കണ്ണൂർ: പ്രവാസിയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ ഹൈക്കോടതി നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ചക്കരക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത മാലമോഷണ കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസിക്ക് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.
തലശ്ശേരി കതിരൂർ സ്വദേശി താജുദ്ദീനാണ് ഹൈക്കോടതിയെ സമീപിച്ചത്. 2018-ൽ നടന്ന മാലമോഷണ കേസിൽ പ്രതിയായി ചുമത്തപ്പെട്ട താജുദ്ദീൻ 54 ദിവസം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി വത്സരാജാണ് യഥാർത്ഥ മോഷ്ടാവെന്ന് വ്യക്തമായത്.
കേസിൽ കുറ്റവിമുക്തനായി പുറത്തിറങ്ങിയതിനു പിന്നാലെ തന്നെ താജുദ്ദീൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അന്യായമായ അറസ്റ്റും തടങ്കലും വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും മാനത്തെയും ബാധിക്കുന്നതാണെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു.
പുണെ: ഇന്ത്യയിലെ ജനകീയ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് ദിശനൽകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പുണെയിലാണ് വിടവാങ്ങിയത്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതിയുടെ (WGEEP) അധ്യക്ഷനായി 2011-ൽ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ടിലൂടെ പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ അദ്ദേഹം ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ 75 ശതമാനവും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന ശുപാർശയും അശാസ്ത്രീയ വികസനം ദുരന്തങ്ങൾക്ക് വഴിവെക്കും എന്ന മുന്നറിയിപ്പും ഇന്നും പ്രസക്തമാണ്; വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇതിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.
ആറ് പതിറ്റാണ്ടോളം നീണ്ട ശാസ്ത്രജീവിതത്തിൽ സ്വയം ‘ജനപക്ഷ ശാസ്ത്രജ്ഞൻ’ എന്നായിരുന്നു ഗാഡ്ഗിലിന്റെ വിശേഷണം. ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുമായി ചേർന്ന് പ്രവർത്തിച്ച്, പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലെ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അദ്ദേഹം നിരന്തരം വാദിച്ചു. ഈ നിലപാടുകൾക്ക് അംഗീകാരം നൽകിക്കൊണ്ട് 2024-ൽ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രോഗ്രാം (UNEP) അദ്ദേഹത്തെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ ആയി തെരഞ്ഞെടുത്തു.
1942-ൽ പുണെയിൽ ജനിച്ച ഗാഡ്ഗിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടി. വിദേശത്ത് മികച്ച അവസരങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ മടങ്ങിയെത്തിയ അദ്ദേഹം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) 31 വർഷം സേവനം ചെയ്തു, സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിച്ചു, ഇന്ത്യയുടെ ജൈവവൈവിധ്യ നിയമത്തിന്റെ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു. ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും രചിച്ച അദ്ദേഹം പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങൾ നേടി. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തെയും ജനജീവിതത്തെയും ഒരുപോലെ സ്നേഹിച്ച ഗാഡ്ഗിലിന്റെ വിയോഗം ഇന്ത്യയുടെ പരിസ്ഥിതി പോരാട്ടങ്ങൾക്ക് തീരാനഷ്ടമാണ്.
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ വിജേഷിനെ സസ്പെൻഡ് ചെയ്തു. വെല്ലിംഗ്ടൺ ഐലന്റിലെ വാക്ക് വേയിലേക്ക് വെരിഫിക്കേഷനെന്ന പേരിൽ യുവതിയെ വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് കൊച്ചി ഹാർബർ പൊലീസ് വിജേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതി എതിർത്തിട്ടും കാറിലേക്ക് ബലമായി കയറ്റാൻ ശ്രമിച്ചെന്നും, സ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും പരാതിയിൽ പറയുന്നു. ഇന്നലെയാണ് യുവതി ഹാർബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
പരാതി ഗൗരവമായി പരിഗണിച്ച ഡിസിപിയാണ് വിജേഷിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച് സസ്പെൻഷൻ ഉത്തരവിട്ടത്. ഇയാളുടെ പേരിൽ മുമ്പും പരാതികൾ ഉണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു. കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങുമെന്നാണ് സൂചന.
പൂഞ്ഞാർ: പാതാമ്പുഴ മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി. സ്കൂളിലെ 31 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച സ്കൂളിൽ നൽകിയ ഉച്ചഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചഭക്ഷണം കഴിച്ച ശേഷം വൈകുന്നേരത്തോടെയാണ് കുട്ടികൾക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
സ്കൂൾവിട്ട സമയത്ത് ചില കുട്ടികൾക്ക് ഛർദ്ദിയും തളർച്ചയും ഉണ്ടായി. തുടർന്ന് സ്കൂൾ അധികൃതർ കുട്ടികളെ പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെ നിന്ന് കൂടുതൽ പരിശോധനയ്ക്കായി കുട്ടികളെ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലെത്തിയശേഷം ഛർദ്ദി അനുഭവപ്പെട്ട മറ്റ് കുട്ടികളും പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്ച ഉച്ചയ്ക്ക് ചോറിനൊപ്പം പയറും മോരുമാണ് കുട്ടികൾക്ക് നൽകിയിരുന്നത്. സ്കൂളിൽ ആകെ 53 കുട്ടികളാണുള്ളത്. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് പാലാ ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് അറിയിച്ചു.
കൊച്ചി: വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ.കെ. ബാലന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി മുഹമ്മദ് സാഹിബ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു കോടി രൂപ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്ന ബാലന്റെ പ്രസ്താവനയാണ് നോട്ടീസിന് ആധാരം.
പ്രസ്താവന ഏഴ് ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ ക്രിമിനൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. ബാലന്റെ പരാമർശം സംഘടനയുടെ പ്രതിച്ഛായക്ക് ഗുരുതരമായ ക്ഷതം ഉണ്ടാക്കിയതായും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ബാലന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്ലാമി അമീറും ശക്തമായി പ്രതികരിച്ചു. സിപിഎം വർഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്ന് ജമാഅത്തെ ഇസ്ലാമി അമീർ പ്രതികരിച്ചു. ബാലന്റെ പരാമർശം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും, ബാലൻ കേരള ജനതയോട് മാപ്പ് പറയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട: പിണങ്ങിയ യുവതിയെ വീണ്ടും പ്രീതിപ്പെടുത്താൻ സിനിമയെ വെല്ലുന്ന പദ്ധതി ആസൂത്രണം ചെയ്ത യുവാവും സുഹൃത്തും ഒടുവിൽ വധശ്രമക്കേസിൽ അറസ്റ്റിലായി. കാറിടിച്ച് യുവതിയെ വീഴ്ത്തിയ ശേഷം രക്ഷകനായി എത്തുകയായിരുന്നു പദ്ധതി. സത്യം പുറത്തായതോടെ ഇരുവരെയും പോലീസ് പിടികൂടി.
കോന്നി മാമ്മൂട് രാജിഭവനിൽ രഞ്ജിത്ത് രാജൻ (24), കോന്നിത്താഴം പയ്യനാമൺ താഴത്തുപറമ്പിൽ അജാസ് (19) എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തും യുവതിയും പ്രണയത്തിലായിരുന്നുവെന്നും പിണക്കം മാറാൻ സുഹൃത്ത് അജാസിന്റെ സഹായത്തോടെ കൃത്രിമ അപകടം ഒരുക്കിയതാണെന്നും പോലീസ് പറഞ്ഞു. ഡിസംബർ 23-ന് വൈകിട്ട് 5.30-ന് അടൂരിൽ നിന്ന് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ വാഴമുട്ടം ഈസ്റ്റിൽ വെച്ച് അജാസ് കാറിടിച്ച് വീഴ്ത്തി.
തുടർന്ന് മറ്റൊരു കാറിലെത്തിയ രഞ്ജിത്ത് രക്ഷകനായി അഭിനയിച്ച് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ മൊഴിയിൽ രജിസ്റ്റർ ചെയ്ത വാഹനാപകടക്കേസിന്റെ അന്വേഷണത്തിൽ സംശയം തോന്നിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നാടകീയ പദ്ധതി പുറത്തായത്. യുവതിക്ക് കൈക്ക് പരിക്കുകളും ശരീരമുറിവുകളും ഉണ്ടായതായി പോലീസ് അറിയിച്ചു.
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. അന്വേഷണ ഉദ്യോഗസ്ഥനെ തീരുമാനിച്ചതിന് ശേഷം കൊച്ചി ഇ.ഡി യൂണിറ്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) ഫയൽ ചെയ്ത് അന്വേഷണം ആരംഭിക്കും.
പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതായിരിക്കും ആദ്യ നടപടി. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നേരത്തെ ചോദ്യം ചെയ്ത എല്ലാവരിൽ നിന്നും ഇ.ഡി വീണ്ടും മൊഴിയെടുക്കും. കള്ളപ്പണ ഇടപാടുകൾ നടന്നെന്ന സൂചനയെ തുടർന്ന് ഒക്ടോബറിൽ തന്നെ ഇ.ഡി പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരുന്നു.
വിജിലൻസ് കോടതിയിൽ നിന്നു ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ എന്നിവരുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുക. മുൻ ദേവസ്വം മന്ത്രിമാരും ബോർഡ് അംഗങ്ങളും ഉൾപ്പെടെ നിരവധി പേരെ ഇ.ഡി ചോദ്യം ചെയ്യും.
കൊച്ചി: താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് കേസിലെ അതിജീവിതയുടെ ഭർത്താവ് ആരോപിച്ചു. കുടുംബപ്രശ്നത്തിൽ ഇടപെടാമെന്ന പേരിൽ എത്തിയ രാഹുൽ തന്റെ കുടുംബജീവിതം തകർത്തുവെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഇതുവരെ തുടർനടപടി ഉണ്ടായില്ലെന്നും എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ എംഎൽഎ സ്ഥാനമാണ് കോൺഗ്രസ് ആദ്യം രാജിവെപ്പിക്കേണ്ടതെന്നും യുവാവ് ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിക്കാനാണ് എത്തിയതെന്ന രാഹുലിന്റെ കോടതിവാദം ചോദ്യം ചെയ്ത അദ്ദേഹം, അങ്ങനെ ആയിരുന്നെങ്കിൽ തന്നെയും വിളിച്ചു ചേർത്ത് സംസാരിക്കേണ്ടതല്ലേയെന്നു ചോദിച്ചു. രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും, തെറ്റ് തെളിഞ്ഞാൽ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട യുവാവ്, ഒരു എംഎൽഎയ്ക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും യുവാവ് പറഞ്ഞു. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നും, തന്റെ അസാന്നിധ്യം അവസരമാക്കി ഭാര്യയെ വശീകരിച്ചതിലൂടെ വലിയ മാനനഷ്ടം സംഭവിച്ചെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്.
കൊച്ചി: മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്ബുദത്തെ തുടര്ന്ന് ദീര്ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം, ആരോഗ്യനില ഗുരുതരമായതിനെ തുടര്ന്ന് ഇന്നലെയാണ് വീണ്ടും ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം ആശുപത്രിയില് നിന്ന് കൊണ്ടുപോയി കളമശ്ശേരി ഞാലകം കണ്വെന്ഷന് സെന്ററില് ആറുമണി മുതല് രാത്രി പത്ത് വരെ പൊതുദര്ശനത്തിന് വെക്കും. പിന്നീട് ആലുവയിലെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ പത്ത് മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം.
നാല് തവണ എംഎല്എയും രണ്ട് തവണ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച അദ്ദേഹം 2001, 2006 മട്ടാഞ്ചേരി മണ്ഡലത്തെയും 2011, 2016 കളമശ്ശേരി മണ്ഡലത്തെയും നിയമസഭയില് പ്രതിനിധീകരിച്ചു. മട്ടാഞ്ചേരിയുടെ അവസാന എംഎല്എയും കളമശ്ശേരിയുടെ ആദ്യ എംഎല്എയുമെന്ന അപൂര്വ്വ നേട്ടവും അദ്ദേഹത്തിനാണ്. 2005–06 കാലത്ത് വ്യവസായ–സാമൂഹ്യക്ഷേമ മന്ത്രിയായും 2011–16 കാലത്ത് പൊതുമരാമത്ത് മന്ത്രിയായും സേവനമനുഷ്ഠിച്ചു. നിലവില് ഐയുഎംഎല് ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു.
മുസ്ലിം ലീഗിനെ മലബാറില് നിന്ന് മധ്യകേരളത്തിലേക്ക് ശക്തമായി വ്യാപിപ്പിക്കുന്നതില് നിര്ണായക പങ്കുവഹിച്ച നേതാവായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. സാധാരണക്കാര്ക്ക് എപ്പോഴും സമീപിക്കാവുന്ന രാഷ്ട്രീയനേതാവെന്ന നിലയിലാണ് അദ്ദേഹം അറിയപ്പെട്ടത്. പാണക്കാട് കുടുംബത്തിന്റെ വിശ്വസ്തനായി യുഡിഎഫ് മന്ത്രിസഭകളില് പ്രവര്ത്തിച്ച ഇബ്രാഹിംകുഞ്ഞിന്റെ കാലഘട്ടത്തില് പൊതുമരാമത്ത് വകുപ്പില് ശ്രദ്ധേയമായ മാറ്റങ്ങളും വികസനപ്രവര്ത്തനങ്ങളും നടപ്പായി. രാഷ്ട്രീയ–സാമൂഹിക രംഗത്ത് നിറഞ്ഞുനിന്ന ജനകീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നത്.
കണ്ണൂർ ജില്ലയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തരായ നേതാക്കൾ ഇക്കുറിയും മത്സര രംഗത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടം മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. കെപിസിസി പ്രസിഡന്റായ ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് സണ്ണി ജോസഫ് നേരിടുക; സിറ്റിങ് സീറ്റായ പേരാവൂരിൽ തന്നെയായിരിക്കും അദ്ദേഹത്തിന്റെ മത്സരം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇത്തവണ മത്സരത്തിൽ നിന്ന് മാറിനിൽക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലമായ തളിപ്പറമ്പിൽ എം.വി. രാഘവന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി. നികേഷ് കുമാറിന്റെ പേരാണ് പരിഗണനയിൽ. ജയസാധ്യതയും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം; നികേഷിന് ഗോവിന്ദന്റെ പിന്തുണയുണ്ടെന്നാണ് സൂചന.
സണ്ണി ജോസഫ് മത്സരിച്ചില്ലെങ്കിൽ പേരാവൂരിൽ ശക്തമായ മത്സരം സൃഷ്ടിക്കാമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. ടേം വ്യവസ്ഥയിൽ ഇളവ് ലഭിച്ചാൽ കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് മാറ്റുന്നതും, രാജ്യസഭാ കാലാവധി അവസാനിക്കുന്ന ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്. അതേസമയം, കോൺഗ്രസിന്റെ കൈയിലുള്ള ഇരിക്കൂർ മണ്ഡലത്തിൽ സജീവ് ജോസഫ് തുടരുമെന്നും, കെ.സി. വേണുഗോപാൽ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് വരികയാണെങ്കിൽ ഇരിക്കൂർ തെരഞ്ഞെടുക്കുമെന്ന ശ്രുതിയും നിലനിൽക്കുന്നു.