ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ഒക്ടോബറിൽ ഫർലോ സ്‌കീം അവസാനിക്കുമെന്നിരിക്കെ പകരം എന്തു നടപടിയാണ് സർക്കാർ കൈകൊള്ളുന്നതെന്നറിയാൻ ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുകയാണ്. സാലറി ടോപ് – അപ്പ്‌ പോലെയുള്ള നടപടികൾ സ്വീകരിക്കാൻ ചാൻസലർ റിഷി സുനക് ഒരുങ്ങുന്നു. ഇതിനകം ഫ്രാൻസിലും ജർമ്മനിയിലും പ്രവർത്തിക്കുന്നതിന് സമാനമായ നടപടിയാണിത്. വലിയ തൊഴിൽ നഷ്ടം തടയാൻ വേഗത്തിൽ പ്രവർത്തിക്കണമെന്ന് ലേബർ, എസ്എൻപി എംപിമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. അനുയോജ്യമായ പരിഹാര നടപടിയ്ക്കായി സുനക് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. തൊഴിലാളികളെ നിലനിർത്താൻ കമ്പനികൾ പാടുപെടുന്നതിനാൽ, പദ്ധതി അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് അവർ ഭയപ്പെടുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി, ഫർ‌ലോ സ്‌കീം നിർത്തലാക്കാനും പുനർവിചിന്തനം നടത്താനും ചൊവ്വാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നവർ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ടേക്ക്‌അവേകളിലും കോഫി ഷോപ്പുകളിലും ജോലി ചെയുന്നവർ തുടങ്ങിയർക്ക് ജോലികൾ നഷ്ടപെടുമെന്ന് ആശങ്കയുണ്ട്. ഫർലോ സ്‌കീം തുടർന്നാൽ അത് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും, നവംബർ മുതൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നത് തടയാൻ സർക്കാർ പിന്തുണ നൽകണമെന്ന് മറ്റുള്ളവർ വാദിക്കുന്നു. അടുത്ത വർഷം മുഴുവൻ ഫ്രാൻസും ജർമ്മനിയും തങ്ങളുടെ പിന്തുണാ പദ്ധതികൾ വിപുലീകരിച്ചിട്ടുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.

തൊഴിലാളികളുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും അതിന്റെ ഫലമായി അവർക്ക് നഷ്ടമായ പണത്തിന്റെ ഒരു ശതമാനം സർക്കാർ നൽകുകയും ചെയ്യുന്ന പദ്ധതിയാണ് ജർമനിയുടെ കുർസാർബീറ്റ്. പകർച്ചവ്യാധിയുടെ സമയത്താണ് ഈ പദ്ധതി പരിഷ്കരിച്ചത്. “ഭാഗിക തൊഴിലില്ലായ്മ” അല്ലെങ്കിൽ “ഭാഗിക പ്രവർത്തനം” എന്നറിയപ്പെടുന്ന ഫ്രഞ്ച് പദ്ധതിയും ചാൻസലറുടെ പരിഗണനയിലുണ്ട്. മൂന്ന് വർഷം വരെ ജീവനക്കാരുടെ സമയം 40% വരെ കുറയ്ക്കാൻ സ്ഥാപനങ്ങളെ അനുവദിച്ചിരിക്കുന്നു. എങ്കിലും ജീവനക്കാർക്ക് അവരുടെ സാധാരണ ശമ്പളം ലഭിക്കും. ചെലവിന്റെ ഒരു ശതമാനം സർക്കാർ ആണ് നൽകുന്നത്. ജീവനക്കാർക്ക് അവരുടെ സാധാരണ സമയത്തിന്റെ 50% എങ്കിലും പ്രവർത്തിക്കാൻ കഴിയുമെങ്കിൽ സർക്കാരിൽ നിന്ന് വേതനം ലഭിക്കണമെന്ന് സിബിഐ നിർദേശിക്കുന്നു. കമ്പനിയും ട്രഷറിയും തമ്മിലാണ് ചെലവ് പങ്കിടുന്നത്. സബ്സിഡി ഒരു വർഷം വരെ നീണ്ടുനിൽക്കും. മേല്പറഞ്ഞ പദ്ധതികളിൽ യുകെ ഏത് സ്വീകരിക്കുമെന്ന് വരും ദിനങ്ങളിൽ അറിയാം. രൂക്ഷമായ തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.