മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്പ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു.

ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ് എത്തിച്ചത്. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് ഇവിടെ വച്ച് അയാൾ യുവതിയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇത് അവർ നിരസിച്ച ദേഷ്യത്തിൽ കൊലപ്പെടുത്തുന്നതിനായി കിണറ്റിൽ തള്ളിയിടുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു ഇത്. ഇതിനു ശേഷം ഇയാള്‍ ഇവിടെ നിന്നും കടന്നു കളഞ്ഞു. ‘തന്നെ വിവാഹം ചെയ്തില്ലെങ്കിൽ കൊന്നു കളയുമെന്ന് ആദർശ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് കിണറ്റിൽ തള്ളിയതെന്നുമാണ് രക്ഷപ്പെട്ടെത്തിയ ശേഷം പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നത്.

കിണറ്റിൽ വീണ് മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് യുവതിയുടെ കരച്ചിൽ നാട്ടുകാർ കേട്ടത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ക്രെയിനിന്‍റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. നിർജ്ജലീകരണം സംഭവിച്ച യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിജയപുര സബ് ഇന്‍സ്പെക്ടർ മഞ്ജുനാഥ് അറിയിച്ചതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

‘കിണറ്റിൽ ഒരു യുവതി വീണു കിടക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ തന്നെ ഞങ്ങൾ സ്ഥലത്തെത്തിയിരുന്നു. ഏകദേശം അറുപത് അടിയോളം ആഴമുള്ള വരണ്ട കിണറായിരുന്നു അത്. കിണറ്റിനുള്ളിലെ കുറ്റിക്കാടുകളാണ് യുവതിയെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്നാണ് തോന്നുന്നത്. വളരെ ചെറുപ്പമായിരുന്ന അവർ മൂന്ന് ദിവസം എങ്ങനെയൊക്കെയോ ആ കിണറ്റിനുള്ളിൽ അതിജീവിച്ചു’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതിയെ കിണറ്റിൽ തള്ളിയിട്ട ആദർശ് എന്ന 22കാരനെ പൊലീസ് വൈകാതെ അറസ്റ്റ് ചെയ്യുകയും ചെയ്തു.