ് വൈകിയെങ്കിലും 20 ഓവറും കളി നടക്കുമെന്നാണ് അറിയിപ്പ്. അതേസമയം, ഇനിയും മഴയെത്തിയാൽ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വരും. പ്രതീക്ഷിച്ചിരുന്നതുപോലെ ഇന്ത്യൻ നിരയിൽ ലെഗ് സ്പിന്നർ രാഹുൽ ചാഹർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരമാണ് ചാഹറിന്റെ വരവ്. രാഹുലിന്റെ കസിൻ കൂടിയായ ദീപക് ചാഹർ ഖലീൽ അഹമ്മദിനു പകരവും ടീമിലെത്തി.

അതേസമയം, ഇന്ത്യൻ നിരയിൽ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചു. ലോകേഷ് രാഹുലാണ് പകരക്കാരൻ. ഇതോടെ, പരമ്പരയിൽ ഇതുവരെ അവസരം കിട്ടാത്ത ഏക ഇന്ത്യൻ താരമായി ശ്രേയസ് അയ്യർ മാറി.