കൊറോണാ വൈറസിനെ കീഴ്പ്പെടുത്തി ഒരു യുകെ മലയാളി കൂടി ജീവിതത്തിലേക്ക്. വിന്‍ചെസ്റ്റര്‍ – അൻഡോവർ താമസക്കാരനും മലയാളിയുമായ റോയിച്ചൻ ആണ് കോറോണയെ തോൽപ്പിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്നത്. 58 ദിവസത്തെ ആശുപത്രി വാസത്തിനാണ് ഇന്നലയോടെ സമാപ്തികുറിച്ചത്‌.

റോയിയെ കൊറോണ പിടിപെടുന്നത് മാർച്ച്  അവസാനത്തോടെ. സാധാരണ എല്ലാവരും ചെയ്യുന്ന ചികിത്സകൾ ചെയ്തു. ഒരാഴ്ച്ചയോളം വീട്ടിൽ കഴിഞ്ഞെങ്കിലും രോഗത്തിന്റെ പിടി മുറുകുകയാണ് ഉണ്ടായത്. ശ്വസനത്തിന് തടസ്സം നേരിട്ടതോടെയാണ് ഏപ്രിൽ ഒന്നാം തിയതി ആശുപത്രിയിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും എത്തിപ്പെട്ടത്.

നഴ്‌സായ ഭാര്യ ലിജി നല്ല ആത്മവിശ്വാസത്തോടെ പ്രാർത്ഥനയിൽ പ്രതീക്ഷ അർപ്പിച്ചിരുന്നു. എന്നാൽ രോഗം ഒരു കുറവും കാണിച്ചില്ല. പിന്നീട് ആണ് എക്മോയിലേക്ക് മാറ്റുവാനുള്ള ശ്രമമാരംഭിക്കുന്നത്. ഇതിനായി ലണ്ടൻ സെന്റ് തോമസ് ആശുപത്രിയുമായി ചികിത്സയിൽ ഇരുന്ന ആശുപത്രി അതികൃതർ ബന്ധപ്പെടുന്നത്. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് അറിയിപ്പ് വന്നു. രോഗി വെന്റിലേറ്ററിൽ ആയിരുന്ന ആകെ ദിവസങ്ങൾ, എക്‌മോ മെഷീനിന്റെ ലഭ്യത എന്നിവ കണക്കിലെടുത്തപ്പോൾ എക്‌മോ എന്ന പിടിവള്ളിയും വിട്ടുപോയി.

തികഞ്ഞ ദൈവവിശ്വാസിയായിരുന്ന ലിജി പ്രതീക്ഷ വെടിഞ്ഞില്ല. എന്നാൽ എല്ലാ പ്രതീക്ഷകളും കെടുത്തി ആശുപത്രിയിൽ നിന്നും ഏപ്രിൽ പതിനാലാം തിയതി ഫോൺ വിളിയെത്തി. രോഗം ഗുരുതരമെന്നും അവസാനമായി വന്നു കണ്ടുകൊള്ളാനും അറിയിപ്പ് വന്നു. പറഞ്ഞതനുസരിച്ചു ലിജി മലയാളി അച്ഛനെയും വിവരം ധരിപ്പിച്ചു. ആശുപത്രി ചാപ്ലയിൻ വരുവാനുള്ള നടപടികളും ആശുപത്രിക്കാർ നടത്തിയിരുന്നു. ആശുപത്രിയിൽ എത്തിയ ലിജി പ്രാർത്ഥനയോടെ നിൽക്കുമ്പോൾ തന്നെ ചാപ്ലയിൻ അന്ത്യകൂദാശ നൽകുകയായിരുന്നു. വെന്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള വിളിയായിരുന്നു അത് എന്ന് ഇതിനോടകം ലിജി മനസ്സിലാക്കി. ആശുപത്രിയിൽ എത്തിയ ലിജി തെല്ലൊന്ന് ശങ്കിച്ചെങ്കിലും ദൈവം കൂടെത്തന്നെയുണ്ടാവും എന്ന വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. റോയിക്ക് വെന്റിലേറ്ററിന്റെ സഹായം പോലും സ്വീകരിക്കാനുള്ള ശേഷിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ അനുഭവിച്ച മാനസിക വിഷമം ലിജി മലയാളം യുകെയുമായി പങ്കുവെച്ചു.

വെൽറ്റിലേറ്റർ ഓഫാക്കുന്നതിന് മുൻപുള്ള അനുവാദത്തിനായി ആശുപത്രിയിലേക്ക് വിളിക്കപ്പെട്ട ലിജി ഡോക്ടർമാർ നിർദ്ദേശിച്ച കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. എല്ലാ ഓർഗനും പരാജയപ്പെട്ടു എന്ന് അറിയിച്ചതോടെ മനസ്സ് മരവിക്കുകയായിരുന്നു. എന്നാൽ അവിടെയും ദൈവം പ്രവർത്തിച്ചു. ഡോക്ടർമാർ ലിജിയുടെ ആഗ്രഹത്തിന് വിട്ടുനൽകി. ചികിത്സ തുടരണമെന്ന്  ലിജി അഭ്യർത്ഥിച്ചതോടെ റോയിച്ചന് ജീവൻ തിരിച്ചുകിട്ടുകയായിരുന്നു.

ഒരു വിധത്തിലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്നും അഥവാ നടക്കണമെങ്കിൽ അത്ഭുതം തന്നെ ഉണ്ടാകണമെന്നും ഉറപ്പിച്ചു പറഞ്ഞ ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു റോയി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് ലിജി ആശുപത്രിയിൽ എത്തി രണ്ടാം നാൾ മുതൽ. തീർന്നു എന്ന് അറിയുന്ന എല്ലാ കൂട്ടുകാരും കരുതിയിരുന്ന റോയിച്ചൻ പ്രതീക്ഷയുടെ വെളിച്ചമായി, ഭാര്യ ലിജി, രണ്ട് പെൺകുട്ടികൾ എന്നിവരുടെ പ്രാർത്ഥനകൾ സഫലമാക്കി ജീവൻ തിരിച്ചുപിടിക്കുകയായിയുന്നു. അതായത് 58 ദിവസത്തിന് ശേഷം… 32 ദിവസമാണ് വെന്റിലേറ്ററിൽ കഴിഞ്ഞത്.

എല്ലാവർക്കും സന്തോഷം പകർന്നു ഇന്നലെ വൈകീട്ടോടെ വീട്ടിലേക്ക് തിരിച്ചെത്തിയ റോയിയെ സ്വീകരിക്കാന്‍ പൂക്കളും പ്ലക്കാര്‍ഡുകളും ഏന്തി കുട്ടികളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് വഴിയരികില്‍ കാത്തു നിന്നിരുന്നത്. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബമാണ് റോയിയുടേത്. നാട്ടിൽ ആലപ്പുഴ സ്വദേശിയാണ് റോയി.

റോയ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ദിവസങ്ങളില്‍ കുടുംബത്തിന് താങ്ങായി സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. ഫേസ് ബുക്കില്‍ ബിജു മൂന്നാനപ്പള്ളില്‍ പങ്കുവെച്ച റോയിയുടെ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് പേരാണ് കണ്ടതും റോയ്ക്ക് ആശംസകള്‍ അറിയിക്കുന്നതും. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം സന്തോഷ വാർത്തയുടെ ദിവസമായിരുന്നു, പ്രതേകിച്ചു വിൻചെസ്റ്റർ മലയാളികൾക്ക്…

[ot-video][/ot-video]