സ്വര്‍ണക്കടത്തു കേസില്‍ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ബാഗുകള്‍ ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യുഎഇ സര്‍ക്കാരില്‍ നിന്ന് നേരിട്ട് അയയ്ക്കുന്നതാണെങ്കില്‍ മാത്രമേ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് പറയാന്‍ പറ്റൂ എന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ പഴുതടച്ച അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദേശകാര്യവകുപ്പ് അതിവേഗം കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥനിൽനിന്ന് വിവരം ആരായാൻ അനുമതി തേടിയിട്ടുണ്ട്. അതിന്റെ നടപടിക്രമങ്ങൾ നടക്കുകയാണ്.

കരാര്‍ ജീവനക്കാരി എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളുടെ സംഘാടകയായെന്ന് മുരളീധരന്‍ ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുമ്പോഴാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചീഫ് സെക്രട്ടറിയെപ്പോലും മറികടക്കാന്‍ കഴിയുന്ന വിധത്തില്‍ സ്വപ്നയ്ക്ക് സര്‍ക്കാരില്‍ ബന്ധമുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. പിന്‍സിപ്പല്‍ സെക്രട്ടറി ഒരു കരു മാത്രമാണെന്നും അതിനപ്പുറം ആഴത്തിലുള്ള ബന്ധങ്ങള്‍ കേസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നവിഷയത്തില്‍ അന്വേഷണം ഇതുവരെ നടന്നിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ലെന്നിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന വരുന്നത്. കേസില്‍ യുഎഇ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷകരെ അയയ്ക്കാന്‍ തീരുമാനം വന്നിട്ടുമുണ്ട്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം യു എ ഇ കോണ്‍സുലേറ്റിലേക്കെത്തിയ പാഴ്‌സലില്‍ നിന്നും 30 കിലോ സ്വര്‍ണം പിടികൂടിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നൊരു വാക്കാണ് ‘ഡിപ്ലോമാറ്റിക് ബാഗ്’.

ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കില്‍ ഡിപ്ലോമാറ്റിക് പൗച്ച് എന്നു പറയുന്നത് ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങള്‍ക്ക് കൈമാറുന്ന സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള പെട്ടിയാണ്. ഔദ്യോഗിക കത്തിടപാടുകള്‍ക്കോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങള്‍ എത്തിക്കുന്നതിനോ ആയാണ് ഇത് ഉപയോഗിക്കുന്നത്. കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്, ബ്രീഫ്‌കേസ്, ഡഫല്‍ ബാഗ്, വലിയ സ്യൂട്ട്‌കേസ്, ഷിപ്പിംഗ് കണ്ടെയ്‌നര്‍ എന്നിവയൊക്കെ ഡിപ്ലോമാറ്റിക് ബാഗായി പരിഗണിക്കും.

രാജ്യവും സ്ഥാനപതി കാര്യാലയവും തമ്മിലുള്ള ഇടപാടായതിനാല്‍ തന്നെ രാജ്യത്തിന്റെ മുദ്ര ഇത്തരം ബാഗുകളില്‍ രേഖപ്പെടുത്തിയിരിക്കും. രാജ്യത്തിന്റെ മുദ്ര ഉള്ളതുകൊണ്ടു തന്നെ ഡിപ്ലോമാറ്റിക് ബാഗുകള്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാക്കാറില്ല.

1961 ലെ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ഇത്തരം ബാഗുകള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. 1969, 1975 എന്നീ വര്‍ഷങ്ങളിലും ഇതു സംബന്ധിച്ച് പുതിയ നിബന്ധനകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇമ്മ്യൂണിറ്റി ഉള്ളതിനാല്‍ ക്രിമിനല്‍ നടപടിക്രമങ്ങളില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗ് മുക്താണ്. ചുരുക്കി പറഞ്ഞാല്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധനയ്ക്ക് വിധേയമാക്കാത്തത് കൊണ്ട് അതിലൂടെയുള്ള സ്വര്‍ണക്കടത്ത് മറ്റുള്ളവയെ അപേക്ഷിച്ച എളുപ്പമാണ്.

എന്നാല്‍ ഒരു കാരണം കൊണ്ടും ഇത് തുറന്നു പരിശോധിക്കരുത് എന്നും അല്ല. സംശകരമായ സാഹചര്യത്തില്‍ തുറന്നു പരിശോധിക്കണമെങ്കില്‍ അതു കിട്ടുന്ന രാജ്യത്തുള്ള കോണ്‍സുലേറ്റ് ഓഫിസറുടെ സാന്നിധ്യത്തില്‍ ചെയ്യാവുന്നതാണ്. സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ കര്‍ശന പരിശോധന നടത്താറില്ലെങ്കിലും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് കസ്റ്റംസ് പരിശോധിച്ചത്.