ചൈനയിലെ ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ വെച്ച് മൃഗശാല ജീവനക്കാരൻ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതത്തിലെ വൈൽഡ് ബീസ്റ്റ് മേഖലയിൽ വച്ചാണ് സംഭവം. ജോലിക്കാരനെ ആക്രമിച്ച ശേഷം കരടികൾ കൂട്ടം കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുകയാണ്.

കരടികൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിനുവേണ്ടിയുള്ള തുറസ്സായ സ്ഥലമാണ് വൈൽഡ് ബീസ്റ്റ് ഏരിയ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങൾക്കുള്ളിലിരുന്നു കൊണ്ടാണ് മൃഗങ്ങളെ വീക്ഷിക്കുന്നത്. കരടികൾ കൂട്ടം ചേരുന്നതു കണ്ട് വാഹനത്തിനുള്ളിൽ നിന്ന് വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു.

എന്നാൽ മൃഗശാല ജീവനക്കാരനെ കരടി ആക്രമിക്കുന്നത് പുറത്തു വന്ന ദൃശ്യങ്ങളിലില്ല. അതേസമയം കരടികൾ ചേർന്ന് ജോലിക്കാരനെ ആക്രമിച്ചതായും അയാൾ മരണപ്പെട്ട ശേഷം അവ ശരീരം ഭക്ഷിച്ചതായും സന്ദർശകർ വ്യക്തമാക്കി.

മൃഗങ്ങളുടെ ആക്രമണത്തിൽ ജീവനക്കാരിലൊരാൾ മരണമടഞ്ഞതായി വിനോദസഞ്ചാരകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി വന്യജീവി സങ്കേതം വെബ്സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

374 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ ഇരുന്നൂറിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തിൽ പരം മൃഗങ്ങളുണ്ടെന്നാണ് കണക്ക്.