ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറയിൽ യുവ മലയാളി എൻജിനീയർക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടാണ് ടെന്നീസ് കളിച്ചുകൊണ്ടിരിക്കുമ്പോൾ നാറ്റ്വെസ്‌റ് ബാങ്കിലെ ടെക്നോളജി ഓഫീസറായി ജോലി ചെയ്തിരുന്ന മനീഷ് നമ്പൂതിരി (36) കുഴഞ്ഞുവീണ് മരിച്ചത്. കളിക്കിടെ കുഴഞ്ഞു വീണതിന് പിന്നാലെ മനീഷിന്റെ സുഹൃത്തുക്കളും പാരാമെഡിക്കകളും ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉടൻ തന്നെ എത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റൺ ഹോസ്പിറ്റലിലേക്ക് മാറ്റി.
പാലക്കാട് ഷൊർണൂറിനടുത്തുള്ള ആറ്റൂരിലെ പ്രശസ്ത നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍ , ‘അമ്മ നളിനി മുരളീധരന്‍ . മനീഷും ഭാര്യ ദിവ്യയും പുതിയൊരു വീട് വാങ്ങിയിട്ട് ഒരു മാസം തികയും മുൻപേ ആണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള മനീഷിന്റെ വേർപാട്.
മനീഷ് നമ്പൂതിരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ഗില്‍ബെര്‍ട്ട് റോമൻ അന്തരിച്ചു. ബിസിനസ് സംബന്ധമായ ആവശ്യങ്ങൾക്കായി മലേഷ്യയിലെ ക്വാലാലംപൂരിൽ ആയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ മരണം തേടിയെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് ചടങ്ങുകൾ നിർവഹിക്കാനാണ് കുടുംബം താത്പര്യപ്പെടുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. ഫ്രീഡ ഗോമസ് ആണ് ഭാര്യ. മക്കള്‍ രേഷ്മ, ഗ്രീഷ്മ, റോയ്.
2000 ആണ്ടിന്റെ തുടക്കത്തിൽ ആണ് ഗില്‍ബെര്‍ട്ട് റോമൻ യുകെയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ഗില്‍ബെര്‍ട്ട് റോമൻ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്ന അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാടിന്റെ ഞെട്ടലിലാണ് ഈസ്റ്റ് ഹാമിലെ മലയാളി സമൂഹം.
ഗില്‍ബെര്‍ട്ട് റോമൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇസ്രായേലിൽ ജോലിചെയ്തു വരികയായിരുന്ന മലയാളി നേഴ്സ് അന്തരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ജെസി അലക്സാണ്ടർ ആണ് മരണമടഞ്ഞത്. 55 വയസ്സായിരുന്നു പ്രായം. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണമടയുകയും ആയിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ജെസി അലക്സാണ്ടറിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റൽ ബറോയിൽ യുകെ മലയാളി മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശിയായ സോജൻ തോമസ് ആണ് വീട്ടിലെ സ്റ്റെയർകെയ്സ് ഇറങ്ങവെ വീണ് പരുക്കേറ്റതിനെ തുടർന്ന് ജീവൻ വെടിഞ്ഞത്. വീണതിനെ തുടർന്ന് കഴുത്തിനേറ്റ ക്ഷതമാകാം 49 വയസ്സ് മാത്രം പ്രായമുള്ള സോജന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന് 5 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞവർഷം മാർച്ചിലാണ് സോജൻ യുകെയിലെത്തിയത്. ഇവിടെ മോറിസൺ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരുകയായിരുന്നു. കെയർ ഹോം ജീവനക്കാരിയായ സജിനിയാണ് ഭാര്യ. കാത്തി സോജൻ , കെവിൻ സോജൻ എന്നിവരാണ് മക്കൾ. രണ്ട് വർഷം മുൻപ് ഭാര്യയ്ക്ക് യുകെയിൽ ജോലി കിട്ടിയതിനെ തുടർന്ന് ആശ്രിത വിസയിലാണ് സോജനും മക്കളും ഇവിടെ എത്തി ചേർന്നത്. ചങ്ങനാശ്ശേരി പൊങ്ങന്താനം മുരണിപ്പറമ്പിൽ പരേതനായ തോമസ്, കത്രീനാമ്മ എന്നിവരാണ് മാതാപിതാക്കൾ. സജി, സുജ, സൈജു ( യുകെ) എന്നിവരാണ് സഹോദരർ. കുറുമ്പനാടം അസംപ്ഷൻ സീറോ മലബാർ ആർച്ച് ഇടവകാംഗമാണ് സോജനും കുടുംബവും. സോജൻ്റെ മ്യത സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സോജൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കരളലിയിക്കുന്ന ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ലിങ്കൺഷെയറിലെ ബോസ്റ്റണിൽ 27 വയസ്സുകാരനായ മലയാളി യുവാവ് ആകസ്മികമായി മരണത്തിന് കീഴടങ്ങി. 27 വയസ്സുകാരനായ ലിബിൻ എം ലിജോയാണ് അകാലത്തിൽ വിടവാങ്ങിയത്. പാലക്കാട് ഇരട്ട കുളം സ്വദേശിയാണ് ലിജോ.
തുടർച്ചയായ തലവേദനയെ തുടർന്ന് ജിപിയെ കണ്ട ലിജോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നോട്ടിംഗ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്ററിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നലെ സ്ഥിതി കൂടുതൽ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ലിബിന്റെ മരണ കാരണത്തെ കുറിച്ച് കൃത്യമായ ഒരു വിശദീകരണം നൽകാൻ ഇതുവരെ ഡോക്ടർമാർക്ക് സാധിച്ചിട്ടില്ല എന്നാണ് അറിഞ്ഞത് .
ഏതൊരാളുടെയും കണ്ണുകളെ ഈറനണിയിക്കുന്ന സംഭവങ്ങളാണ് ലിബിന്റെ ജീവിതത്തിൽ നടന്നത് . സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയ ലിബിൻ കെയററായി ജോലി നോക്കി വർക്ക് പെർമിറ്റ് കരസ്ഥമാക്കിയിരുന്നു. ഇതിനൊപ്പം തന്റെ പ്രതിശ്രുത വധുവിനെയും ലിബിൻ യുകെയിൽ കൊണ്ടുവന്നിരുന്നു. രണ്ട് മാസം കഴിഞ്ഞ് നാട്ടിലെത്തി വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ് മരണം രംഗബോധമില്ലാത്ത കോമാളിയായി വന്ന് ലിബിന്റെ ജീവിതം തട്ടിയെടുത്തത്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യകർമ്മങ്ങൾ നടത്താനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. പൊതു ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ലിബിൻ എം ലിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക് പോർട്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ ഷാജി എബ്രഹാം അന്തരിച്ചു. കുറച്ചുകാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്ന അദ്ദേഹത്തിന് 60 വയസ്സായിരുന്നു പ്രായം. സ്റ്റോക്ക് പോർട്ട് മലയാളികൾക്കിടയിലെ സജീവ സാന്നിധ്യമായിരുന്ന ഷാജി എബ്രഹാം 2004 – ലാണ് യുകെയിൽ എത്തിയത്.
കേരളത്തിൽ കട്ടപ്പന എടത്തൊട്ടിയിൽ ആണ് ഷാജിയുടെ സ്വദേശം. മിനി മാത്യു ആണ് ഭാര്യ. ഡാന യോല്‍, റേച്ചല്‍ എന്നിവര്‍ മക്കളാണ്.
ഷാജി ഏബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.
ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.
ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.
കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രിസ്റ്റണിൽ താമസിക്കുന്ന റോയ് മാത്യു (61) നിര്യാതനായി. പുതുശ്ശേരി തുരുത്തിമാമേപ്രത്ത് കുടുബാംഗമാണ് പരേതൻ. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. ഭാര്യ ഓമന പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ഒഫ്താമോളജി വിഭാഗത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. റോയി മാത്യു ഓമന ദമ്പതികൾക്ക് 2 പെൺകുട്ടികൾ ആണുള്ളത്.
റോയ് മാത്യുവിന്റെ സംസ്കാര ശുശ്രൂഷകൾ യുകെയിൽ തന്നെ നടത്തുവാനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്. കേരളത്തിൽ മല്ലപ്പള്ളിക്ക് അടുത്ത് പുതുശ്ശേരിയാണ് റോയ് മാത്യുവിന്റെ സ്വദേശം. എം ജി ഡി ഹൈസ്കൂൾ പുതുശ്ശേരി, ബിഎഎം കോളേജ് തുരുത്തിക്കാട് എന്നിവിടങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം.
റോയ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാമിൽ മലയാളി നേഴ്സ് മരണമടഞ്ഞു. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിയായ അരുൺ ശങ്കരനാരായണൻ (39) ആണ് വിടവാങ്ങിയത്. ഏതാനും നാളുകൾക്കു മുമ്പ് അരുണിന് റെക്ടൽ ക്യാൻസർ കണ്ടെത്തിയിരുന്നു. എന്നാൽ രോഗം തിരിച്ചറിഞ്ഞപ്പോൾ മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു. കഴിഞ്ഞ ആറുമാസമായി ആരോഗ്യം മോശമായതിനെ തുടർന്ന് നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലെ പാലിയേറ്റീവ് വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
2021 ലാണ് അരുൺ കുടുംബസമേതം യുകെയിൽ എത്തിയത്. ഭാര്യ സീന ഇടുക്കി ഉപ്പുതറ സ്വദേശിയാണ്. ഏക മകൻ ആരവിന് ആറു വയസ്സാണ് പ്രായം. അരുണിന്റെ അസുഖം കാരണം കുറെ നാളുകളായി അരുണിനും ഭാര്യയ്ക്കും ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
അരുൺ ശങ്കരനാരായണൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ച് ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി സ്വിണ്ടനിൽ യുകെ മലയാളി മരണമടഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയായ അരുൺ വിൻസെൻ്റ് ആണ് തൻറെ 37-ാം മത്തെ വയസ്സിൽ ലുക്കീമിയ ബാധിച്ച് മരണമടഞ്ഞത്. ഏറെനാളായി ലുക്കീമിയയുടെ ചികിത്സയിലായിരുന്നു അരുൺ. ജീവിതത്തിലേയ്ക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് ആകസ്മികമായി അരുൺ വിട പറഞ്ഞത്.
ലിയോ അരുൺ ആണ് ഭാര്യ . ഇവർക്ക് രണ്ട് മക്കളാണുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അരുൺ സഹോദരിയുടെ വിവാഹത്തിനായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
അരുൺ വിൻസെൻ്റിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
അരുൺ വിൻസൻ്റിന്റെ കുടുംബത്തെ സഹായിക്കാനായി വിൽറ്റ്ഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട് . താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ സംഭാവനകൾ നൽകാൻ സാധിക്കും