സ്വന്തം ലേഖകൻ

ലണ്ടൻ : കോവിഡ് 19 പ്രതിസന്ധിയിലേൽപിച്ച വാണിജ്യമേഖലയെ കരകയറ്റാനുറച്ച് ചാൻസലർ റിഷി സുനക്. ബ്രിട്ടനിലെ എല്ലാ മുതിർന്നവർക്കും 500 പൗണ്ട് വിലമതിക്കുന്ന വൗച്ചറുകൾ നൽകാൻ സുനക് പദ്ധതിയിടുന്നു. കൊറോണ വൈറസ് മങ്ങലേല്പിച്ച സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചെലവഴിക്കാൻ എല്ലാ മുതിർന്നവർക്കും 500 പൗണ്ടും കുട്ടികൾക്ക് 250 പൗണ്ടും വീതമുള്ള വൗച്ചറുകൾ നൽകാനുള്ള പദ്ധതികൾ ട്രഷറിയുടെ പരിഗണനയിലാണ്. ഈ പദ്ധതിയിലൂടെ സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലാണ് പ്രഥമമായ ലക്ഷ്യം. ചൈന, തായ്‌വാൻ, മാൾട്ട എന്നിവിടങ്ങളിൽ ഇതിനകം ഈ പദ്ധതി നടപ്പാക്കി വിജയിച്ചിട്ടുണ്ട്. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട ചൈനീസ് നഗരമായ വുഹാനിൽ റെസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, സാംസ്കാരിക, കായിക, ടൂറിസ്റ്റ് വേദികൾ തുടങ്ങിയവയിൽ ഉപയോഗിക്കുന്നതിനായി മൊത്തം 500 മില്യൺ യുവാൻ വിലവരുന്ന വൗച്ചറുകൾ ഈ ഏപ്രിലിൽ നൽകിയിരുന്നു.

ഒരു താൽക്കാലിക വാറ്റ് വെട്ടിക്കുറവിനേക്കാൾ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണിതെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ പറഞ്ഞു. ചില്ലറ വില്പനകളെയും ടൂറിസത്തെയും സഹായിക്കാൻ 30 ബില്യൺ പൗണ്ട് വൗച്ചറുകൾ കൈമാറണമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ റിഷി സുനാക്കിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു നയം ഹൈ സ്ട്രീറ്റിലെ ആവശ്യം വർദ്ധിപ്പിക്കുമെന്നും സ്ഥാപനങ്ങളെയും തൊഴിലാളികളെയും സഹായിക്കുമെന്നും ഫൗണ്ടേഷൻ പറഞ്ഞു. “ഈ മേഖലകൾക്കുള്ള വൗച്ചർ ഏറ്റവും കൂടുതൽ സഹായം ആവശ്യമുള്ള ബിസിനസ്സുകളെ പിന്തുണയ്ക്കും.” റെസല്യൂഷന്റെ ജെയിംസ് സ്മിത്ത് പറഞ്ഞു. കോവിഡിൽ നിന്ന് ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നത് ലക്ഷ്യമിട്ടുള്ള നയങ്ങളുടെ രൂപരേഖ ചാൻസലർ തയ്യാറാക്കിയിട്ടുണ്ട്.

വൗച്ചറുകൾ അല്ലെങ്കിൽ സ്മാർട്ട് കാർഡുകൾ വഴി പണം അനുവദിക്കാം. കൂടാതെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം. പണം ചെലവഴിക്കുന്നതിന് ഒരു വർഷത്തെ സമയപരിധി ഉണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏപ്രിലിൽ 90 ശതമാനത്തിലധികം ഇടിഞ്ഞു. സാമൂഹിക അകലം പാലിക്കൽ നിയമം നിലനിൽക്കുന്നത് പല മേഖലകളെയും മോശമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.