ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദില്‍ ഉദ്ഘാടനത്തിന് ഒരുങ്ങി കഴിഞ്ഞു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ടി20 മത്സരത്തില്‍ ലോക ഇലവനും ഏഷ്യ ഇലവനും ഏറ്റുമുട്ടും. മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം പുതുക്കിപ്പണിതാണിത്. 2020 മാര്‍ച്ചില്‍ ആയിരിക്കും സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം.

1,10,000 പേര്‍ക്കിരിക്കാവുന്നത് ആണ് പുതിയ സ്റ്റേഡിയം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താല്‍പര്യപ്രകാരം ആണ് പുതിയ സ്റ്റേഡിയം നിര്‍മിക്കുന്നത്. മത്സരത്തിന് ഐസിസി അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

പണി പൂര്‍ത്തിയാകുന്നതോടെ വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതി മൊട്ടേറയ്ക്ക് സ്വന്തമാകും. എംസിജിയില്‍ 95,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണുള്ളത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് നിര്‍മ്മിച്ച ഓസ്ട്രേലിയന്‍ കമ്പനി തന്നെയാണ് അഹമ്മദാബാദിനെ സ്റ്റേഡിയവും നിര്‍മ്മിക്കുന്നത്. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്.

ശീതീകരിച്ച 75 കോര്‍പ്പറേറ്റ് ബോക്സുകള്‍, എല്ലാ സ്റ്റാന്‍ഡിലും ഭക്ഷണശാല, ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പ്രാക്ടീസ് സൗകര്യങ്ങള്‍, ആധുനിക മീഡിയ ബോക്സ്, 3000 കാറിനും 10,000 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ്, 55 റൂമുകളുള്ള ക്ലബ് ഹൗസ്, റസ്റ്റോറന്റുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിംനേഷ്യം, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍, ഇന്‍ഡോര്‍ വേദികള്‍ തുടങ്ങിയവ സവിശേഷതയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപോര്‍ട്ടുകള്‍. ഉദ്ഘാടനം വലിയ ആഘോഷമാക്കാനാണ് ബിസിസിഐയുടേയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റേയും തീരുമാനം. ലോകത്തിലെ വമ്പന്‍ കളിക്കാരെല്ലാം ഉദ്ഘാടനത്തിനുണ്ടാകുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു. 66000 പേര്‍ക്ക് ഒരേസമയം കളി നേരിട്ട് കാണാവുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. മൊട്ടേരയിലെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈദന്‍ ഗാര്‍ഡന്‍സിന്റെ റെക്കോര്‍ഡ് വഴിമാറും.