Business

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഇനി ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്കിന് സ്വന്തം. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.

മസ്കിന്‍റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ കന്പനി ബോർഡ് അംഗീകരിച്ചത്. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടുമായി ചർച്ച തുടങ്ങിയതോടെ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ട്വിറ്റർ ഇങ്കിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ കമ്പനി ബോർഡിന്‍റെ തീരുമാനമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഫോർബ്സിന്‍റെ കണക്കനുസരിച്ച്, ഏകദേശം 279 ബില്യണ്‍ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്ക്. എന്നാൽ അദ്ദേഹത്തിന്‍റെ പണത്തിന്‍റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കിലാണ്. കന്പനിയുടെ ഏകദേശം 17 ശതമാനം മസ്കിനു സ്വന്തമായുണ്ട്. കൂടാതെ സ്വകാര്യ ബഹിരാകാശ കന്പനിയായ സ്പേസ് എക്സുംകൂടിവരുന്പോൽ അളവറ്റ സന്പത്താണ് മസ്കിന്‍റെ കൈവശമുള്ളത്.

ട്വിറ്റർ ഏറ്റെടുക്കൽ ഇടപാട് നഷ്ടപ്പെടുത്തിയാൽ വലിയൊരു അവസരമാണ് ട്വിറ്റർ ബോർഡിനു നഷ്ടപ്പെടുന്നതെന്ന സൂചന മസ്ക് നൽകിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ട്വിറ്റർ സ്വകാര്യ ആസ്തിയാകണമെന്നാണ് മസ്കിന്‍റെ വാദം. തന്‍റെ വിമർശകരും ട്വിറ്ററിൽ തുടരും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നാണ് മസ്ക് ഒടുവിൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.

ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.  

ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്. 

കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.

ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും. 

യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ  “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.

ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.

കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.

കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ  ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ജാപ്പനീസ് (Japanese) വാഹന നിര്‍മാതാക്കളായ ടൊയോട്ട (Toyota) ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ (എഫ്സിഇവി) ആയ ‘ടൊയോട്ട മിറായി’ ആണ് കമ്പനി അവതരിപ്പിച്ചത്. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരി ആണ് വാഹനം പുറത്തിറക്കിയത്. ഒറ്റ ചാര്‍ജില്‍ 650 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും ഈ വാഹനത്തിന് എന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പറയുന്നു. ചാര്‍ജ് ചെയ്യാന്‍ അഞ്ചുമിനിറ്റ് മതി. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി (ICAT)യുടെ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ബുധനാഴ്‍ച ഈ വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ റോഡുകളെയും കാലാവസ്ഥയെയും കുറിച്ച് പഠിക്കാനും വിലയിരുത്താനുമാണ്, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമോട്ടീവ് ടെക്നോളജിയും (ഐസിഎടി) ചേർന്നുള്ള പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി ടൊയോട്ട മിറായി അവതരിപ്പിച്ചത്.

ഹരിത ഹൈഡ്രജന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ആമുഖവും അവലംബവും ഇന്ത്യയുടെ ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജ ഭാവി സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ഗഡ്‍കരി അഭിപ്രായപ്പെട്ടു. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, ഇന്റർനാഷണൽ സെന്റർ ഫോർ ഓട്ടോമോട്ടീവ് ടെക്‌നോളജിയുമായി (ഐസിഎടി) ചേർന്ന് ഇന്ത്യൻ റോഡുകളിലും കാലാവസ്ഥാ സാഹചര്യങ്ങളിലും ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും നൂതനമായ എഫ്‌സിഇവി ടൊയോട്ട മിറായ് പഠിക്കാനും വിലയിരുത്താനുമുള്ള ഒരു പൈലറ്റ് പ്രോജക്‌റ്റാണ് നടത്തുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര ഊർജ മന്ത്രി ആർ കെ സിംഗ്, ഘന വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ടൊയോട്ട മിറായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്‍താല്‍ വാഹനത്തിന് 650 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. എഫ്സിഇവി പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമാണെന്നും മലിനജലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നും ഗഡ്‍കരി പറഞ്ഞു. മലിനജലം ശേഖരിക്കുകയും ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് ഹരിതവാതകമായ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലുടനീളം നെറ്റ്-സീറോ കാര്‍ബണ്‍ എമിഷൻ കൈവരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടൊയോട്ട പറഞ്ഞു. നേരത്തെ, അതിവേഗത്തിലുള്ള ഗതാഗത സംവിധാനങ്ങള്‍ക്കായി രാജ്യം വൈദ്യുതി അധിഷ്ഠിത സാങ്കേതികവിദ്യ തേടുകയാണെന്ന് നിതിന്‍ ഗഡ്‍കരി പറഞ്ഞിരുന്നു.

2019-ലെ ടോക്യോ മോട്ടോര്‍ ഷോയിലാണ് രണ്ടാം തലമുറ മിറായി പ്രദര്‍ശനത്തിന് എത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പ് രാജ്യാന്തര വിപണികളില്‍ എത്തിയിരുന്നു. 48,000 ഡോളറാണ് മിറായിയുടെ വിദേശ വിപണിയിലെ വില. അതേസമയം, കര്‍ണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലായിരിക്കും ഇന്ത്യയിലേക്കുള്ള വാഹനങ്ങള്‍ നിര്‍മിക്കുക. 2015-ലാണ് ടൊയോട്ട മിറായിയുടെ ആദ്യ തലമുറ മോഡല്‍ അവതരിപ്പിക്കുന്നത്.

മോഡുലാര്‍ TNGA പ്ലാറ്റ്‌ഫോമിലാണ് മിറായ് ഒരുങ്ങിയിരിക്കുന്നത്. സ്വപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പ്, വീതിയേറിയ ഗ്രില്‍, സ്പ്ലിറ്റ് ടെയില്‍ ലാമ്പ്, 20 ഇഞ്ച് അലോയി വീല്‍, കൂപ്പെയ്ക്ക് സമാനമായ റൂഫ് എന്നിവയാണ് മിറായിയുടെ രണ്ടാം തലമുറ മോഡലിനെ ആദ്യ പതിപ്പില്‍ നിന്നും വ്യത്യസ്‍തമാക്കുന്നത്. വലിപ്പത്തിലും മുന്‍മോഡലിനെക്കാള്‍ മുന്നിലാണ് ഇപ്പോള്‍ വിപണിയിലുള്ള മിറായ്. 4975 എംഎം നീളവും 1885 എംഎം വീതിയും 1470 എംഎം ഉയരവും 2920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്.

മറ്റ് രാജ്യാന്തര വിപണികളില്‍ ടൊയോട്ട എത്തിച്ചിട്ടുള്ള ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ മിറായ് കാറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഇന്നാണ് വാഹനം അവതരിപ്പിച്ച കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‍കരി അഭിപ്രായപ്പെട്ടത്. എന്നാല്‍, ഈ വാഹനത്തിന്റെ വില സംബന്ധിച്ച വെളിപ്പെടുത്തല്‍ ടൊയോട്ട നടത്തിയിട്ടില്ല. ഇത് പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന കാര്യത്തിലും കമ്പനി ഇതുവരെ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യക്കെത്തിരെ നിലപാട് കടുപ്പിച്ച് ലോക ബാങ്ക്. റഷ്യയിലും ബെലാറൂസിലും നടന്നുകൊണ്ടിരിക്കുന്ന എല്ലാ പദ്ധതികളും അടിയന്ത്രമായി നിര്‍ത്തി വയ്ക്കുന്നതായി ലോക ബാങ്ക് അറിയിച്ചു. ഉക്രൈന്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് ബെലാറൂസ് പിന്തുണ അറിയിച്ചിരുന്നു. അതിനാലാണ് ബെലാറൂസിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തിയത്.

റഷ്യക്കെതിരെ രാജ്യാന്തര നീതിന്യായക്കോടതിയില്‍ ഉക്രൈന്‍ പരാതി നല്‍കിയിരുന്നു. യുദ്ധക്കുറ്റം ചെയ്‌തെന്ന് പരാതിയില്‍ റഷ്യക്കെതിരെ അന്വേഷണം ഉണ്ടാകും. അന്താരാഷ്ട്ര ക്രഡിറ്റ് റേറ്റിങ് ഏജന്‍സി ഫിച്ച് റേറ്റിങ് റഷ്യയുടെ റേറ്റിങ് താഴ്ത്തിയിട്ടുണ്ട്.

ലോക ബാങ്ക് റഷ്യക്കും ബെലാറൂസിനും അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുകയും, അംഗങ്ങള്‍ക്ക് നയപരമായ ഉപദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 2014 മുതല്‍ റഷ്യക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ അംഗീകരിച്ചിട്ടില്ല. 2020 പകുതി മുതല്‍ ബെലാറൂസിനും പുതിയ വായ്പകള്‍ അനുവദിച്ചിട്ടില്ല. ബെലാറൂസില്‍ മൊത്തം 1.2 ബില്യണ്‍ ഡോളറിന്റെ 11 പ്രോജക്റ്റുകള്‍ ഉണ്ട്. ഊര്‍ജ്ജം, വിദ്യാഭ്യാസം, ഗതാഗതം, കോവിഡ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളാണിത്.

റഷ്യയില്‍, 370 മില്യണ്‍ ഡോളര്‍ ചെലവ് വരുന്ന നാല് പ്രോജക്റ്റുകള്‍ മാത്രമാണുള്ളത്. നയപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയുളള പദ്ധതികളായിരുന്നു ഇത്. ഈ പദ്ധതികള്‍ എല്ലാം നിര്‍ത്തി വയ്ക്കുന്നതായാണ് ലോക ബാങ്ക അറിയിച്ചത്.

അതേസമയം യുദ്ധത്തില്‍ തകര്‍ന്ന ഉക്രൈനിനായി 3 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജ് തയ്യാറാക്കുന്നതായി ലോക ബാങ്ക് ചൊവ്വാഴ്ച അറിയിച്ചിരുന്നു. 350 മില്യണ്‍ ഡോളര്‍ ഉടനടി നല്‍കും.ഉക്രൈനിന് അടിയന്തര സഹായം നല്‍കുമെന്ന് ഐ.എം.എഫും അറിയിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാള്‍സി രോഗമുണ്ടായിരുന്നു.

54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു.

തന്റെ മകനെ വളര്‍ത്തിയതില്‍ പ്രചോദനം ഉള്‍കൊണ്ടാണ് നദെല്ല ഇത്തരം ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് കമ്പനിയെ നയിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദീർഘകാല നിക്ഷേപമെന്ന നിലയിൽ ക്രിപ്റ്റോ ബിസിനസുകൾ അനുയോജ്യമെന്ന് വോയേജർ സിഇഒ സ്റ്റീഫൻ എർലിച്ച് അഭിപ്രായപ്പെട്ടു. ഭാവി തലമുറയ്ക്ക് വേണ്ടി നടത്താവുന്ന സുരക്ഷിതമായ നിക്ഷേപമാണ് ക്രിപ്റ്റോ എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീഫൻ എർലിച്ച് വോയേജർ കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണ് .

ആഗോള പണപ്പെരുപ്പം പുതിയ ഉയരത്തിലേക്ക് എത്തുകയും യുഎസ് ദേശീയകടം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്രിപ്റ്റോ ഭാവി തലമുറകൾക്കുള്ള ദീർഘകാല സുരക്ഷിത നിക്ഷേപമാണെന്ന് സ്റ്റീഫൻ എർലിച്ച് അഭിപ്രായപ്പെട്ടത്. ക്രിപ്റ്റോ എക്കണോമിക് ഇക്വാലിറ്റി സൃഷ്ടിക്കാൻ ഉതകുമെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.

വോയേജറിൻെറ ആദ്യപാദത്തിലെ പ്രവർത്തനഫലം എക്കാലത്തെയും മികച്ചതായിരുന്നു അതുകൊണ്ടു തന്നെ ക്രിപ്റ്റോകറൻസിയിൽ നിക്ഷേപിക്കുന്ന സമയമാണിത്. ക്രിപ്റ്റോ ബിസിനസുകൾ ലാഭകരമാണെന്ന ചോദ്യത്തിന് എർലിച്ച് മറുപടി പറഞ്ഞത് തൻെറ കമ്പനിയുടെ അനുഭവം .വിവരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവൻ ക്രിപ്റ്റോകറൻസിയ്ക്ക് കൂടുതൽ സ്വീകാര്യത കൈവരുന്നതാണ് അടുത്ത കാലത്ത് സാമ്പത്തിക രംഗത്ത് വന്ന കാതലായ മാറ്റങ്ങളിൽ പ്രധാനപ്പെട്ടത്. സിറ്റാഡൽ കമ്പനിയുടെ സ്ഥാപകനായ കെൻ ഗ്രിഫിൻ തൻെറ കമ്പനി ഇനി കൂടുതലായി ക്രിപ്റ്റോകറൻസികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. സിറ്റാഡൽ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഫിനാൻഷ്യൽ സർവീസ് കമ്പനി ആണ് . 1990 – ലാണ് കെൻ ഗ്രിഫിൻ കമ്പനി സ്ഥാപിച്ചത് .

സിറ്റാഡൽ ഈ വർഷം ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ക്രിപ്റ്റോ കറൻസികളെ കുറിച്ച് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന കെൻ ഗ്രിഫിന്റെ മനംമാറ്റം വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗോള വിപണികളെ വിശകലനം ചെയ്ത് തങ്ങളുടെ ഓഹരി പങ്കാളികൾക്ക് ലാഭം നേടിക്കൊടുക്കുന്നതിൽ സിറ്റാഡൽ മുൻനിരയിലാണ് .

ജനുവരിയിൽ 1.15 ബില്യൻ ഡോളറിന്റെ നിക്ഷേപമാണ് സിറ്റാഡൽ സെക്യൂരിറ്റീസ് ക്രിപ്‌റ്റോ വിപണിയിൽ നടത്തിയത്. പ്രമുഖ ക്രിപ്‌റ്റോ വെഞ്ച്വർ ക്യാപിറ്റൽ കമ്പനികളായ സെക്വോയ ക്യാപിറ്റൽ, പാരഡിഗ്ം എന്നീ കമ്പനികളാണ് തങ്ങളുടെ ആദ്യത്തെ ബാഹ്യ നിക്ഷേപം നടത്താൻ കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്.

ബജാജിനെ ഇന്ത്യന്‍ നിരത്തുകളിലെ പ്രധാന സാന്നിധ്യമാക്കി മാറ്റിയ ബജാജ് ഗ്രൂപ്പ് മേധാവി രാഹുല്‍ ബജാജ് (83) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പുണെയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗവും അദ്ദേഹത്തിനുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 1938-ല്‍ കൊല്‍ക്കത്തയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.

1965-ലാണ് അദ്ദേബം ബജാജ് ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2001-ല്‍ അദ്ദേഹത്തെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇതിനുപുറമെ, 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ അദ്ദേഹം രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ രാജ്യം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി.

2021 ഏപ്രില്‍ മാസംവരെ അദ്ദേഹം ബജാജ് ഓട്ടോയുടെ ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിരുന്നു. പിന്നീട് പ്രായാധിക്യത്തെയും ആരോഗ്യസ്ഥിതി മോശമായതിനെയും തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. എന്നാല്‍, ബജാജ് ഓട്ടോയുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടത്തിലായിരുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യ :- റഷ്യയിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് റഷ്യൻ ഗവൺമെന്റും സെൻട്രൽ ബാങ്കും ചേർന്ന് രൂപം നൽകിയിരിക്കുകയാണ്. ക്രിപ്റ്റോകറൻസികൾ ഒരുതരത്തിലുള്ള കറൻസികൾ തന്നെയാണെന്നും, അതിനാൽ തന്നെ അവയുടെ ട്രാൻസാക്ഷനുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റഷ്യ വിലയിരുത്തി. ചൊവ്വാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഗവൺമെന്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കറൻസികൾ നിരോധിക്കുകയല്ല, മറിച്ച് എല്ലാവിധ ട്രാൻസാക്ഷനുകളും നിയമപരമായി മാത്രമേ നടത്തുവാൻ സാധിക്കുകയുള്ളൂ എന്നാണ് ഗവൺമെന്റ് വ്യക്തമാക്കുന്നത്. നിലവിൽ റഷ്യൻ പൗരൻമാർക്ക് മാത്രമായി 12 മില്യൺ ക്രിപ്റ്റോകറൻസി അക്കൗണ്ടുകളിലായി 26.7 ബില്യൺ ഡോളർ തുകയുടെ നിക്ഷേപമാണ് ഉള്ളത്. ഇതോടൊപ്പം തന്നെ ബിറ്റ് കോയിൻ മൈനിങ്ങിലും മറ്റും രാജ്യം മൂന്നാം സ്ഥാനത്താണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് റഷ്യ വിലയിരുത്തുന്നത്.


ഇതോടെ ആറ് ലക്ഷം റൂബിളിന് മുകളിലുള്ള ട്രാൻസാക്ഷനുകൾ എല്ലാംതന്നെ ഉപഭോക്താക്കൾ വെളിപ്പെടുത്തേണ്ടതായി വരും. ഇത് വെളിപ്പെടുത്താത്ത പക്ഷം അത് ക്രിമിനൽ പ്രവർത്തനത്തിലേക്ക് വഴിതെളിക്കും എന്നാണ് ഇപ്പോൾ രൂപപ്പെടുത്തിയ നിയമം വ്യക്തമാക്കുന്നത്. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച റഷ്യൻ ഗവൺമെന്റിന്റെ തീരുമാനം മാസങ്ങളായി അനിശ്ചിതത്വത്തിൽ ആയിരുന്നു. എന്നാൽ ചിലർ ഇത് ക്രിപ്റ്റോ കറൻസികൾക്ക് ലഭിക്കുന്ന അംഗീകാരമായാണ് കണക്കാക്കുന്നത്. ക്രിപ്റ്റോകറൻസികളെ ഒരു വിഭാഗം കറൻസികൾ ആയിത്തന്നെ അംഗീകരിച്ചുകൊണ്ടാണ് റഷ്യ പുതിയ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ജനുവരിയിൽ രാജ്യം മുഴുവനും ക്രിപ്റ്റോകറൻസികൾ നിരോധിക്കണമെന്ന ആവശ്യമാണ് റഷ്യൻ ബാങ്ക് മുന്നോട്ടു വച്ചിരുന്നത്. എന്നാൽ ബാങ്കിന്റെ ഈ തീരുമാനത്തോട് റഷ്യൻ ധനകാര്യവകുപ്പ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ക്രിപ്റ്റോകറൻസികൾ നിരോധിക്കുകയല്ല മറിച്ച് നിയന്ത്രിക്കുകയാണ് വേണ്ടത് എന്ന നിലപാടിലാണ് ഇപ്പോൾ റഷ്യ എത്തിനിൽക്കുന്നത്. ഇതോടൊപ്പം തന്നെ ക്രിപ്റ്റോകറൻസികളുടെ മൈനിങ്ങും നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസികളെ നിരോധിക്കുന്നതിന് പകരം നികുതി ചുമത്തി ഒരു ഡിജിറ്റൽ ആസ്തിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ സ്വീകരിച്ചത്. ക്രിപ്റ്റോ കറൻസി ബിൽ പാസാക്കാതെ തന്നെ പരോക്ഷമായി ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ബജറ്റിൽ 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ വ്യക്തത നൽകുമ്പോൾ 82% ഇന്ത്യക്കാരും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്തിടെ ഡെലോയ്‌റ്റും ടൈംസ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേയുടെ ഫലമാണിത്.

സർവേയിൽ പങ്കെടുത്ത 1,800 പേരിൽ, 55.2% പേർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞു. 26.8% പേർ ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടില്ലെന്നും ക്രിപ്റ്റോ നിയന്ത്രണത്തെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകിയാൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ക്രിപ്റ്റോകറൻസികൾക്ക് പരോക്ഷ അംഗീകാരം നൽകി. ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം നൽകുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും 2021-ൽ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ കുതിച്ചുയർന്നു. 2021-ൽ 48 റൗണ്ടുകളിലായി 63.8 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ഫണ്ടിങ്ങും ബ്ലോക്ക്ചെയിൻ നിക്ഷേപങ്ങളുമാണ് ഇന്ത്യെയെ ആകർഷിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാർക്ക് ആണെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്ന വർഷം തന്നെ ഇത്രയധികം നിക്ഷേപം നടന്നുവെന്നത് ക്രിപ്റ്റോയുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്.

RECENT POSTS
Copyright © . All rights reserved