ദക്ഷിണാഫ്രിക്കയുടെ ഭൂരിഭാഗത്തെയും ബാധിച്ച ദീർഘകാല വരൾച്ചയെത്തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം അതി ജീവിക്കാൻ പാടുപെടുകയാണ്. സിംബാബ്‌വെയുടെയും സാംബിയയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം വരണ്ട കാലാവസ്ഥയിൽ വെള്ളത്തിൽ കുറവുണ്ടാകുന്നത് അസാധാരണമെന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും, ഈ വർഷം, ജലപ്രവാഹം ഏറ്റവും താഴ്ന്ന നിലയിലാണ്. വിക്ടോറിയ വെള്ളച്ചാട്ടം വരണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാംബിയൻ പ്രസിഡന്റ് എഡ്ഗർ ലുങ്കു പറഞ്ഞു, ഒരു ദിവസം പൂർണ്ണമായും അപ്രത്യക്ഷമാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

“വിക്ടോറിയ വെള്ളച്ചാട്ടം ഇല്ലാത്ത സാംബെസിനെ ചിന്തിക്കാൻ പോലും കഴിയില്ല? ഇത് ഒരു ഗുരുതരമായ പ്രശ്‌നമാണ്. ആളുകൾ അതിനെ നിസ്സാരവൽക്കരിക്കുകയും ‘കാലാവസ്ഥാ വ്യതിയാനം യഥാർത്ഥമല്ല’ എന്ന് പറയുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. ഒരുപക്ഷേ അവർ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. സാംബിയയിൽ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഫലങ്ങൾ ശരിക്കും രൂക്ഷമാണ്. ഇത് എല്ലാവരേയും ബാധിക്കുന്നു” അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ദരിദ്രരായ രാജ്യങ്ങളെ സഹായിക്കാനും സമ്പന്ന രാജ്യങ്ങൾ കൂടുതൽ ശ്രമിച്ചാൽ മാത്രമേ സ്ഥിതി മെച്ചപ്പെടൂ എന്നും അദ്ദേഹം പറഞ്ഞു. ജലവൈദ്യുതിയെ വളരെയധികം ആശ്രയിക്കുന്ന സാംബിയ പോലുള്ള രാജ്യത്ത്, ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്നാണ് ഇതുപോലുള്ള വരൾച്ചകൾ അർത്ഥമാക്കുന്നത്.

സാംബിയയിലും സിംബാബ്‌വെയിലും ദിവസേന വൈദ്യുതി മുടങ്ങാറുണ്ട്. ഇവിടെ സ്ഥിതി വളരെ ഭീകരമാണ്. കാരണം, വരൾച്ചമൂലം രാജ്യം ഭക്ഷ്യക്ഷാമത്തെ നേരിടുന്നു. സാംബിയയിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളും സിംബാബ്‌വെയിൽ ഏഴ് ദശലക്ഷത്തിലധികം ആളുകളും പട്ടിണി കിടക്കുന്നു.

ഒക്ടോബറിൽ സാംബിയൻ പ്രസിഡന്റ് വരണ്ടു തുടങ്ങുന്ന വിക്ടോറിയ വെള്ളച്ചാട്ടത്തിന്‍റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു. കാലാവസ്ഥാ വ്യതിയാനം നമ്മുടെ പരിസ്ഥിതിക്കും ഉപജീവനത്തിനും എങ്ങനെ ദോഷകരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഈ ചിത്രത്തിന്‍റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമാണെന്ന് ഇനിയെങ്കിലും നാം മനസിലാക്കിയേ തീരൂവെന്ന് ഈ വെള്ളച്ചാട്ടത്തിന്‍റെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു. അത് നമ്മെ ഉണർന്നു പ്രവർത്തിക്കാൻ പ്രാപ്‍തരാക്കും എന്ന് പ്രതീക്ഷിക്കാം. കാരണം ഈ വെള്ളച്ചാട്ടം പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെങ്കിൽ, അത് ഒരു വലിയ ദുരന്തത്തിന്‍റെ ആരംഭം മാത്രമായിരിക്കും.