മെട്രിസ് ഫിലിപ്പ്

മനുഷ്യരാശിയുടെ രക്ഷകനായ ദൈവപുത്രന്റെ ത്യാഗ സ്മരണയുടെ ദിനമാണ് ദുഃഖവെള്ളി. “യഹൂദരുടെ രാജാവ്” എന്ന് എഴുതിവെച്ച, കുരിശിൽ കിടന്നുകൊണ്ട്, ‘എലോയ്, എലോയ്, ലാമാ സബക്ക്താനി’ അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്ത് കൊണ്ട്? എന്ന് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട്, മരിക്കാൻ തുടങ്ങിയപ്പോൾ, ഒരിറ്റു വെള്ളം കുടിക്കാൻ നൽകുന്നതിന് പകരം, കയ്പ്പുള്ള വിനാഗിരി നീർപ്പഞ്ഞിയിൽ മുക്കി, ചുണ്ടിൽ നനയിച്ചു, അവസാനം ആഗ്രഹവും പൂർത്തിയാക്കി, യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ഭുമി, അന്ധകാരമായിരുന്നു. ഭൂമി ഇളകി, പാറകൾ പൊടിഞ്ഞു, ദൈവാലയത്തിന്റെ തിരശീല, നടുവേ കീറി പോയി. ഇതെല്ലാം കണ്ട ഒരു ശതാധിപൻ, ഇപ്രകാരം പറഞ്ഞു, “സത്യമായും, ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു”.

30 വെള്ളികാശിനു വേണ്ടി, സ്വന്തം ഗുരുവിനെ, ചുംബനം നൽകി ഒറ്റിക്കൊടുത്ത, യൂദാസിൽ നിന്നും, ആരംഭിച്ച, ആ പീഡാനുഭവ യാത്ര, എത്തുന്നത് കാൽവരി കുന്നിൻ മുകളിൽ ആയിരുന്നു.

ന്യായാധിപ സംഘത്തിന്റെ മുമ്പിൽ, ഒരു കുറ്റവാളിയെപോലെ, യേശു തലകുനിച്ചു നിന്നപ്പോൾ, പുരോഹിത പ്രമുഖൻമാരും, ന്യായാധിപ സംഘവും, കള്ള സാക്ഷ്യം തേടുകയായിരുന്നു. എന്നാൽ, ഈ സാക്ഷ്യം എല്ലാം പീലാത്തോസ് തള്ളികളയുകയായിരുന്നു. അവസാനം, ബറാബാസ് എന്ന കൊലപാതകിയായ തടവുകാരനെ വെറുതെ വിടുകയും, യേശുവിനെ, കുരിശ്ശിൽ തറച്ചു കൊല്ലുവാനും വിധിച്ച, പീലാത്തോസ്, ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പറഞ്ഞുകൊണ്ട്, വെള്ളത്തിൽ കൈ മുക്കി കഴുകി കളയുന്നതും ഓർമ്മിക്കാം.

സഹനത്തിന്റെ, നിന്ദിക്കപ്പെടലിന്റെ, ത്യാഗത്തിന്റെ, മുറിവേറ്റതിന്റെ, രക്‌തം ചിന്തിയതിന്റെ ദുഃഖ വെള്ളി ആയിരുന്നു എങ്കിലും, മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്നതിന്റെ, ശുഭ സൂചകമായി, ലോകം ഇന്ന് നല്ല വെള്ളി(Good Friday)യായി ആചരിക്കുന്നു.

നോമ്പുകാലത്തിന്റെ അവസാന നാളുകളിൽ എത്തിയിരിക്കുന്ന ഈ സമയം, കൂടുതൽ അർത്ഥപൂർണ്ണതയോടെ, യേശുവിനോട്, കൂടുതൽ ചേർന്നുനിന്നുകൊണ്ട്, പുതിയ വെളിച്ചത്തിന്റെയും, ഉയർപ്പിന്റെ സന്ദേശവാഹകൻ ആയ വെള്ളരിപ്രാവിനെപോലെ, എല്ലാവരെയും, സ്നേഹിക്കുന്ന, നല്ല മനുഷ്യരായി, യേശുവിന്റെ ഉയിർപ്പ് നാളിനായി പ്രാർത്ഥിച്ചൊരുങ്ങാം. ആമേൻ