പാമ്പുകളില്ലാത്ത ലോകത്തിലെ ഏക പ്രദേശമെന്ന വിശേഷണം യൂറോഷ്യന്‍ രാജ്യമായ അയര്‍ലണ്ടിനുള്ളതാണ്. ലോകത്തിലെ ഓരോ കോണിലും വിവിധ തരം പാമ്പുകള്‍ കാണപ്പെടുമ്പോള്‍ അയര്‍ലണ്ടില്‍ മാത്രം പാമ്പ് കാണപ്പെടാത്തതിന്റെ പിന്നില്‍ എന്താണെന്നും ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്.

പാട്രിക് പുണ്യാളന്‍ പാമ്പുകളെ അയര്‍ലണ്ടില്‍ നിന്ന് കുടിയിറക്കി സമുദ്രത്തിലേക്ക് പായിച്ചുവെന്നുള്‍പ്പെടെ നിരവധി കാരണങ്ങളാണ് ഇതുവരെ പ്രചരിച്ചിരുന്നത്. അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പാമ്പുകള്‍ എങ്ങും പോയി മറഞ്ഞതല്ല; ഇതുവരെ ആ രാജ്യത്ത് പാമ്പുകള്‍ ഉണ്ടായിട്ടില്ല.

ഏകദേശം 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിക്കുന്നത്. ആ സമയത്ത് ഗ്വോണ്ടാന എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഈ സമയത്ത് അയര്‍ലണ്ട് ഈ കരയുടെ ഭാഗമായിരുന്നില്ല. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു ശേഷം സമുദ്രത്തിനടിയില്‍ നിന്നാണ് അയര്‍ലണ്ട് ഉയര്‍ന്നു വന്നത്.

അയര്‍ലണ്ട് രൂപപ്പെട്ടപ്പോള്‍ മഞ്ഞുമൂടിയ പ്രദേശമായിരുന്നു അത്. മഞ്ഞുപാളികള്‍ വഴി ബ്രിട്ടനുമായി അയര്‍ലണ്ട് ബന്ധപ്പെട്ടു കിടന്നിരുന്നുവെങ്കിലും മഞ്ഞ് ഉള്ളത് പാമ്പിനെ അകറ്റി നിര്‍ത്തി. തുടര്‍ന്ന് 15000 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അയര്‍ലണ്ടില്‍ നിന്നും മഞ്ഞു പൂര്‍ണമായി ഇല്ലാതായത്. എന്നാല്‍ ആ രൂപപ്പെടലിനിടയില്‍ ബ്രിട്ടനും അയര്‍ലന്‍ഡിനുമിടയിലെ പന്ത്രണ്ട് മൈല്‍ ദൂരത്തില്‍ സമുദ്രം രൂപപ്പെടുകയും ചെയ്തതോടെ പാമ്പുകള്‍ക്ക് കടന്നുകയറാനുള്ള അവസരം നഷ്ടമാകുകയായിരുന്നു.