സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ 24 മണിക്കൂറിനിടെ 212, 326 കൊറോണ കേസുകളാണ് ലോകത്താകമാനം രേഖപ്പെടുത്തിയത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിലെ ഏറ്റവും വലിയ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 28 ന് സ്ഥിരീകരിച്ച 180, 077 കേസുകളാണ് ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന സംഖ്യ. ഇതോടെ ലോകത്താകമാനമുള്ള കേസുകളുടെ എണ്ണം 10, 922324 ആയി ഉയർന്നിരിക്കുകയാണ്. 523, 011 പേരാണ് ഇതുവരെ കൊറോണ ബാധമൂലം ലോകത്തെമ്പാടും മരണപ്പെട്ടത്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53, 213 പുതിയ കേസുകളാണ് അമേരിക്കയിൽ സ്ഥിരീകരിച്ചത്.

രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലിൽ 48, 105 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലും ഇന്നലെ മാത്രം 22, 771 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 519 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച 67 പേർ കൂടി ബ്രിട്ടണിൽ മരണപ്പെട്ടതോടെ, മൊത്തം മരണസംഖ്യ 44, 198 ആയി ഉയർന്നു.

എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള താരതമ്യം ആവശ്യമില്ലെന്നും, പല രാജ്യങ്ങൾക്കും പലതരത്തിലുള്ള പോരായ്മകൾ ഉണ്ടാകാമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഓർമിപ്പിച്ചു. ഇംഗ്ലണ്ടിൽ പല സ്ഥലങ്ങളിലും ശനിയാഴ്ച ലോക്ഡൗണിൽ വൻ ഇളവുകൾ നൽകി. എന്നാൽ ലോകത്താകമാനം ഉയർന്നുകൊണ്ടിരിക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. ജനങ്ങളുടെ ജാഗ്രത കുറയരുതെന്ന നിർദ്ദേശമാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നൽകുന്നത്