ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം ജൂണിൽ നടക്കും. ഐസിസി ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുക.ഐസിസിയാണ് അന്തിമ പോരാട്ടത്തിനുള്ള പുതുക്കിയ തീയ്യതി ഇപ്പോൾ പ്രഖ്യാപിച്ചത് .

പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേദിയാവുക ഏവരും കരുതിയത് പോലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ്. ജൂൺ പതിനെട്ട് മുതൽ 22 വരെയാണ് ഫൈനൽ. ജൂൺ 23 ഫൈനൽ മത്സരത്തിനുള്ള
റിസർവ് ദിനമായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ ജൂൺ 10 മുതൽ 14 വരെയായിരുന്നു ഫൈനൽ മത്സരം നിശ്ചയിച്ചിരുന്നത്.

അതേസമയം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഇന്ത്യയാണ് നിലവിൽ ഒന്നാംസ്ഥാനത്ത്.ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിൽ നിൽക്കുന്നുണ്ട് . ആകെ പോയിന്റിനെക്കാൾ പോയിന്റ് ശരാശരിയാണ് പട്ടികയിലെ സ്ഥാനക്കാരെ തീരുമാനിക്കുവാൻ ഇപ്പോൾ ഉപയോഗിക്കുന്നത് .ശേഷം ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെതിരായ അടുത്ത മാസം ആരംഭിക്കുന്ന നാല് ടെസ്റ്റുകളായിരിക്കും ഇന്ത്യക്ക് നിർണായകമാവുക. കൂടാതെ ഓസ്‌ട്രേലിയ ഫൈനലിന് മുൻപ് ദക്ഷിണാഫ്രിക്കയെ നേരിടും.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഇന്ത്യ അഞ്ച് പരമ്പര കളിച്ചപ്പോൾ അതിൽ 13 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒൻപത് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ന്യൂസിലൻഡ് 11 ടെസ്റ്റിൽ ഏഴ് ജയം നേടിയപ്പോൾ മൂന്നിൽ തോറ്റു. ഓസ്‌ട്രേലിയ കളിച്ചത് 14 ടെസ്റ്റിൽ. എട്ട് ജയവും നാല് തോൽവിയും രണ്ട് സമനിലയും. ഇംഗ്ലണ്ട് 17 ടെസ്റ്റിൽ കളിച്ചപ്പോൾ നേടിയത് പത്ത് ജയം. നാല് തോൽവിയും മൂന്ന് സമനിലയും കരസ്ഥമാക്കി .