India

വർക്കല മണമ്പൂരിൽ ഭർതൃഗൃഹത്തിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി (അമ്മു–19) ആണ് മരിച്ചത്. മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനോടെപ്പം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെയിരുന്നു സംഭവം.

ഭർത്താവ് കിരണിന്റെ കുടുംബാംഗങ്ങളും ആ വീട്ടിൽ താമസമുണ്ടായിരുന്നു. കിരൺ ഓട്ടോ ഡ്രൈവറാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 11 മാസമായി. പ്രണയവിവാഹമായിരുന്നു. ലക്ഷ്മി ഒന്നരമാസം ഗർഭിണിയായിരുന്നു. ബിഎ ലിറ്ററേച്ചർ അവസാനവർഷ വിദ്യാർഥിനിയായിരുന്നു.

തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് ഭർത്താവും വീട്ടുകാരുമായി തർക്കം ഉണ്ടായിരുന്നതായും അതിലുണ്ടായ മനോവിഷമത്തെ തുടർന്ന് ലക്ഷ്മി ജീവനൊടുക്കിയതാണെന്നുമാണ് പ്രാഥമിക വിവരം. എഎസ്പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കടയ്ക്കാവൂർ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

രക്ഷിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കോവളം സ്വദേശി അനിൽകുമാർ ( 40) ആണ് പിടിയിലായത്.

വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ ഇയാൾ കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് കോവളം പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച് എസിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികൾ ഉൾപ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാർക്ക് യുകെയിൽ വൻ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എൻഎച്ച് എസിൽ 30 ശതമാനത്തോളം വരുന്ന ഡോക്ടർമാർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടർമാരുമായ ആരോഗ്യപ്രവർത്തകർ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉള്ളവരാണ്.

പ്രതിവർഷം 110,000 ഡോക്ടർമാരാണ് ഇന്ത്യയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടർമാരെ എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂണിയർ ഡോക്ടർമാരുടെ നൈപുണ്യവും പ്രവർത്തിപരിചയവും വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് എൻഎച്ച്എസ് ഇന്ത്യയിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മുംബൈ, ഡൽഹി, നാഗ്പൂർ, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇൻഡോർ, മൈസൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 6 മുതൽ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളിൽ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടർമാർക്ക് എൻഎച്ച്എസ് ബിരുദാനന്തര പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർമാരെ പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്‌മെൻ്റ് ബോർഡ് (PLAB) പരീക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടർമാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.

പേരാമ്പ്ര വാളൂരിൽ അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി മുജീബ് റഹ്‌മാന് പിന്നാലെ കൂട്ടുപ്രതിയും പിടിയിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പൊലീസിന്റെ പിടിയിലായത്.

അനുവിനെ കൊലപ്പെടുത്തിയ ശേഷം മുജീബ് റഹ്‍മാൻ അവരുടെ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജ്വല്ലറിയിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. മുജീബിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

ഭർത്താവിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനിറങ്ങിയ അനുവിനെ മുജീബ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി തോട്ടിലേക്ക് തള്ളിയിട്ട് മുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങല്‍ സ്വദേശി ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാന് (49) പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മുജീബിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തുകയായിരുന്നു.

കേരളത്തിലെ മികച്ച സ്കൂൾ ,കോളജ് മാഗസിന് പനമറ്റം ദേശീയ വായനശാല പുരസ്കാരം നൽകുന്നു. 2023 , 24 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മാഗസിനുകളാണ് പരിഗണിക്കുക.

ഒന്നാം സമ്മാനാർഹമായ മാഗസിന് കടമ്മനിട്ട സ്മാരക പുരസ്കാരമായി പ്രശസ്തി പത്രവും 5000 രൂപയും .രണ്ടാം സ്ഥാനത്തിന് വി.രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരമായി 3000 രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും.
മാഗസിനുകളുടെ 3 കോപ്പികൾ
2024 ഏപ്രിൽ 30 നു മുമ്പായി

സെക്രട്ടറി
ദേശീയ വായനശാല
പനമറ്റം പോസ്റ്റ്
കൂരാലി വഴി
കോട്ടയം ജില്ല
പിൻ 686522
എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക്
9495395461
9495691616
എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക.

ലോക വൃക്ക ദിനത്തോട് അനുബന്ധിച്ച് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക ദിനാചരണം സംഘടിപ്പിച്ചു. ആശുപത്രിയിലെ നെഫ്രോളജി ഡിപ്പാർട്ട്മെന്റിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ വൃക്ക ദിനാചരണത്തോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ ഉദ്ഘാടനം ചെയ്തു .


വൃക്ക രോഗം തടയുക എന്ന ലക്ഷ്യത്തിൽ പുറത്തിറക്കിയ ലഘുലേഖ മെഡിക്കൽ ഓഫീസർ ഡോ. തോമസ് ചാണ്ടിയാണ് പ്രകാശനം ചെയ്തത്. ഡോ. ക്രിസ്റ്റി മറിയ വൃക്ക സംബന്ധമായ രോഗങ്ങൾ വരാതിരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ഫാ. ദീപു പുത്തൻപുരയ്ക്കൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ എം മാത്യു എന്നിവർ പ്രസംഗിച്ചു.

പേരാമ്പ്ര സ്വദേശി അനുവിനെ വാളൂരിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയില്‍.

സംഭവ സമയത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിപ്പോള്‍ ബൈക്കില്‍ ഒരാള്‍ പ്രദേശത്ത് കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ അനുവിന്റെ മരണം മുങ്ങിമരിച്ചതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും കൊലപാതകമാണെന്ന സംശയം പോലീസിന് നിലനിന്നിരുന്നു. ഇതിനിടയാണ് സിസിടിവിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഇയാളെ കാണാൻ ഇടയായത്. മോഷണക്കേസുകളില്‍ ഉള്‍പ്പെട്ട ആളാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞ തിങ്കാളാഴ്ച ഭർത്താവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ അനുവിനെ കാണാതാവുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചയാണ് വാളൂരിലെ തോട്ടില്‍ അർദ്ധനഗ്നയായി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത സമയത്ത് അനുവിന്റെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം ശക്തമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളത്തിൽ ഏപ്രിൽ 26 ന് വോട്ടെടുപ്പ്, പത്രിക സമർപ്പണം ഏപ്രിൽ 4 ന്, സൂഷ്മ പരിശോധ ഏപ്രിൽ 5 ന്,പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 വരെ , ഇലക്ഷൻ പെരുമാറ്റ ചട്ടം നിലവിൽ വന്നു.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. 97 കോടി വോട്ടര്‍മാരാണ് രാജ്യത്ത് ആകെയുള്ളത്. എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും കമ്മിഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. 10.5 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണുള്ളത്. 1.5 കോടി പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് പ്രക്രിയയില്‍ പങ്കാളികളാകും.

പുരുഷ വോട്ടര്‍മാര്‍ 49.7 കോടിയും സ്ത്രീ വോട്ടര്‍മാര്‍ 47.1 കോടിയുമാണ്. യുവ വോട്ടര്‍മാര്‍ 19.74 കോടിയാണ് രാജ്യത്തുള്ളത്. നൂറ് വയസുള്ള 2.18 കോടി വോട്ടര്‍മാരും 1.8 കോടി വോട്ടര്‍മാരും രാജ്യത്തുണ്ട്. 48000പേരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍. 82 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.

85 വയസ് കഴിഞ്ഞ പൗരന്മാര്‍ക്ക് വോട്ട് ഫ്രം ഹോം സൗകര്യം ഏര്‍പ്പെടുത്തും. ശൗചാലയും കുടിവെള്ളവും ഉറപ്പാക്കും. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വോട്ടറുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ഇതിനായി മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. പോളിങ് ബൂത്തില്‍ ശൗചാലയവും കുടിവെള്ളവും ഉറപ്പാക്കും. ബൂത്തുകളില്‍ മികച്ച സൗകര്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കരാര്‍ ജോലിക്കാരെ നിയോഗിക്കില്ല. ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ബൂത്തുകളില്‍ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കുമെന്നും കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ഈ പ്രൊജക്റ്റിന് വേണ്ടി രാത്രി വൈകും വരെ താന്‍ ജോലി ചെയ്തുവെന്നും ബച്ചന്‍ പറഞ്ഞു. പ്രഭാസ്, ദീപിക പദുക്കോണ്‍, കമല്‍ഹാസന്‍, ദിഷാ പഠാണി, അന്ന ബെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”വീണ്ടും വൈകി. ഇന്നലെ രാത്രി ജോലിയില്‍നിന്ന് വൈകിയാണ് എത്തിയത്… കല്‍ക്കി പൂര്‍ത്തിയാകുകയാണ്. മെയ് 9-ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്‌. അടുക്കിലും ചിട്ടയിലും എല്ലാം പൂര്‍ത്തിയാക്കാനുള്ള അവസാന ശ്രമങ്ങള്‍ നടക്കുകയാണ്. അണിയറക്കാരുടെ ഈ കാഴ്ചപ്പാട് സിനിമയ്ക്ക് മികച്ച അനുഭവം നല്‍കാന്‍ സഹായകരമാകും.”-ബച്ചന്‍ കുറിച്ചു.

ബച്ചന്റെ രോഗവിവരത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലതും പ്രചരിക്കുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. പതിവു ചെക്കപ്പുകൾക്കായാണ് ബച്ചൻ ആശുപത്രിയിൽ എത്തിയതെന്നും പറയുന്നുണ്ട്. ബച്ചന്റെ കുടുംബമോ സുഹൃത്തുക്കളോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്. കേസിൽ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി സ്വീകരിച്ചു. ഇതിനെതിരെയുള്ള മറുപടി സമർപ്പിക്കാൻ രണ്ട് ആഴ്ച സമയം സിബിഐക്ക് നൽകിയിട്ടുണ്ട്.

പുളിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്ക് വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച ഏതോ സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്തതായി സംശയമുണ്ടെന്നും ജെസ്നയ്ക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് സിബിഐ പരിശോധിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജെസ്ന കോളേജിന് പുറത്ത് എൻഎസ്എസ് ക്യാമ്പുകൾക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെന്നും സിബിഐ അന്വേഷണം പരാജയമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ജെസ്നയുടെ ഒപ്പം പഠിച്ച അഞ്ച് സുഹൃത്തുക്കളിലേക്കും അന്വേഷണം എത്തിയിട്ടില്ല. ഇക്കാര്യവും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം, കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി സിബിഐ കോടതിയിൽ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കൂടാതെ ജെസ്നയുടെ തിരോധാനത്തിൽ മതതീവ്രവാദ സംഘടനയ്ക്ക് ബന്ധമില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു. കേരള പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങൾ തന്നെയാണ് കണ്ടെത്തിയത്.

2018 മാർച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം 2021 ഫെബ്രുവരിയിലാണ് സിബിഐ എറ്റെടുത്തത്. തിരോധാനത്തെക്കുറിച്ച് തനിക്കറിയാമെന്ന് മോഷണക്കേസ് പ്രതി മൊഴി നൽകിയെങ്കിലും സ്ഥിരീകരണം സിബിഐ നടത്തിയിട്ടില്ല. പഠിക്കാനുള്ള ഏതാനും പുസ്തകങ്ങളല്ലാതെ മറ്റൊന്നും ജെസ്ന കൈയിൽ കരുതിയിട്ടില്ലായിരുന്നു.

വീട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ മൂന്നര കിലോമീറ്റർ അകലെ മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് എരുമേലി വഴി മുണ്ടക്കയത്തേക്കുള്ള ബസിൽ കയറിയെന്നുമായിരുന്നു സൂചന. ചില യാത്രക്കാരും ഇത് വ്യക്തമാക്കിയിരുന്നു. പുഞ്ചവയലിലെ സുഹൃത്തിനൊപ്പം പോയതാണെന്നുളള പ്രചാരണത്തെ തുടർന്നു സഹപാഠിയെ ചോദ്യം ചെയ്തിരുന്നു. എരുമേലിയിലെ സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർ കൂടി ഒപ്പം നടക്കുന്നത് വ്യക്തമായിരുന്നെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

RECENT POSTS
Copyright © . All rights reserved