ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഏർപെടുത്തിയ വിലക്കിന് പിന്നാലെ ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌
ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഡൊണാള്‍ഡ്‌ ജെ ട്രംപ് എന്ന അക്കൌണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നുണ്ട്.

അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്.