ഹാംപ്ഷയറില്‍ ജനിക്കുന്ന ആണ്‍കുട്ടികളും കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികളും യുകെയില്‍ ഏറ്റവും കൂടുതല്‍ അയുസ്സുള്ളവരാണെന്ന് കണക്കുകള്‍. ഇന്നലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച് തയ്യാറാക്കിയ ഇന്ററാക്ടീവ് മാപ്പാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. ലണ്ടന്‍ ബറോവായ കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് രാജ്യത്ത് ഏറ്റവും ആയുസ്സുള്ളത്. 86.5 വയസു വരെയാണ് ഇവരുടെ ശരാശരി ജീവിതദൈര്‍ഘ്യം. ഹാംപ്ഷയറിലെ ഹാര്‍ട്ട് പ്രദേശത്ത് ജനിക്കുന്ന ആണ്‍കുട്ടികള്‍ ശരാശരി 83.3 വയസുവരെ ജീവിച്ചിരിക്കുന്നു. അതേസമയം ഗ്ലാസ്‌ഗോയിലുള്ളവര്‍ക്കാണ് യുകെയില്‍ ആയുര്‍ദൈര്‍ഘ്യം കുറവ്. 76 വയസാണ് ഇവിടെയുള്ളവരുടെ ശരാശരി ആയുസ്.

നോര്‍ത്തും സൗത്തും തമ്മില്‍ പ്രത്യക്ഷമായ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലണ്ടന്‍, സൗത്ത്, ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആയുസ്സില്‍ പിന്നോട്ടാണെന്ന സൂചനയും കണക്കുകള്‍ നല്‍കുന്നു. ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഈ വിവരങ്ങള്‍ പുറത്തെത്തുന്നത്. 2011 മുതല്‍ ജനങ്ങളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ സാരമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില മേഖലകളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന്റെ നിരക്ക് സാരമായി ഇടിഞ്ഞിട്ടുണ്ട്. ഗ്ലോസ്റ്റര്‍, ഡന്‍ഡി, നോര്‍വിച്ച് എന്നിവിടങ്ങളിലെ പുരുഷന്‍മാരുടെ ആയുസ്സില്‍ 2012 മുതല്‍ 1.4 വര്‍ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് യുകെയിലെ ജനങ്ങളുടെ ശരാശരി ആയുസ് എത്രയാണെന്ന് വിശദീകരിക്കുന്നു. 2015നും 2017നുമിടയില്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ ശരാശരി 81.5 വയസുവരെ ജീവിച്ചിരിക്കും. പുരുഷന്‍മാര്‍ 79.2 വയസും സ്ത്രീകള്‍ 82.9 വയസും വരെയാണ് ജീവിച്ചിരിക്കുകയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ 63.4 വയസു വരെ മാത്രമേ ആരോഗ്യകരമായ ജീവിതം ഇവര്‍ക്ക് സാധ്യമാകൂ എന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ദശാബ്ദത്തിലേറെക്കാലം അനാരോഗ്യം ജനങ്ങളെ ബാധിക്കും. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ്സ് കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.