Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മന്ത്രിതല ചട്ടങ്ങളുടെ ഗുരുതരമായ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടോറി ചെയർമാൻ നാദിം സഹാവിയെ പുറത്താക്കി. നികുതി കാര്യങ്ങളെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തിന്റെ ഫലമായാണ് നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ടാക്സ് ബില്ലിന്റെ ഭാഗമായി എച്ച്എംആർസിക്ക് പെനാൽറ്റി അടച്ചതായി വെളിപ്പെടുത്തിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രധാനമന്ത്രി റിഷി സുനക് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

 

സഹാവി നികുതി ഇനത്തിൽ നൽകേണ്ട തുക, പിഴയും ചേർത്ത് £ 4.8 മില്യൺ ആണ്. എന്നാൽ ഇത് വെട്ടിക്കാനാണ് ഔദ്യോഗിക പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹം ശ്രമം നടത്തിയത്. അതേസമയം,വിവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും, വാർത്തകൾ കെട്ടിചമച്ചതാണെന്നുമാണ് സഹാവി പറയുന്നത്. ഇതേ തുടർന്ന് റിഷി സുനക് അദ്ദേഹത്തിന്റെ നൈതിക ഉപദേഷ്ടാവ് ലോറി മാഗ്നസിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, നികുതിയിനത്തിൽ ഭീമമായ തുക സഹാവി വെട്ടിച്ചെന്നാണ് ലോറി മാഗ്നസ് സമർപ്പിച്ച നാലു പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കത്ത് മുഖേനയാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്ത സമയത്ത് തന്നെ സർക്കാർ ഏത് രീതിയിലാണ് പ്രവർത്തിക്കുന്നതെന്നു താൻ നേരത്തെ വ്യക്തമാക്കിയിരുന്നതായി റിഷി സുനക് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹാവിക്കെതിരെ പുറത്ത് വന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മലയാളികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനവുമായി പ്രധാനമന്ത്രി ഋഷി സുനക്. ലേബർ പൂൾ വർധിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിനിടയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് അനുകൂല തീരുമാനം ഉണ്ടാകുന്നത്. സർവകലാശാലകളിലെ പഠനസമയം കുറച്ച് കൊണ്ട് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യാൻ വിദ്യാർത്ഥികളെ അനുവദിക്കുന്ന പദ്ധതിയാണ് കൊണ്ടുവരാൻ പോകുന്നത്. നിലവിൽ 680,000 വിദേശ വിദ്യാർത്ഥികൾക്ക് ടേം ടൈമിൽ ആഴ്ചയിൽ 20 മണിക്കൂർ ശമ്പളത്തോടെയുള്ള ജോലിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എന്നാൽ വർക്കിംഗ്‌ സമയം വർദ്ധിപ്പിക്കുന്നത് കൂടുതൽ പണം സംബന്ധിക്കാനും അവസരം നൽകുന്നുണ്ട്. 30 മണിക്കൂറായി സമയപരിധി ഉയർത്താനാണ് ശ്രമം. സാമ്പത്തികമായി അഭിവൃദ്ധി കൈ വരിക്കാൻ എല്ലാവരെയും പ്രാപ്തരാക്കുക എന്നുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഇത്. അതേസമയം,വിദേശ വിദ്യാർത്ഥികൾക്ക് ജോലി ചെയ്യുന്നത് എളുപ്പമാക്കുന്നത് കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഗ്രാജ്വേറ്റ് വിസ റൂട്ട് ദുരുപയോഗം ചെയ്യുമെന്നും ബ്രാവർമാൻ പറഞ്ഞു.

പഠനം പൂർത്തിയാക്കിയ ശേഷം ബിരുദ വിസയിൽ വിദ്യാർത്ഥികൾക്ക് യുകെയിൽ തുടരാനുള്ള സമയം രണ്ട് വർഷത്തിൽ നിന്ന് ആറ് മാസമായി കുറയ്ക്കണമെന്ന് കഴിഞ്ഞ വർഷം അവർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ വരെ എത്തിയ 1.1 ദശലക്ഷം ആളുകളിൽ 476,000 മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്. അനുദിനം ദൈനംദിന ചിലവുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നത് വിദ്യാർത്ഥികൾക്ക് സഹായകരമാണെന്ന് ഒരുകൂട്ടം ആളുകൾ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത് പഠനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രധാനമന്ത്രി പദത്തിൽ 100 ദിനങ്ങൾ പിന്നിടുവാൻ ഒരുങ്ങി ഋഷി സുനക്. മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്റെ വാക്കുകൾ പ്രകാരം ഏതൊരു നേതാവിന്റെയും ആദ്യ 100 ദിവസങ്ങളാണ് വിജയത്തെയും പരാജയത്തെയും നിർവചിക്കുന്നത്. വരും ദിവസങ്ങളിൽ ഋഷി സുനക് 100 ദിനങ്ങൾ പ്രധാനമന്ത്രി പദത്തിൽ പിന്നിടും. ട്രസിനോട് ആദ്യഘട്ടത്തിൽ ദാരുണമായി തോറ്റെങ്കിലും, പിന്നീട് ആ സ്വപ്ന ചുമതലയിലേക്ക് അദ്ദേഹം തിരിച്ചു വന്നു.

ഏറെ പ്രതിസന്ധികൾ രാജ്യം നേരിട്ട സമയത്താണ് അദ്ദേഹം പ്രധാനമന്ത്രി ആകുന്നത്. ലിസ് ട്രസ് രാജിവെച്ചു ഒഴിയുമ്പോൾ രാജ്യം സാമ്പത്തികവും, മറ്റ് പലതരത്തിലുള്ള പ്രയാസങ്ങളിലും ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്ഥാനലബ്ധി ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കണ്ടത്. ബോറിസ് ജോൺസന് ശേഷം കടന്ന് വന്ന ട്രസ്, പ്രതിസന്ധികളെ തരണം ചെയ്യാതെ വന്നപ്പോഴാണ് രാജി സമർപ്പിച്ചത്.

സാമ്പത്തിക രംഗത്തെ ഉണർത്തുക എന്നുള്ളതായിരുന്നു സുനകിന്റെ പ്രധാന ചുമതല. സ്ഥിരത, ശാന്തത, കഴിവ് എന്ന മൂന്ന് കാര്യങ്ങൾ ആവശ്യമാണെന്ന് ആ സമയത്ത് ഒരു എംപി വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ മേഖലയിലും സമൂലമായ മാറ്റം കാണാൻ സാധിക്കുമെന്നും, ജനങ്ങൾക്ക് നൽകിയ വാക്ക് അദ്ദേഹം പാലിച്ചെന്നുമാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന വർത്തമാനകാലത്ത് സുനകിന്റെ ഇടപെടൽ ചെറുതല്ലെന്നും അനുകൂലികൾ അഭിപ്രായപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശാരീരിക ക്ഷമത, ഭക്ഷണക്രമം എന്നിങ്ങനെ 10 കാര്യങ്ങൾ ഉൾപ്പെടുത്തി ആരോഗ്യത്തെ വിലയിരുത്താൻ ഒരുങ്ങി എൻ എച്ച് എസ്. ഒരു മനുഷ്യനെ സംബന്ധിച്ച് ആരോഗ്യം വളരെ പ്രധാനമാണ്. അതാത് മാസങ്ങളിൽ പലവിധമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും അത്യന്തികമായി മനുഷ്യന്റെ ആരോഗ്യം ഏകദേശം ഒരു പോലെ തന്നെയാണ്. അതിപ്പോൾ മദ്യം ഉപയോഗിക്കുന്നില്ലെന്നും, ഭക്ഷണം കുറവാണെന്നു പറഞ്ഞാലും ഒരുപോലെ തന്നെയാണ്.

ഇതിനെ തുടർന്നാണ് ആരോഗ്യത്തെ കുറിച്ച് കൂടുതൽ അറിയാൻ 10 ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസുമായി എൻഎച്ച്എസ് എത്തിയിരിക്കുന്നത്. പത്ത് ചോദ്യങ്ങളിൽ ആദ്യത്തേത് ഇപ്പോൾ എന്ത് തോന്നുന്നു എന്നുള്ളതാണ്. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥയ്‌ക്കോ എനർജി ലെവലിലോ ഏറ്റവും അനുയോജ്യമായ സ്ഥലത്തേക്ക് നിങ്ങൾ മാറേണ്ടതുണ്ടെങ്കിൽ അതും ക്വിസ് വ്യക്തമാക്കുന്നു. എത്ര നേരം ഉറങ്ങുന്നു, പ്രഷർ നില എങ്ങനെയാണ് എന്നുള്ളതൊക്കെയാണ് മറ്റ് ചോദ്യങ്ങൾ.

ആവശ്യത്തിന് പണമോ സമയമോ ഇല്ലാത്തത് പോലെ ആരോഗ്യപരമായ കാര്യങ്ങളിൽ വീഴ്ച വരുത്തുന്നതിലേക്ക് നിങ്ങളെ നയിക്കുന്നതെന്താണെന്നും ക്വിസ് ചോദിക്കുന്നു. ആരോഗ്യകരമായി ഇരിക്കാൻ എന്താണ് നിങ്ങളെ സഹായിക്കുന്നത് എന്നുള്ളതാണ് അടുത്ത ചോദ്യം. എൻ എച്ച് എസ് വെബ്സൈറ്റിലാണ് ക്വിസ് ഉള്ളത്. ആരോഗ്യകരമായി എങ്ങനെ മുൻപോട്ട് പോകണം എന്നുള്ളതിനെ കുറിച്ച് കൂടുതൽ വിവരങ്ങളും ഇതിൽ പറയുന്നുണ്ട്. നിങ്ങളുടെ ഊർജ്ജ നില എങ്ങനെ വർദ്ധിപ്പിക്കാം, സ്വയം പരിചരണത്തിനായി എങ്ങനെ സമയം കണ്ടെത്താം എന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.

സൗത്ത് പോർട്ട് : സൗത്ത് പോർട്ടിൽ താമസിച്ചിരുന്ന മലയാളിയായ സ്റ്റീഫൻ പി കെ ( ജെയ്‌സൺ, 51)  ഇന്ന് രാവിലെ നാട്ടിൽ വച്ച് മരണമടഞ്ഞു. കോതമംഗലം ചെമ്മീൻകുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമാണ് പരേതൻ. സൗത്ത് പോർട്ടിൽ  NHS ആശുപത്രിയിലെ നഴ്‌സ്  ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫൻ, എട്ടാം ക്ലാസ് വിദ്യാർത്ഥിയായ എൽദോസ് സ്റ്റീഫൻ എന്നിവർ അടങ്ങുന്നതാണ് പരേതന്റെ കുടുംബം.

ഒരു വർഷം മുൻപാണ് കുടുംബം യുകെയിലേക്ക് കുടിയേറിയത്. NHS സിന്റെ നേരിട്ടുള്ള ഇന്റർവ്യൂ പാസ്സായി സൗത്ത് പോർട്ടിൽ ജോലിക്കെത്തിയതായിരുന്നു കുടുംബം. എന്നാൽ മൂത്ത മകൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായതിനാൽ യുകെയിൽ എത്തുവാൻ സാധിച്ചിരുന്നില്ല. അതിനാൽ അവസാന വർഷ ഡിഗ്രി പഠനം നാട്ടിൽ തുടരുകയായിരുന്നു മൂത്ത മകൾ. ഈ മകൾ നാട്ടിൽ തനിച്ച് കഴിയുന്നതിനാൽ മകൾക്ക് കൂട്ടായിട്ട് നാല് മാസം മുൻപ് നാട്ടിലേക്ക് തിരിച്ചുപോകുയിരുന്നു സ്റ്റീഫൻ .

നല്ലൊരു കായിക താരമായ സ്റ്റീഫൻ പതിവുപോലെ ഇന്ന് രാവിലെയും ഓടാൻ പോയിരുന്നു. മൂത്തമകൾ കോളേജിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു ഇന്ന് . റോഡിനോട് ചേർന്നുള്ള വീടായതിനാൽ കുറെ നേരമായി തുറന്നു കിടക്കുന്ന മുൻ വാതിൽ കണ്ട് അയൽവക്കത്തുള്ളവർ കയറി നോക്കിയപ്പോൾ വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ സ്റ്റീഫൻ മരിച്ചിരുന്നു. ഹൃദയതംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

മുൻ നേവി ഉദ്യോഗസ്ഥനും , കായിക താരവും,  അധ്യാപകനുമാണ് പി കെ സ്റ്റീഫൻ . കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ, ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ പബ്ലിക് സ്കൂൾ, കെ. വി. സ്കൂൾ എന്നിവിടങ്ങളിൽ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ : പി. കെ. എൽദോസ് (അഗ്നി രക്ഷ നിലയം കട്ടപ്പന ), വിത്സൺ പി. കുര്യാക്കോസ് (അഗ്നി രക്ഷ നിലയം കോതമംഗലം ), ജിജി എൽദോസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.
സ്റ്റീഫന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം , ദുഃഖാർത്ഥരായ ബന്ധുമിത്രാദികളുടെ വേദനയിൽ പങ്ക് ചേരുകയും ചെയ്യുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജെറുസലേമിലെ സിനഗോഗിലുണ്ടായ വെടിവെപ്പിൽ 42 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയായിരുന്നു സംഭവം. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓൾഡ് സിറ്റിയിൽ ശനിയാഴ്ച നടന്ന സമാന ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ തോക്കുധാരി 13 വയസ്സുള്ള ആൺകുട്ടിയാണെന്നാണ് ഇസ്രായേൽ പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.

ജറുസലേമിലെ ഓൾഡ് സിറ്റിക്ക് പുറത്തുള്ള സിൽവാൻ പരിസരത്താണ് ആക്രമണം നടന്നത്. അപകടത്തിൽ അച്ഛനും മകനുമാണ് ഗുരുതരമായി പരിക്കേറ്റത്. തുടർച്ചയായി നടന്ന രണ്ട് ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടിയാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സുരക്ഷ കണക്കില്ലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനാഗംങ്ങളെ വിന്യസിച്ചിട്ടുണ്ട്. സമീപകാലയളവിൽ നേരിട്ടതിൽ വച്ച് ഗുരുതര അക്രമണമാണ് വെള്ളിയാഴ്ച നടന്നതെന്ന് ഇസ്രായേൽ പോലീസ് കമ്മീഷണർ കോബി ഷബ്തായ് പറഞ്ഞു.

നഗരത്തിലെ നെവ് യാക്കോവ് പ്രദേശത്തുള്ള സിനഗോഗിൽ ശബ്ബത്തിന്റെ പ്രാർത്ഥനയ്ക്കായി ആളുകൾ ഒത്തുകൂടിയപ്പോഴാണ് അക്രമി വെടിയുതിർത്തത്. തുടർന്ന് ഉദ്യോഗസ്ഥർ ആക്രമിയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. എന്നാൽ ആക്രമണ സംഭവത്തിൽ പ്രതികരണവുമായി പാലസ്തീൻ തീവ്രവാദ സംഘടനകൾ രംഗത്ത് വന്നു. പക്ഷെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. വ്യാഴാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിനിടെ ഒമ്പത് പാലസ്തീനികൾ കൊല്ലപ്പെട്ടത് മുതലാണ് സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് ഗാസയിൽ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണവും ഉണ്ടായതായി വാർത്തകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ, പ്രീ-രജിസ്‌ട്രേഷൻ എജ്യുക്കേഷൻ പ്രോഗ്രാം സ്റ്റാൻഡേർഡുകളിലെ മാറ്റങ്ങൾക്ക് അംഗീകാരം നൽകി. നേഴ്‌സിംഗ് മേഖലയിലെ പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിമുലേറ്റഡ് പ്രാക്ടീസ് ലേണിംഗിനായി നേഴ്സിംഗ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മണിക്കൂറുകളുടെ എണ്ണം ഇരട്ടിയാക്കുന്നതും, കൂടുതൽ ആളുകളെ പ്രോഗ്രാമിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.

യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനെ തുടർന്നാണ് സുപ്രധാനമായ മാറ്റങ്ങൾ കൈകൊണ്ടത്. ഇതനുസരിച്ച് എൻഎംസി ഇനി യൂറോപ്യൻ യൂണിയൻ നിയന്ത്രണങ്ങൾ പാലിക്കാൻ ബാധ്യസ്ഥരല്ല. തുടർന്ന് നടന്ന മീറ്റിങ്ങിൽ കാലഹരണപ്പെട്ട നടപടികളും പതിവുകളും അടിയന്തിരമായി ഒഴിവാക്കണമെന്നും, മാറ്റങ്ങൾ കാലത്തിനൊത്ത രീതിയിൽ ആയിരിക്കുമെന്നും എൻഎംസിയിലെ മുതിർന്ന നേഴ്സിംഗ് വിദ്യാഭ്യാസ ഉപദേഷ്ടാവ് സ്യൂ വെസ്റ്റ് പറഞ്ഞു.

പ്രവേശനത്തിനുള്ള അനാവശ്യ തടസങ്ങൾ ഒഴിവാക്കി കൂടുതൽ ആളുകളെ കോഴ്സുകളിലേക്ക് കൊണ്ടുവരികയും ചെയ്യാൻ ഈ നടപടികൾ കൊണ്ട് കഴിയുമെന്നും അവർ കൂട്ടിചേർത്തു. 2022 ജൂലൈ 13 നും സെപ്റ്റംബർ 21 നും ഇടയിൽ നടന്ന 10 ആഴ്ചത്തെ പബ്ലിക് കൺസൾട്ടേഷനെ തുടർന്നാണ് തീരുമാനം. ശക്തമായ പ്രവേശന നടപടിക്രമങ്ങൾ സജ്ജീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതാണ് തീരുമാനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച ജിപി സർജറിയുടെ മേധാവികളുടെ ജീവിത സാഹചര്യങ്ങളെ പറ്റിയുള്ള വാർത്തകൾ അനുദിനം ചർച്ചയാവുകയാണ്. 4 മില്യൺ പൗണ്ട് വിലവരുന്ന കൊട്ടാര സമമായ മാളികയിലാണ് ഇവരുടെ താമസമെന്നും അത്യാഡംമ്പര കാറുകളാണ് ഉപയോഗിക്കുന്നതെന്നും മെയിൽ ഓൺലൈൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. സർജറികളിൽ ഗുരുതര വീഴ്ച വരുത്തുന്ന ഇവർ മറ്റ് പ്രൈവറ്റ് ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു.

ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ചു ലണ്ടനിലെ ഹൗൺസ്ലോയിലെ ബാത്ത് റോഡ് സർജറി ചെയ്യുന്നതിൽ പ്രധാനികൾ ഒരു അച്ഛനും മകനുമാണ്. ഡോ. സുനിലും, അഖിൽ മേയറും നടത്തുന്ന കൺസൾട്ടേഷനുകളുടെ 15% ത്തിലധികം തുക സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ഏറ്റവും തിരക്കേറിയ ഡോക്ടർമാർ ആയതുകൊണ്ട്, ഒരു നിശ്ചിത സംഖ്യയ്ക്ക് അധികമായി ബുക്കിംഗ് നടക്കാറില്ല. ഇരുവരും സറേയിലെ ഒരു പ്രത്യേക ഗേറ്റഡ് പ്രൈവറ്റ് എസ്റ്റേറ്റിലെ വലിയ വീട്ടിലാണ് താമസിക്കുന്നത്.

1996 ലാണ് കുടുംബം 527,000 പൗണ്ടിന് ഈ ആഡംബര വില്ല സ്വന്തമാക്കിയത്. വിശാലമായ പൂമുഖവും, കൊട്ടാരം കണക്കെയുള്ള ഭംഗിയും ഇതിനെ വേറിട്ട്‌ നിർത്തുന്നു. കാർ പോർച്ചിൽ ഒരു മേഴ്‌സിഡസ് ബെൻസും, റേഞ്ച് റോവറുമാണ് ഉള്ളത്. ആറ് മൈൽ വിസ്തീർണത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എന്നാൽ ഇന്ന് നടന്ന ബാത്ത് റോഡ് സർജറിയിൽ ഇരുവരും പങ്കെടുത്തില്ലെന്ന് ഹോസ്പിറ്റൽ റിസപ്ഷനിസ്റ്റ് വ്യക്തമാക്കി. ഡോ. അഖിൽ മേയർ ആഴ്ചയിൽ നാല് ദിവസം സെൻട്രൽ ലണ്ടനിലെ എക്‌സ്‌ക്ലൂസീവ് ക്രോംവെൽ ഹോസ്പിറ്റലിലും ജോലി ചെയ്യുന്നുണ്ട്. സർജറി നടക്കുന്ന സമയത്ത് ഡോക്ടർ കാണിക്കുന്ന അനാസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജനിച്ച് 23 മിനിറ്റിനു ശേഷം കുഞ്ഞു മരണപ്പെട്ട സംഭവത്തിൽ എൻ എച്ച് എസ് ട്രസ്റ്റിനു പിഴ ചുമത്തി അധികൃതർ രംഗത്ത്. £ 800,000 സംഭവത്തിൽ പിഴ ഈടാക്കിയത്. 2019 ൽ ക്വീൻസ് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു സംഭവം. തുടർന്ന് പിന്നീട് നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കുറ്റം സമ്മതിച്ചു. ഒരു എൻഎച്ച്എസ് ട്രസ്റ്റിന് പ്രസവ ശുശ്രൂഷയുടെ പേരിൽ ചുമത്തപ്പെട്ട ഏറ്റവും വലിയ പിഴ തുകയാണ് ഇതെന്നും അധികൃതർ വിശദീകരിക്കുന്നു.

അമ്മയെയും കുഞ്ഞിനേയും പരിചരിക്കുന്നതിൽ ആശുപത്രി ഗുരുതര വീഴ്ച പറ്റിയെന്നും, അതുകൊണ്ടാണ് കുട്ടി മരണപ്പെട്ടതെന്നും കേസിൽ വാദം കേട്ട ജില്ലാ ജഡ്ജി ഗ്രേസ് ലിയോംഗ് പറഞ്ഞു. ഒരു എൻ എച്ച് എസ് യൂണിറ്റിനെതിരെ കെയർ ക്വാളിറ്റി കമ്മീഷനു എടുക്കാവുന്ന രണ്ട് സുപ്രധാന നടപടികളിൽ ഒന്നാണ് ക്രിമിനൽ പ്രോസിക്യൂഷൻ. കേസിൽ കുട്ടിയുടെ മരണത്തിനു കാരണം തലച്ചോറിലേക്കുള്ള ഓക്സിജൻ ഒഴുക്കിൽ വന്ന വീഴ്ചയാണ് (ഹൈപ്പോക്സിക് ഇസ്കെമിക് എൻസെഫലോപ്പതി) എന്നാണ് കോടതി വ്യക്തമാക്കുന്നത്.

ജീവനക്കാർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. സാറ ആൻഡ്രൂസ് ആശുപത്രിയിൽ എത്തിയ സമയം തിരക്കായിരുന്നു എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഷിഫ്റ്റ്‌ മാറിയപ്പോൾ ജീവനക്കാർ രോഗിയുടെ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും, അതിനെ തുടർന്നാണ് ദാരുണ സംഭവം ഉണ്ടായെതെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. എന്നാൽ മതിയായ പരിചരണം ലഭിച്ചില്ല എന്നുള്ള വാദം തെറ്റാണെന്നും അധികൃതർ പറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കാറിന്റെ ബാറ്ററിയിലെ ചൂട് നിലനിർത്താൻ ഡ്രൈവർ കമ്പിളിയും, തുണിയും ഉപയോഗിച്ച് പൊതിഞ്ഞു തീകൊളുത്തി. സംഭവത്തെ തുടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. തുടർന്ന് തീയണക്കാൻ എത്തിയ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ സർവീസ് ജീവനക്കാരാണ് അപകടത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തിയത്. കവൻട്രിയിലാണ് സംഭവം.

ഒരിക്കലും ആരും ആവർത്തിക്കരുതെന്നും, ദൂരയാത്ര കഴിഞ്ഞെത്തിയ ഡ്രൈവർ കാണിച്ച തെറ്റായ സമീപനമാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് ഫയർ ഫോഴ്സ് സമൂഹ മാധ്യമങ്ങളിൽ അപകടത്തിന്റെ ഗൗരവവശം വെളിപ്പെടുത്തികൊണ്ട് ചിത്രം പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് വിവിധങ്ങളായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

Copyright © . All rights reserved